
അബുദാബിയിലെ ഹിന്ദുക്ഷേത്രം 2024 ഫെബ്രുവരി 14ന് തുറക്കും
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പരമ്പരാഗത ഹിന്ദു ക്ഷേത്രമായി മാറുകയാണ് അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ ക്ഷേത്രം. മുസ്ലിം രാജ്യമായ അബുദാബിയിൽ പണിയുന്ന ഈ ഹിന്ദു ക്ഷേത്രം ഇതിന്റെ നിർമാണം തുടങ്ങിയ നാൾ മുതൽ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. അബുദാബിയിലെ ഹിന്ദുക്ഷേത്രം 2024 ഫെബ്രുവരി 14ന് തുറക്കും. ക്ഷേത്രം നിര്‍മിക്കുന്ന ബോചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ സന്‍സ്തയെന്ന സംഘടനയുടെ അദ്ധ്യക്ഷന്‍ മഹന്ത് സ്വാമി മഹാരാജ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം ഉണ്ടാവുക.

ഫെസ്റ്റിവൽ ഓപ് ഹാർമണി എന്ന പേരിലാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ നടക്കുക. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദാബിയിൽ ഉയരുന്നത്. 2015ല്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഹിന്ദു ക്ഷേത്രം നിര്‍മ്മിക്കാന്‍ അബുദാബിയില്‍ 27 ഏക്കര്‍ സ്ഥലം അനുവദിച്ചത്. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദര്‍ശന വേളയിലായിരുന്നു ഈ പ്രഖ്യാപനം. പിന്നീട് 2018ല്‍ ക്ഷേത്രത്തിന്റെ കല്ലിടല്‍ ചടങ്ങ് നടത്തി. ബ്രഹ്മ വിഹാരിദാസ് സ്വാമിയുടെ മേല്‍നോട്ടത്തിലാണ് ബാപ്സ് ഹിന്ദുക്ഷേത്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. പിങ്ക് മണല്‍ക്കല്ലുകള്‍ കൊണ്ടാണ് ക്ഷേത്രം നിര്‍മിക്കുന്നത്.

പുരാതന ഇന്ത്യൻ വാസ്തുവിദ്യയായ ഹിന്ദു ‘ശിൽപ ശാസ്ത്രം’ അനുസരിച്ചാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉൾഭാഗത്ത് ഇറ്റാലിയൻ മാർബിൾ ഉപയോഗിക്കും. പുറംഭാഗം മോടികൂട്ടുന്നതിന് രാജസ്ഥാനിൽ നിന്നുള്ള പിങ്ക് മണൽക്കല്ലാണ് ഉപയോഗിക്കുന്നത്. 25,000-ലധികം കല്ലുകൾ ക്ഷേത്രനിർമ്മാണത്തിന് ഉപയോഗപ്പെടുത്തും. 55 ഡിഗ്രി വരെ താപനിലയെ പ്രതിരോധിക്കാൻ കഴിയുന്ന വിധത്തിലുള്ള ഈ കല്ലുകൾ കൂടുതൽ കാലം ഈടുനിൽക്കും. ക്ഷേത്രത്തിൻറെ അടിത്തറ നിർമ്മിക്കാനും പരമ്പരാഗത രീതികൾ തന്നെയാണ് പിന്തുടർന്നതെന്നാണ് റിപ്പോർട്ടുകൾ. സ്റ്റീല്‍, ഇരുമ്പ് തുടങ്ങിയവ ഉപയോഗിക്കാതെ തീര്‍ത്തും പരമ്പരാഗ രീതിയാണ് ഉപയോഗിച്ചത്. ഉരുക്കിനുപകരം, കോൺക്രീറ്റ് ബലപ്പെടുത്താനായി മറ്റു രീതികളാണ് ഉപയോഗിച്ചത്.
ആയിരത്തിലധികം വർഷം നിലനിൽക്കാൻ കരുത്തുള്ള രീതിയിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ഏഴ് എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന തരത്തിൽ ഏഴ് ഗോപുരങ്ങളും ക്ഷേത്രത്തിനുണ്ട്. 55,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ക്ഷേത്രസമുച്ചയം സ്ഥിതി ചെയ്യുന്നത്. വാസ്തുവിദ്യയും കൊത്തുപണികളും കൊണ്ട് നിറഞ്ഞതാണ് ഈ ശിലാക്ഷേത്രം. ലൈബ്രറി, ക്ലാസ് മുറി, പ്രാര്‍ത്ഥനാ ഹാള്‍, കമ്മ്യൂണിറ്റി സെന്റര്‍,,, കുട്ടികൾക്കുള്ള സ്പോർട്സ് ഏരിയ, തീമാറ്റിക് ഗാർഡനുകൾ, ഒരു ഫുഡ് കോർട്ട്, ഗിഫ്റ്റ് ഷോപ്പ് ,തുടങ്ങിയവയും ക്ഷേത്രകോമ്പൗണ്ടില്‍ ഒരുക്കിയിട്ടുണ്ട്.

