adipurush-cinema-contrversy

ആദിപുരുഷ് സിനമയെ ചൊല്ലി നേപ്പാളില്‍ വിവാദം

പ്രഭാസ് നായകനായി എത്തിയ ആദിപുരുഷ് സിനമയെ ചൊല്ലി നേപ്പാളില്‍ വിവാദം. ചിത്രത്തിലെ സീതയെക്കുറിച്ചുള്ള ഒരു പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പിന്നാലെ നേപ്പാളിലെ വിവിധ നഗരങ്ങളില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കാഠ്മണ്ഡു, പൊഖാറ മെട്രോപൊളിറ്റന്‍ സിറ്റി എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍ എല്ലാ ഇന്ത്യന്‍ ചിത്രങ്ങളുടെയും പ്രദര്‍ശനം നിര്‍ത്തിവെയ്ക്കാന്‍ പൊഖാറ മേയര്‍ ധനരാജ് ആചാര്യ തിയറ്ററുകള്‍ക്ക് നിര്‍ദേശം നല്‍കി. നേരത്തെ, നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ മേയര്‍ ബാലേന്ദ്ര ഷാ ഇന്ത്യന്‍ സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സീതയെ ഇന്ത്യയുടെ മകള്‍ എന്ന് വിളിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. സീത നേപ്പാളിലാണ് ജനിച്ചത് എന്ന് പറഞ്ഞുകൊണ്ട് വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. സിനിമയില്‍ തിരുത്തലുകള്‍ വരുത്താന്‍ മൂന്നു ദിവസത്തെ അന്ത്യശാസനം നല്‍കിയതായും കാഠ്മണ്ഡു മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. നേപ്പാളിന്റെ സ്വാതന്ത്ര്യം, ആത്മാഭിമാനം എന്നിവ നിലനിര്‍ത്തി ദേശീയ താല്‍പര്യം സംരക്ഷിക്കുക എന്നത് സര്‍ക്കാറിന്റെയും നേപ്പാളി പൗരന്റെയും പ്രഥമ കടമയാണെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ വിവാദം ശക്തമായതോടെ സിനിമയില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഡയലോഗിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടുളള ആദിപുരുഷ് ഉടന്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ അഭിപ്രായം കണിക്കിലെടുത്താണ് സംഭാഷണത്തില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചതെന്നുംആദിപുരുഷ് ടീം ജനങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ പ്രസ്ഥാവനയില്‍ പറയുന്നു. 1903-ന് മുമ്പ് നേപ്പാള്‍ ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും അതിനാലാണ് ജനകന്റെ മകളെ ഇന്ത്യയില്‍ ജനിച്ചതായി ചിത്രീകരിച്ചതെന്നും ചിത്രത്തിന്റെ എഴുത്തുകാരന്‍ മനോജ് മുന്‍തഷിര്‍ ശുക്ല പ്രതികരിച്ചു.

Leave a Reply

Your email address will not be published.

Previous post ചെടി നഴ്‌സറി ഗാര്‍ഡന്‍ ജീവനക്കാരി വിനീത കൊലക്കേസ്: പ്രതി തോവാള രാജേന്ദ്രന് പ്രൊഡക്ഷന്‍ വാറണ്ട്, കുറ്റം ചുമത്തലിന് പ്രതിയെ 26ന് ഹാജരാക്കണം
Next post ദീര്‍ഘകാല കരാര്‍ നിര്‍ത്തി: കെ.എസ്.ഇ.ബിക്ക് 3 കോടിയുടെ അധിക ബാധ്യത