
യമുനയിലെ ജലനിരപ്പ് ഉയരുന്നു; 45 വർഷത്തിനിടെ ആദ്യമായി താജ്മഹലിൻ്റെ ഭിത്തി വരെ വെള്ളമെത്തി
കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായി യമുന നദിയിലെ ജലനിരപ്പ് ഉയർന്ന് താജ്മഹലിൻ്റെ ഭിത്തിയിൽ തൊട്ടു. 1978ലെ പ്രളയത്തിലാണ് ഇതിനു മുൻപ് യമുന നദിക്കരയിലുള്ള താജ്മഹലിൻ്റെ ഭിത്തി വരെ വെള്ളമെത്തുന്നത്. ഉത്തരേന്ത്യയിലെ കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പ് ഇപ്പോഴും അപകടകരമായി ഉയരുകയാണ്.
അതേസമയം, ജലം ഇതുവരെ താജ്മഹലിൻ്റെ അടിത്തറയിലെത്തിയിട്ടില്ല എന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. ഷാജഹാൻ്റെ ശവകുടീരവും മുംതാസ് മഹലും ഇവിടെയാണുള്ളത്. എന്നാൽ, മുംതാസ് മഹലിൻ്റെ പിതാമഹൻ ഇതിമാദു ദൗലയുടെ ശവകുടീരത്തിനടുത്ത് വെള്ളം എത്തിയിട്ടുണ്ട്. യമുന നദിയിൽ ജലനിരപ്പുയർന്നാലും പ്രധാന കെട്ടിടം മുങ്ങാത്ത രീതിയിലാണ് താജ്മഹൽ നിർമ്മിച്ചിരിക്കുന്നത്.
നിലവിൽ യമുനയിലെ ജലം 150 മീറ്റർ ഉയരത്തിലാണ് എത്തിയിരിക്കുന്നത്. 1978ലെ പ്രളയത്തിൽ ജലം 154.8 മീറ്ററാണ് ഉയർന്നത്. ആ വർഷം അടിത്തറയിലെ 22 മുറികളിൽ വെള്ളം കയറിയിരുന്നു.