ഏകദേശം 2,000 ആരാധകര്‍ക്ക് ഒരേ സമയത്ത് ക്ഷേത്രത്തിനകത്ത് പ്രാര്‍ത്ഥന നടത്താം. ഉത്സവ വേളകളില്‍ സൈറ്റിലുടനീളം പ്രതിദിനം 40,000 ആളുകളെ വരെ ഉൾകൊള്ളാൻ സാധിക്കുമെന്ന് ക്ഷേത്ര സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ കലയും മൂല്യങ്ങളും സംസ്കാരവും യുഎഇ ജനത അനുഭവിക്കാന്‍ പോകുന്നത് ഈ ക്ഷേത്രത്തിലൂടെയാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫെബ്രുവരി 15ന് നടക്കുന്ന ചടങ്ങുകളില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. ക്ഷണിക്കപ്പെട്ടവര്‍ക്കൊപ്പം മുന്‍കൂട്ടി ബുക്ക് ചെയ്ത് വേണം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍. ഫെബ്രുവരി 18 മുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി എല്ലാവര്ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അവസരമൊരുങ്ങും.

ചെറിയ തുകയ്ക്ക് നിര്‍മിക്കുന്ന ഒരു സാധാരണ ക്ഷേത്രം ആണ് അബുദാബിയിലെ ബാപ്സ് എന്ന് ആരും കരുതരുത്. 400 മില്യണ്‍ ദിര്‍ഹം ആണ് ക്ഷേത്രത്തിന്റെ ചെലവ്. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ 699 കോടി രൂപ! ഇതിനു സമാനമായി ദുബൈയിലും ഹിന്ദു ക്ഷേത്രം പണിതിരുന്നു. ദുബൈയിലെ തന്നെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എന്ന പേര് ഈ ക്ഷേത്രത്തിനു സ്വന്തമാണ്. ദുബായ് ജബൽ അലി പരിസരത്ത് ക്രിസ്ത്യൻ പള്ളികൾക്കും ഒരു സിഖ് ഗുരുദ്വാരയ്ക്കും സമീപമാണ് ആരാധനാലയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ, അറബിക് വാസ്തുവിദ്യകൾ സമന്വയിപ്പിച്ച്, വെളുത്ത ക്ഷേത്രം മാർബിൾ കൊത്തുപണികൾ, മുൻഭാഗത്ത് മെറ്റൽ ലാറ്റിസ് വർക്കുകൾ, ഉയരമുള്ള പിച്ചള ശിഖരങ്ങൾ എന്നിവയാൽ വേറിട്ടുനിൽക്കുന്നു. ഹിന്ദു വിശ്വാസത്തെക്കുറിച്ചും ഇന്ത്യൻ പൈതൃകത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും കൂടുതലറിയാൻ സന്ദർശിക്കാൻ എല്ലാ മതവിശ്വാസികളെയും ക്ഷേത്ര ട്രസ്റ്റികൾ സ്വാഗതം ചെയ്തിട്ടുണ്ട്.

900 ടണ്ണിലധികം സ്റ്റീൽ, 6,000 ക്യുബിക് മീറ്റർ കോൺക്രീറ്റ്, 1,500 ചതുരശ്ര മീറ്റർ മാർബിൾ എന്നിവയാണ് ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചത്. പ്രധാന പ്രാർത്ഥനാ ഹാൾ ഏകദേശം 5,000 ചതുരശ്ര അടിയാണ്. ഒരേ സമയം 1,500 പേരെ ഉൾക്കൊള്ളാൻ കഴിയും. താഴത്തെ നിലയിലെ ബാങ്ക്വറ്റ് ഹാളിൽ 750 ഓളം പേരെയും മൾട്ടി പർപ്പസ് ഹാളിൽ 200 ഓളം പേരെയും ഉൾക്കൊള്ളാൻ കഴിയും.