
മുൻ മന്ത്രി എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്
എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. കുന്നംകുളം എംഎൽഎയായ എസി മൊയ്തീൻ്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ പന്ത്രണ്ട് ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് വിവരം. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് രാവിലെ മുതൽ റെയ്ഡ് നടത്തുന്നത്. ഉദ്യോഗസ്ഥരെത്തുമ്പോൾ എസി മൊയ്തീൻ വീട്ടിലുണ്ടായിരുന്നു.
ഇഡി ഉദ്യോഗസ്ഥരടങ്ങുന്ന വലിയൊരു സംഘമാണ് പരിശോധന നടത്തുന്നത്. മൂന്ന് കാറുകളിലായാണ് ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീൻ്റെ ബന്ധുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു. സായുധ സംഘമായാണ് ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. കരിവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ 18 പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളത്. ഇഡി പരിശോധന മൂന്നുമണിക്കൂറായി നടന്നുകൊണ്ടിരിക്കുകയാണ്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരൻ സുരേഷ്, പ്രതികളായ ബിജു കരീം, ജിൽസ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് റെയ്ഡെന്നാണ് സൂചന. തട്ടിപ്പിനെക്കുറിച്ച് അന്നത്തെ പാർട്ടി ജില്ലാ നേതൃത്വത്തിന് സുരേഷ് പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെ എസി മൊയ്തീൻ ബിജു, ജിൽസ്, ബിജുവിന്റെ സഹോദരി ഭർത്താവ് എന്നിവരുടെ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനത്തിന് എത്തിയിരുന്നു. അന്ന് സി പി എം പ്രവർത്തകനായിരുന്നു പരാതിക്കാരൻ സുരേഷ്. എ.സി മൊയ്തീന്റെ പങ്കിനെക്കുറിച്ചുള്ള വിവിധ മൊഴികളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് റിപ്പോർട്ട്.