
കേരളത്തിലെ സിപിഎം ഒരു പ്രത്യേക ജീവി; അതുവച്ച് ഇന്ത്യയിലെ അവസ്ഥ അളക്കരുതെന്ന് കെ. മുരളീധരൻ എംപി
കേരളത്തിലെ സിപിഎം ഒരു പ്രത്യേക ജീവിയാണെന്നും, അതുവച്ച് അഖിലേന്ത്യാ തലത്തിലുള്ള സിപിഎം – കോൺഗ്രസ് സഖ്യത്തെ അളക്കാനാകില്ലെന്നും കെ.മുരളീധരൻ എംപി. ദേശീയ തലത്തിൽ ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം പരസ്യമാണ്. അതിൽ രഹസ്യമില്ല. മോദി പറയുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിലും, അക്രമ രാഷ്ട്രീയത്തിലുമാണ് കേരളത്തിലെ സിപിഎമ്മുമായി കോൺഗ്രസിന് യോജിക്കാൻ കഴിയാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.‘ബംഗാളിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും, ത്രിപുരയിലും സിപിഎം – കോൺഗ്രസ് സഖ്യമുണ്ടായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിലും അവിടയൊക്കെ സഖ്യമുണ്ടാക്കും എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. എന്നാൽ കേരളത്തിലെ സിപിഎമ്മിനെ നോക്കണ്ട. അതുവച്ച് ഇന്ത്യയിലെ അവസ്ഥ അളക്കുകയും വേണ്ട. ഇതൊരു പ്രത്യേക ജീവിയാണ്. അതിന് അഖിലേന്ത്യാ തലത്തിലെ രൂപവുമായി ബന്ധമൊന്നുമില്ല’– മുരളീധരൻ വ്യക്തമാക്കി.”മോദി പറയുന്നത് സിപിഎം ഇവിടെ നടപ്പാക്കുകയാണ് . അതുകൊണ്ടാണ് കേരളത്തിലെ സിപിഎമ്മുമായി ഞങ്ങൾക്ക് യോജിക്കാൻ കഴിയാത്തത്. മാത്രമല്ല, അവരുടെ അക്രമ രാഷ്ട്രീയവുമായും യോജിക്കാനാവില്ല. എന്നുകരുതി അഖിലേന്ത്യാ തലത്തിൽ സിപിഎം ഞങ്ങളുടെ ശത്രുവല്ല. അത് ഞങ്ങൾ പരസ്യമായി പറഞ്ഞിട്ടുള്ള കാര്യമാണ്.”‘ഏക വ്യക്തിനിയമത്തിന്റെ രൂപമായിക്കഴിഞ്ഞാൽ അതിനെതിരെ സമരമുണ്ടാകും. അതിൽ അഖിലേന്ത്യാ തലത്തിൽ സിപിഎമ്മിനെ ഒപ്പം നിർത്തുന്നതിൽ കോൺഗ്രസിന് യാതൊരു പ്രശ്നവുമില്ല. പക്ഷേ കേരളത്തിൽ അത് ശരിയാകില്ലെന്നു മാത്രം. ഇത് വേണ്ട എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. പക്ഷേ തെരുവിലേക്ക് സമരത്തിനായി പോകണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കരടുരൂപം വന്നതിനു ശേഷമാണ്. മാത്രമല്ല, ഇത് വെറും വാചകക്കസർത്താണോ പാസാക്കാനുള്ളതാണോ എന്നും പറയാനാകില്ല. കാരണം ഇത് പാസാക്കാൻ സാധ്യമല്ല.’ – മുരളീധരൻ വിശദമാക്കി.