
ഉമ്മൻചാണ്ടിയെ കാണാനെത്തി മമ്മൂട്ടിയും സുരേഷ് ഗോപിയും അടക്കമുള്ള പ്രമുഖർ; ജനത്തിരക്ക് കാരണം പൊതുദർശനം നീളും
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവസാനമായി ഒന്ന് കാണുവാനെത്തി സിനിമാരംഗത്തെ പ്രമുഖരും. നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി എംപി, ദിലീപ് എന്നിവരാണ് ഉമ്മൻചാണ്ടിയെ കാണാനായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് എത്തിയത്. വയലാർ രവി, എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇവിടേക്ക് എത്തിയിട്ടുണ്ട്.മൂന്നോ നാലോ മണിക്കൂർ നേരത്തേക്ക് തീരുമാനിച്ചിരുന്ന തിരുനക്കരയിലെ പൊതുദർശനം, ജനത്തിരക്ക് കാരണം നീളുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ആളുകളാണ് കോട്ടയത്തേക്ക് എത്തിച്ചേർന്നിരിക്കുന്നത്. നിലവിൽ കോട്ടയം ഡിസിസി ഓഫീസിനടുത്തേക്ക് വിലാപയാത്ര എത്തിച്ചേർന്നിട്ടുണ്ട്. ഇവിടെ വെച്ച് ആദരമർപ്പിച്ചു കഴിഞ്ഞാലാണ് തിരുനക്കരയിലേക്ക് കൊണ്ടുപോകുക. ഇതിനിടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. കൊച്ചിയിൽ അൽപനേരം വിശ്രമിച്ചശേഷം 12 മണിയോടെ കോട്ടയത്തേക്ക് തിരിക്കും. കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ അദ്ദേഹത്തെ അനുഗമിക്കും. വൈകീട്ട് മൂന്നു മണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ വെച്ചാണ് ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങ് നടക്കുക.ശുശ്രൂഷകളിൽ സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. പൊതുദർശനം നീണ്ടുപോകുന്നതിനാൽ സംസ്കാര ചടങ്ങുകളും വൈകിയേക്കും.