
ഇന്ത്യയിലെത്തിയ പാക് യുവതിക്ക് മുന്നറിയിപ്പുമായി ഗോരക്ഷാ ഹിന്ദു ദൾ; 72 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് അന്ത്യശാസനം
പബ്ജി കളിക്കിടെ പ്രണയത്തിലായ യുവാവിനെ കാണാനായി ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറിനെതിരെ ഭീഷണി ഉയർത്തി ഗോരക്ഷാ ഹിന്ദു ദൾ. പാക് യുവതിയെ നാടുകടത്തിയില്ലെങ്കിൽ വൻ പ്രക്ഷോഭം നടത്തുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. 72 മണിക്കൂറിനുള്ളില്‍ സീമ രാജ്യം വിടണമെന്നാണ് അന്ത്യശാസനം. സീമ ഹൈദർ പാക് ചാരയാണെന്നും രാജ്യത്തിന് ഭീഷണിയാകുമെന്നും സംഘടനയുടെ ദേശീയ പ്രസിഡന്‍റ് വേദ് നഗർ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.
സീമ ജന്‍മനാട്ടിലേക്ക് മടങ്ങിപ്പോയില്ലെങ്കില്‍ മുംബൈ മോഡല്‍ ആക്രമണമുണ്ടാകുമെന്ന് ഈയിടെ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സീമ ഹൈദർ തിരിച്ചെത്തിയില്ലെങ്കിൽ, ഇന്ത്യ വലിയ നാശത്തെ അഭിമുഖീകരിക്കുമെന്നായിരുന്നു മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്ക് ഉറുദു ഭാഷയിൽ സംസാരിക്കുന്ന അജ്ഞാതന്‍റെ ഭീഷണി ഫോൺ സന്ദേശം. സംഭവത്തിൽ മുംബൈ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം പുരോഗമിക്കുകയാണ്.
സീമയും കാമുകന്‍ സച്ചിനും താമസിക്കുന്ന റബുപുരയിലെ വീടിന് ചുറ്റും മാധ്യമങ്ങളും സോഷ്യൽ മീഡിയക്കാരും തിങ്ങിനിറഞ്ഞതോടെ യുപി പൊലീസ് വലിയ ജാഗ്രതയിലാണ്. സച്ചിനൊപ്പം ജീവിക്കാൻ ഹിന്ദുമതത്തിലേക്ക് മാറുന്നതിനെക്കുറിച്ച് സംസാരിച്ചതിന് ശേഷം സീമയ്‌ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആള്‍ക്കൂട്ടത്തിന്‍റെ ഭാഗമായി നിന്നുകൊാണ്ടോ മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലോ എത്തി സീമക്കെതിരെ മാരകമായ മാരകമായ ആക്രമണം നടത്തിയേക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയത്.