kozhikkod-konikkoood-sadacharam-police-crime

ഇത്രമാത്രം നേരം വെളുക്കാത്തവർ ഇപ്പോഴും നാട്ടിൽ ഉണ്ടോ?; സൂക്ഷിക്കേണ്ടത് നിങ്ങൾ ആണ്, സൂക്ഷിച്ചാൽ നന്ന്!; മുരളി തുമ്മാരുകുടി

എടവണ്ണ ബസ് സ്റ്റാൻഡ് പരിസരത്ത് ‘വിദ്യാർത്ഥികൾക്കൊരു മുന്നറിയിപ്പ്’ എന്ന് പറഞ്ഞ് കൊണ്ട് ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടതും തുടർന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് മുരളി തുമ്മാരുകുടി.

‘ഈ ഫ്ലെക്സ് അടിച്ചവരും പിന്തുണച്ചവരും വീട്ടിലെ കണ്ണാടിയിൽ നോക്കിയാൽ മതി. അതിൽ ഒരു സദാചാര പോലീസ് ഉണ്ടാകും. അതവിടെ ഇരിക്കട്ടെ. പകലും രാത്രിയും എവിടെയും നടക്കുകയും കെട്ടിപ്പിടിക്കുകയും മദ്യം വാങ്ങുകയും കുടിക്കുകയും ചെയ്യാൻ സൗകര്യമുണ്ടായിട്ടും നിങ്ങളെപ്പോലുള്ളവരുടെ ‘മേൽനോട്ടം’ ഇല്ലാതിരുന്നിട്ടും നമ്മുടെ കുട്ടികൾ പഠിക്കുകയും അതിനിടക്ക് സ്വന്തമായി പണിയെടുത്തു കാശുണ്ടാക്കി സഞ്ചരിക്കുകയും ആണ്. അവർ അവരുടെ ഭാവി സുരക്ഷിതമാക്കുകയാണ്. അവരെ ഉത്തരവാദിത്തം പഠിപ്പിക്കാനുള്ള പഠിപ്പൊന്നും നിങ്ങൾക്കില്ല സഹോ.
ഒരു കാര്യം കൂടി ഓർക്കണം. നിങ്ങളെപ്പോലുള്ളവരെ സഹിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് കൂടിയാണ് നമ്മുടെ പുതിയ തലമുറ നാട് കടക്കുന്നത്. എന്നാൽ ഒപ്പം ഈ നാട് കടന്നു പോകുന്നത് നിങ്ങളുടെ ഭാവി കൂടിയാണ്. നിങ്ങളുടെ ബിസിനസ്സ്, നിങ്ങളുടെ പെൻഷൻ, നിങ്ങളുടെ സാമൂഹ്യ സുരക്ഷ ഇതൊക്കെ അവരോട് കൂടി നാട് വിടുകയാണ്.’ അദ്ദേഹം എഴുതുന്നു.

കുറിപ്പ് പൂർണരൂപം


തള്ളിപ്പുറത്താക്കുന്ന ഭാവി

കഴിഞ്ഞ മൂന്നു ദിവസം ബെർലിനിൽ ആയിരുന്നു. നിർമ്മിത ബുദ്ധി ഉൾപ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ എങ്ങനെയാണ് ഭാവിയെ സ്വാധീനിക്കുക എന്ന വിഷയത്തിൽ ഉള്ള സമ്മേളനമാണ്.
ഹോട്ടലിൽ എത്തിയപ്പോൾ തന്നെ ആധുനിക സാങ്കേതിക വിദ്യയുടെ വരവ് മനസ്സിലായി. ചെക്ക് ഇൻ ചെയ്യാൻ മനുഷ്യർ ഇല്ല, നഗരത്തിലെ മാപ്പും മറ്റു കാര്യങ്ങളും മനസ്സിലാക്കിത്തരാൻ ഹെല്പ് ഡെസ്‌ക്കും ഇല്ല. റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച പത്രങ്ങൾ അകത്തെത്തിക്കുന്നത് റോബോട്ടാണ്. ഇതൊക്കെ സാങ്കേതിക വിദ്യ തന്നെ ആണ് ചെയ്യുന്നത്. കാര്യങ്ങൾ പെട്ടെന്ന് നടക്കുന്നു. ലോകം മാറുകയാണ്.

