
ആദിത്യ എൽ1: ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങി, നാളെ രാവിലെ 11.50ന് വിക്ഷേപിക്കും
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങി. 23 മണിക്കൂർ 40 മിനിറ്റ് നീളുന്ന കൗണ്ട് ഡൗൺ ഇന്ന് ഉച്ചയ്ക്ക് 12.10നാണ് തുടങ്ങിയത്. ഉപഗ്രഹവുമായി രണ്ടാം വിക്ഷേപണത്തറയിലെത്തിച്ച പിഎസ്എൽവി – സി57 റോക്കറ്റ് നാളെ രാവിലെ 11.50നാണ് വിക്ഷേപിക്കുക. ഭൂമിയിൽനിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എൽ1)വിനു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലാണ് ആദിത്യ എൽ1 എത്തുക.
കൊറോണൽ മാസ് ഇജക്‌ഷൻ ആണ് പ്രധാനമായും ദൗത്യത്തിലൂടെ പഠിക്കുക. സൗരാന്തരീക്ഷത്തിന്റെ മുകൾഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവുമാണ് പഠനവിധേയമാക്കുക. ഇതിനായി 7 പേലോഡുകൾ ആദിത്യയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ മുഴുവനായും തദ്ദേശീയമായി നിർമിച്ചതാണ് ആദിത്യ എൽ1.