ak.antony-ummen-chandi-death

ഏറ്റവും വലിയ നഷ്ടമാണ് ഉമ്മൻചാണ്ടിയുടെ മരണമെന്ന് ആന്റണി, നഷ്ടപ്പെട്ടത് സഹോദരനെയെന്ന് ചെന്നിത്തല; കീറൽ വീണ ഖദർ ഷർട്ടിന്റെ ആർഭാടരാഹിത്യം: സതീശൻ, അനുശോചനം അറിയിച്ച് നേതാക്കൾ

കേരളത്തിലെ ജനങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് മുൻമുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മരണമെന്ന് എകെ ആന്റണി. തന്റെ പൊതുജീവിതത്തിൽ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മൻചാണ്ടിയുടെ വിയോ​ഗം. തന്റെ കുടുംബ ജീവിതത്തിന് കാരണക്കാരനും ഉമ്മൻചാണ്ടിയാണെന്നും ആന്റണി പറഞ്ഞു.

ഉമ്മൻചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണ്. ഊണിലും ഉറക്കത്തിലും ജനങ്ങളെ സഹായിക്കൽ ആയിരുന്നു ലക്ഷ്യം. സഹായം തേടിവരുന്നവരെ നിരാശരാക്കിയില്ല. കേരളത്തിലെ വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്ത ഭരണാധികാരിയാണ്. ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദയംകൊണ്ട് സംസാരിച്ചിരുന്ന സുഹൃത്തായിരുന്നു ഉമ്മൻചാണ്ടി. എന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമാണ് ഉമ്മൻചാണ്ടിയുടെ മരണമെന്നും ആന്റണി കൂട്ടിച്ചേർത്തു. 

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുസ്മരിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു സഹോദരനെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. സാധാരണക്കാർക്ക് വേണ്ടി ജീവിച്ച നേതായിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല അനുസ്മരിച്ചു. 

ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസവും സാന്ത്വനവും പ്രതീക്ഷയുമായിരുന്നു ഉമ്മൻചാണ്ടിയെന്ന്  പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനുസ്മരിച്ചു. തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ആ പുതുപ്പള്ളിക്കാരന്‍ ജ്വലിച്ച് നിന്നു. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്.സാന്ത്വനവും പ്രതീക്ഷയുമായിരുന്നു… പോകാത്ത സ്ഥലവും കാണാത്ത ജനവുമുണ്ടാകില്ല… 
തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ആ പുതുപ്പള്ളിക്കാരന്‍ ജ്വലിച്ച് നിന്നു. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നു. 
ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. കേരളത്തിന്റെ ജനനായകന്‍ യാത്രയായി. എന്റെ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിന് വിട

Leave a Reply

Your email address will not be published.

youth-congress-kidnappiung-a lady Previous post വിവാഹപ്പിറ്റേന്ന് നവവധുവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; യൂത്ത് കോൺ​ഗ്രസ് നേതാക്കൾ ഒളിവിൽ, കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്
holly-day-ummen-chandi-puthuppally-veedu Next post മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി; പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല, എംജി പരീക്ഷ മാറ്റി