
കർഷകർക്കെതിരെ സ്വപ്നത്തിൽപ്പോലും സംസാരിക്കാൻ കഴിയില്ല; മാപ്പുപറഞ്ഞ് സുനിൽ ഷെട്ടി
തക്കാളി വില വർധനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ മാപ്പുപറഞ്ഞ് നടൻ സുനിൽ ഷെട്ടി. അനിയന്ത്രിതമായി വില ഉയരുന്നതിനാൽ തക്കാളി കുറച്ചേ കഴിക്കാറുള്ളൂ എന്ന വാക്കുകൾ വിവാദമായതോടെയാണ് കൂടുതൽ വിശദീകരണവുമായി താരം രംഗത്തെത്തിയത്. വില കൂടുന്നതുകാരണം എങ്ങനെയാണ് തക്കാളി വാങ്ങുന്നതിൽ വിട്ടുവീഴ്ച ചെയ്യുന്നതെന്ന് വ്യക്തമാക്കുകയായിരുന്നു റെസ്റ്റോറന്റ് വ്യവസായികൂടിയായ നടൻ.
തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നാണ് സുനിൽ ഷെട്ടി വ്യക്തമാക്കിയിരിക്കുന്നത്. കർഷകരെ പിന്തുണയ്ക്കുന്നയാളാണ് താനെന്നും അവരേക്കുറിച്ച് മോശമായി എന്തെങ്കിലും ചിന്തിക്കുകപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പിന്തുണയോടെ താൻ എപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. നമ്മുടെ കർഷകർക്ക് എപ്പോഴും ഇതിന്റെ പ്രയോജനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. കർഷകർ തന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും സുനിൽ ഷെട്ടി ചൂണ്ടിക്കാട്ടി.
”ഒരു ഹോട്ടലുടമ എന്ന നിലയിൽ, അവരുമായുള്ള എന്റെ ബന്ധം എപ്പോഴും നേരിട്ടുള്ളതാണ്. ഞാൻ പോലും പറഞ്ഞിട്ടില്ലാത്ത എന്റെ ഏതെങ്കിലും പ്രസ്താവന അവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. സ്വപ്നത്തിൽ പോലും അവർക്കെതിരെ സംസാരിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയില്ല. ദയവായി എന്റെ പ്രസ്താവന തെറ്റായി ഉദ്ധരിക്കരുത്. ഈ വിഷയത്തിൽ എനിക്ക് കൂടുതലൊന്നും പറയാൻ കഴിയില്ല.’ താരം പറഞ്ഞു.
ആജ് തക്കിന് നൽകിയ അഭിമുഖത്തിലാണ് സുനിൽ ഷെട്ടി വിലക്കയറ്റത്തേക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞത്. സൂപ്പർസ്റ്റാറായതുകൊണ്ട് വിലക്കയറ്റമൊന്നും തന്നെ ബാധിക്കില്ലെന്നാണ് പുറമേ നിന്നുള്ളവർ വിചാരിക്കുന്നതെന്ന് സുനിൽ ഷെട്ടി പറഞ്ഞു. എന്നാൽ അങ്ങനെയല്ല കാര്യങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടോ മൂന്നോ ദിവസത്തേക്കുള്ള പച്ചക്കറികളാണ് ഭാര്യ മന വാങ്ങാറുള്ളത്. ഫ്രഷ് പച്ചക്കറികൾ കഴിക്കുന്നതിലാണ് താത്പര്യം. തക്കാളിയുടെ വിലക്കയറ്റം തന്റെ അടുക്കളയേയും ബാധിച്ചിട്ടുണ്ട്. അടുത്തകാലത്തായി വളരെ കുറച്ച് തക്കാളി മാത്രമേ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുള്ളൂ.
ആപ്പുകളിൽ വസ്തുക്കളുടെ വിലനിലവാരം കണ്ടാൽ ഞെട്ടിപ്പോകും. കടകളിൽ കിട്ടുന്നതിനേക്കാൾ എത്രയോ കുറവാണത്. താൻ ആപ്പുകളുപയോഗിച്ചാണ് അടുക്കളയിലേക്കുള്ള സാധനങ്ങൾ വാങ്ങാറ്. വില കുറവാണെന്നതുകൊണ്ടല്ല, ഫ്രഷാണ് എന്നതിനാലാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.