സെമിനാറിൽ ചർച്ച ചെയ്ത കാര്യങ്ങൾ ലോകം എത്ര വേഗത്തിലാണ് മാറുന്നതെന്നും മനസ്സിലാക്കി തന്നു. നാലു വർഷം എടുത്ത് ഒരു വിദ്യാർത്ഥി പി.എച്ച്.ഡി. എടുത്താൽ ആ കാലത്തിനുള്ളിൽ അവർ പഠിച്ച സാങ്കേതിക വിദ്യകൾ അപ്രസക്തമായി പോകുമോ എന്നും  അതുകൊണ്ട് ഗവേഷണത്തിന്റെ അടിസ്ഥാനങ്ങൾ പഠിപ്പിച്ചതിന് ശേഷം വിദ്യാർത്ഥികളെ റിയൽ ലൈഫ് വിഷയങ്ങളിൽ ജോലി ചെയ്യാൻ പ്രേരിപ്പിക്കുകയും അതിൽ നിന്നും ലഭിക്കുന്ന ഗവേഷണ ഫലങ്ങൾ കൂട്ടിച്ചേർത്ത് ഡിഗ്രി കൊടുക്കുകയും അല്ലേ ഇനി ചെയ്യേണ്ടത് എന്നുമുള്ള ചർച്ചകൾ ഉണ്ടായി.

നഗരത്തിൽ എവിടെയും ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ ആണ്. ജർമ്മനിയിൽ ഇപ്പോൾ ധാരാളം കുട്ടികൾ വിദേശത്ത് നിന്നും പഠിക്കുന്നുണ്ട്, അവരിൽ കോവിഡിന് ശേഷം ഇന്ത്യയിൽ നിന്നുള്ളവരാണ് കൂടുതൽ. വാരാന്ത്യങ്ങളിൽ അവർ കൂട്ട് കൂടി സഞ്ചരിക്കുന്നത് എവിടേയും കാണാം.
ടൂറിസം മാത്രമല്ല, ടൂറിസ്റ്റുകളെ സഹായിക്കുന്ന തൊഴിൽ ചെയ്യുന്ന മലയാളികളെയും കണ്ടു. ഇവിടുത്തെ ടൂർ ബസിൽ ആളെ വിളിച്ചു കയറ്റുന്ന ജോലി. കമ്മീഷൻ വ്യവസ്ഥയിൽ ഒരാളെ കയറ്റിയാൽ ഏകദേശം അഞ്ച് യൂറോ കിട്ടും, ഡെയ്ലി പത്താളെ കയറ്റിയാൽ അന്പത് യൂറോ ആയി. മക്‌ഡൊണാൾഡ്‌സിൽ, സൂപ്പർ മാർക്കറ്റിൽ, ഹോട്ടലിലെ സപ്ലൈ സൈഡിലും ബാക്ക് എൻഡിലും മലയാളി വിദ്യാർത്ഥികളെ കണ്ടു. ഏറെ സന്തോഷമായി. പഠിക്കുന്നു, പണിയെടുക്കുന്നു, കൂട്ട് കൂടുന്നു, ആഹ്ലാദിക്കുന്നു.
ഇതൊക്കെ കണ്ടു സന്തോഷിച്ചിരിക്കുന്‌പോൾ ആണ് നാട്ടിൽ നിന്നുള്ള ഒരു ഫ്‌ളക്‌സ് ബോർഡ് ശ്രീ അയച്ചു തരുന്നത് ‘വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്’ എന്ന പേരിൽ.

ആദ്യം ഇത് ആരോ ഫേക്ക് ന്യൂസ് ഉണ്ടാക്കിയതാണെന്നാണ് ഓർത്തത്. ഇത്രമാത്രം നേരം വെളുക്കാത്തവർ ഇപ്പോഴും നാട്ടിൽ ഉണ്ടോ?. അത് കൊണ്ട് ഒന്നും എഴുതിയില്ല.

