
തീവണ്ടി വൈകി, ഭക്ഷണം ലഭിച്ചില്ല; യാത്രയ്ക്കിടെ ജഡ്ജിക്ക് അസൗകര്യം; വിശദീകരണം തേടി അലഹബാദ് ഹൈക്കോടതി
തീവണ്ടി യാത്രയ്ക്കിടെ ജഡ്ജിക്ക് അനുഭവപ്പെട്ട അസൗകര്യത്തിൽ നോർത്ത് സെൻട്രൽ റെയിൽവേയോട് വിശദീകരണം തേടി അലഹാബാദ് ഹൈക്കോടതി. ഡൽഹിയിൽനിന്ന് പ്രയാഗ്രാജിലേക്ക് പുറപ്പെട്ട ജസ്റ്റിസ് ഗൗതം ചൗധരിക്കാണ് ട്രെയിനിൽവെച്ച് അധികൃതരുടെ ഭാഗത്തുനിന്ന് അലംഭാവപൂർണമായ സമീപനം നേരിടേണ്ടിവന്നത്. പുരുഷോത്തം എക്സ്പ്രസിലെ എ.സി.-1 കോച്ചിൽവെച്ച് ജൂലായ് എട്ടിനാണ് സംഭവം.
തീവണ്ടി മൂന്നുമണിക്കൂർ വൈകിയാണ് ഓടിക്കൊണ്ടിരുന്നത്. ഇക്കാര്യം ചോദിക്കാനായി റെയിൽവേ പോലീസിനെ വിളിക്കാൻ ടി.ടി.ഇ. (ടിക്കറ്റ് പരിശോധകൻ) ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു ജി.ആർ.പി. ഉദ്യോഗസ്ഥൻപോലും തീവണ്ടി കോച്ചിലെത്തിയില്ല. മണിക്കൂറുകൾ വൈകിയതു കാരണം വിശപ്പടക്കാനായി പാൻട്രി കാർ ജോലിക്കാരെ നിരന്തരമായി ബന്ധപ്പെട്ടെങ്കിലും അവരും പ്രതികരിച്ചില്ല. പാൻട്രി കാർ മാനേജർ രാജ് ത്രിപതി വിളിച്ചിട്ട് ഫോണെടുത്തതുമില്ല. ഇവയെല്ലാം ജഡ്ജിയെ ക്ഷുഭിതനാക്കി. ഇക്കാര്യത്തിൽ റെയിൽവേ അധികൃതർ, ജി.ആർ.പി. ഉദ്യോഗസ്ഥർ, പാൻട്രി കാർ മാനേജർ എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.