
ഗര്‍ഭിണിയെ കാട്ടാന ചവിട്ടി, സഹായമെത്തിച്ച് 108
തൃശൂര്‍ വാഴച്ചാല്‍ മുക്കുംപുഴ കോളനിയില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാട്ടാന ചവിട്ടി. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ഇവരെയും ഭര്‍ത്താവിനെയും 108 ആമ്പുലന്‍സിന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെയാണ് കാട്ടാനക്കൂട്ടം കോളനിയിലെത്തി ആക്രമണം നടത്തിയത്. വിവരം ലഭിച്ചയുടന്‍ ഇന്നലെത്തന്നെ മെഡിക്കല്‍ സംഘം ഇവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും കാട്ടാന കൂട്ടം ഉണ്ടായിരുന്നതിനാല്‍ സാധിച്ചില്ല. തുടര്‍ന്ന് ഇന്ന് വീണ്ടും മെഡിക്കല്‍ സംഘം കാട്ടിനുള്ളിലെ കോളനിയില്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരടി ഔട്ട് പോസ്റ്റില്‍ നിന്ന് 9 കിലോമീറ്റര്‍ ഉള്ളില്‍ വെച്ചാണ് ഇന്നലെ കാട്ടാന ആക്രമണം ഉണ്ടായത് എന്നാണ് വിവരം.

ഇന്നലെ വനം വകുപ്പ് ആരോഗ്യവകുപ്പ് സംഘങ്ങള്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ പഠിച്ച പണപതിനെട്ടും പയറ്റിയെങ്കിലും കാട്ടാന കൂട്ടം തമ്പടിച്ചിരുന്ന പ്രദേശം താണ്ടി കോളനിയുടെ അടുത്തെത്താന്‍ കഴിയാതെ സംഘം മടങ്ങുകയായിരുന്നു. ഇന്ന് രാവിലെ മുതല്‍ ഈ പ്രദേശത്ത് കനത്ത മഴ പെയ്യുകയായിരുന്നു. മഴ വകവെയ്ക്കാതെയാണ് വനംവകുപ്പധികൃതരും ആരോഗ്യ സംഘവും കോളനിയിലേക്ക് പോയത്. ഏറെ ബുദ്ധിമുട്ടിയാണ് ഇരുവരെയും സംഘം പുറത്ത് എത്തിച്ചത്.

ചങ്ങാടത്തിലാണ് പുഴ മുറിച്ചുകടന്ന് കാട് കയറിയത്. പുഴയ്ക്കിപ്പുറം 108 ആംബുലന്‍സ് ഇവരെ മാറ്റുന്നതിനായി സജ്ജമാക്കിയിരുന്നു. സ്ഥലത്ത് നല്ല മഴ പെയ്യുന്നുണ്ട്. 7 മാസം ഗര്‍ഭിണി ആയ അനീഷ, ഭര്‍ത്താവ് കൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും കാലിനാണ് പരിക്ക്. ഇരുവരെയും ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