ഇന്നിപ്പോൾ അറിയുന്നു അല്ല, അത് ഫേക്ക് ന്യൂസ് അല്ല. സത്യത്തിൽ വിദ്യാർഥികൾ ഏതു സമയത്ത് എന്തൊക്കെ ചെയ്യണം എന്നെല്ലാം തീരുമാനിക്കുന്ന ‘സദാചാര ഗുണ്ടകൾ’ അല്ലാത്ത ചിലരാണത്രേ. ശരിക്കും സദാചാര പൊലീസുകാരെ കണ്ടിട്ടില്ലാത്ത പാവങ്ങൾ ആണെന്ന് തോന്നുന്നു. അവരുടെ കുറ്റമല്ല, സാധാരണ പോലീസുകാരെപ്പോലെ സദാചാര പോലീസുകാർ യൂണിഫോം ഇട്ടല്ലല്ലോ നടക്കുന്നത്.
ഒരു കാര്യം ചെയ്താൽ മതി. ഈ ഫ്‌ലെക്‌സ് അടിച്ചവരും പിന്തുണച്ചവരും വീട്ടിലെ കണ്ണാടിയിൽ നോക്കിയാൽ മതി. അതിൽ ഒരു സദാചാര പോലീസ് ഉണ്ടാകും. അതവിടെ ഇരിക്കട്ടെ.

പകലും രാത്രിയും എവിടെയും നടക്കുകയും കെട്ടിപ്പിടിക്കുകയും മദ്യം വാങ്ങുകയും കുടിക്കുകയും ചെയ്യാൻ സൗകര്യമുണ്ടായിട്ടും നിങ്ങളെപ്പോലുള്ളവരുടെ ‘മേൽനോട്ടം’ ഇല്ലാതിരുന്നിട്ടും നമ്മുടെ കുട്ടികൾ പഠിക്കുകയും അതിനിടക്ക് സ്വന്തമായി പണിയെടുത്തു കാശുണ്ടാക്കി സഞ്ചരിക്കുകയും ആണ്. അവർ അവരുടെ ഭാവി സുരക്ഷിതമാക്കുകയാണ്.
അവരെ ഉത്തരവാദിത്തം പഠിപ്പിക്കാനുള്ള പഠിപ്പൊന്നും നിങ്ങൾക്കില്ല സഹോ.
ഒരു കാര്യം കൂടി ഓർക്കണം. നിങ്ങളെപ്പോലുള്ളവരെ സഹിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് കൂടിയാണ് നമ്മുടെ പുതിയ തലമുറ നാട് കടക്കുന്നത്. എന്നാൽ ഒപ്പം ഈ നാട് കടന്നു പോകുന്നത് നിങ്ങളുടെ ഭാവി കൂടിയാണ്. നിങ്ങളുടെ ബിസിനസ്സ്, നിങ്ങളുടെ പെൻഷൻ, നിങ്ങളുടെ സാമൂഹ്യ സുരക്ഷ ഇതൊക്കെ അവരോട് കൂടി നാട് വിടുകയാണ്.

സൂക്ഷിക്കേണ്ടത് നിങ്ങൾ ആണ്. സൂക്ഷിച്ചാൽ നന്ന്!

മുരളി തുമ്മാരുകുടി

Leave a Reply

Your email address will not be published.

sea-car-drawn-kollam-paravoor Previous post ബീച്ചിലെത്തിയ സംഘം കടലിലേക്ക് കാർ ഓടിച്ചിറക്കി; കാർ കടലിൽ മുങ്ങിത്താണു
pubji-sports-pakisthan-lady-indian-men-contrivercy Next post ഇന്ത്യയിലെത്തിയ പാക് യുവതിക്ക് മുന്നറിയിപ്പുമായി ഗോരക്ഷാ ഹിന്ദു ദൾ; 72 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് അന്ത്യശാസനം