
ജാമ്യ കാലയളവിൽ മഅ്ദനിക്ക് കേരളത്തിൽ തുടരാൻ അനുമതി നൽകി സുപ്രീംകോടതി; കൊല്ലം വിട്ട് പോകരുതെന്ന് നിബന്ധന
പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിക്ക് സ്ഥിരമായി കേരളത്തിൽ തുടരാൻ അനുമതി നൽകി സുപ്രിംകോടതി. കൊല്ലം ജില്ല വിട്ടുപോകരുത് എന്ന നിബന്ധനയോടെയാണ് ജാമ്യകാലയളവിൽ കേരളത്തിൽ തുടരാനുള്ള അനുമതി കോടതി നൽകിയത്. 15 ദിവസം കൂടുമ്പോൾ പൊലീസ് സ്റ്റേഷനിൽ ഹാജരാകരണമെന്ന നിർദേശവുമുണ്ട്.രക്തത്തിൽ ക്രിയാറ്റിന്റെ അളവ് വളരെയധികം കൂടിയതിനാൽ കിഡ്നി മാറ്റിവെക്കൽ ഉൾപ്പെടെയുള്ള ചികിത്സ ആവശ്യമാണെന്നും, നിലവിൽ കൊച്ചിയിലെ ആശുപത്രിയിലാണ് ചികിത്സയെന്നും മഅ്ദനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ചികിത്സയുടെ ആവശ്യങ്ങൾക്കായി കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ പുറത്തുപോകാനും കോടതി അനുമതി നൽകിയിട്ടുണ്ട്.കേസിന്റെ വിചാരണ നടക്കുന്നത് കൊണ്ടായിരുന്നു നേരത്തെ ബംഗളൂരു വിട്ടുപോകരുതെന്ന് കോടതി നിർദേശിച്ചത്. നിലവിൽ വിചാരണ ഏകദേശം പൂർത്തിയായതോടെ മഅദ്നക്ക് കേരളത്തിലേക്ക് പോകാൻ കോടതി അനുമതി നൽകുകയായിരുന്നു.