
സ്വപ്നക്കെതിരായ പരാതി; കെ.ടി. ജലീലിന്റെ മൊഴി രേഖപ്പെടുത്തി
സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന കെടി ജലീലിന്റെ പരാതിയില്‍ മൊഴി രേഖപ്പെടുത്തി. ജലീലിന്റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പിന്നിലെ ബുദ്ധികേന്ദ്രം ആരെന്ന് അന്വേഷിക്കണമെന്നാണ് ജലീലിന്റെ ആവശ്യം. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഇലക്ട്രോണിക് തെളിവുകൾ പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും കെ ടി ജലീൽ ആവശ്യപ്പെടുന്നു. അതേസമയം കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടനുണ്ടാകുമെന്നാണ് സ്വപ്ന സുരേഷ് പറയുന്നത്. പൊലീസ് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. എല്ലാം ഉടൻ തുറന്ന് പറയുമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസിന്റെ പേരിൽ മാനസിക പീഡനം നടക്കുന്നു എന്ന് സ്വപ്നയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. എന്നാല്‍ പ്രഥമ വിവര റിപ്പോർട്ട് കിട്ടിയില്ല എന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി.