
മോഷ്ടിച്ച സ്കൂട്ടറിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തു; ഉടമയ്ക്ക് 3 ജില്ലകളിൽ നിന്ന് നിയമലംഘനത്തിന് പിഴ ലഭിച്ചു
മോഷ്ടിച്ചുകൊണ്ടുപോയ സ്കൂട്ടറിൽ യുവാക്കൾ ട്രാഫിക് നിയമലംഘനം നടത്തിയതിന് ഉടമയ്ക്ക് നോട്ടീസ്. ഹെൽമെറ്റില്ലാതെ പിൻസീറ്റിൽ യാത്ര ചെയ്തത് വിവിധ ജില്ലകളിലെ എ.ഐ.ക്യാമറകളിൽ പതിഞ്ഞതോടെയാണ് സ്കൂട്ടറിന്റെ ഉടമയ്ക്ക് പിഴയടയ്ക്കാൻ നോട്ടീസ് ലഭിച്ചത്. ഓഗസ്റ്റ് അഞ്ചിനായിരുന്നു സെക്യൂരിറ്റി ജീവനക്കാരനായ കോട്ടയം സ്വദേശി ജോസ് കുരുവിളയുടെ സ്കൂട്ടറും മൊബൈൽ ഫോണും വെങ്ങല്ലൂർ ഷാപ്പുംപടിയിലെ വാടക വീട്ടിൽ നിന്ന് മോഷണം പോയത്.ജോസ് ജോലിചെയ്യുന്ന സെക്യൂരിറ്റി ഏജൻസിയിലുള്ള പത്തനംതിട്ട പ്രമാടം ഗോകുലത്ത് ശരത്ത് എസ്. നായർ (35), പെരിങ്ങര കിഴക്കേതിൽ കെ.അജീഷ് (37) എന്നിവരാണ് സ്കൂട്ടർ മോഷ്ടിച്ചത്. ഓഗസ്റ്റ് ആറിന് പ്രതികളെ ഓച്ചിറയിൽ നിന്ന് തൊടുപുഴ പോലീസ് പിടികൂടി. സ്കൂട്ടറും കണ്ടെടുത്തു. ഇതിനു പിന്നാലെയാണ്, നിയമലംഘനത്തിന് പിഴയടയ്ക്കാനുള്ള നോട്ടീസുകൾ ജോസിന് ലഭിച്ചത്.സ്കൂട്ടർ മോഷണം പോയതാണെന്ന് അറിയിച്ചപ്പോൾ, പിഴ ഒഴിവാക്കാൻ അതത് മോട്ടോർവാഹന വകുപ്പ് ഓഫീസുകളിൽ കേസിന്റെ എഫ്.ഐ.ആർ.പകർപ്പ് നൽകാനാണ് നിർദേശം. സ്കൂട്ടറുമായി യുവാക്കൾ ജില്ല വിട്ടതോടെ ആലുവ, ആലപ്പുഴ എന്നിവിടങ്ങളിലെ ആർ.ടി.ഓഫീസുകളിൽ നിന്നെല്ലാം പിഴയടയ്ക്കണമെന്ന് അറിയിച്ച് ജോസിന് ഫോൺ വന്നിരുന്നു. ചങ്ങനാശ്ശേരി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിൽനിന്ന് കത്തും ലഭിച്ചിട്ടുണ്ട്.അതേസമയം അവധിയെടുത്ത് ഈ സ്ഥലങ്ങളിൽ എത്തി എഫ്ഐആർ പകർപ്പ് നൽകുന്നതിലും ലാഭകരം പിഴ അടയ്ക്കുന്നതാണെന്ന് ജോസ് പറഞ്ഞു. കോടതിനടപടികൾ പൂർത്തിയായാൽ മാത്രമേ വാഹനവും ഫോണും തിരിച്ചുകിട്ടൂ.