meditaranian-sea-rescue-palaayanam

മെഡിറ്ററേനിയൻ കടൽ വഴി യൂറോപ്പിലേക്ക് പലായനം: ഈ വർഷം മാത്രം 289 കുട്ടികൾ മരിച്ചുവെന്ന് യുഎൻ

യൂറോപ്പിലേക്ക് കുടിയേറാനായി മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഈ വര്‍ഷം മാത്രം 289 കുട്ടികള്‍ മരിച്ചുവെന്ന് ഐക്യരാഷ്ട്ര സഭ. 2022ലെ ആദ്യ ആറ് മാസത്തെ മരണസംഖ്യയുടെ ഇരട്ടിയാണിത്. ഈ വര്‍ഷം ഇതുവരെ ഏകദേശം 11,600 കുട്ടികളാണ് കടല്‍ കടക്കാനായി ശ്രമിച്ചിരുന്നത്.മധ്യ മെഡിറ്ററേനിയനിലെ പല കപ്പലപകടങ്ങളിലും ഒരാൾ പോലും രക്ഷപ്പെടാറില്ല. ഇതിൽ ചില അപകടങ്ങൾ രേഖപ്പെടുത്തപ്പെടുത്താറുമില്ല. അതുകൊണ്ട് യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലാകാൻ സാധ്യതയുണ്ടെന്ന് യുണിസെഫിന്റെ മൈഗ്രേഷൻ ആൻഡ് ഡിസ്പ്ലസ്മെന്റ് വിഭാഗം ആഗോള മേധാവി വെറീന ക്നാസ് വ്യക്തമാക്കി.ഈ വർഷത്തെ ആദ്യ മൂന്ന് മാസം മധ്യ മെഡിറ്ററേനിയൻ കടൽ വഴി യൂറോപ്പിലെത്തിയ 3,300 കുട്ടികളും തനിച്ചാണ് സഞ്ചരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ കുട്ടികളുടെ എണ്ണത്തെക്കാൾ മൂന്നിരട്ടി കൂടുതലാണ് ഇതെന്നും യുണിസെഫ് ചൂണ്ടിക്കാട്ടുന്നു.ആഭ്യന്തരപ്രശ്നങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്ന ഗിനിയ, സെനഗൽ, ഗാംബിയ, സിറിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് വടക്കേ ആഫ്രിക്കയിലെ ലിബിയയുടെയോ ടുണീഷ്യയുടെയോ തീരത്ത് എത്താൻ നിരവധി കുട്ടികൾ മാസങ്ങളായി യാത്ര ചെയ്യുകയാണ്. ലിബിയയിൽ നിന്നോ ടുണീഷ്യയിൽ നിന്നോ യൂറോപ്പിലേക്കുള്ള ബോട്ട് യാത്രയ്ക്ക് സാധാരണയായി 7,000 ഡോളർ ആണ് ചെലവ് വരുന്നത്. യാത്രമധ്യേ പീഡനം, മനുഷ്യക്കടത്ത്, അക്രമം, ചൂഷണം, ബലാത്സംഗം തുടങ്ങിയവയ്ക്കെല്ലാം കുട്ടികൾ വിധേയരാകാം. പെണ്‍കുട്ടികളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു.പുതുതായി പുറത്തുവന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് ഐക്യരാഷ്ട്ര സഭ വിലയിരുത്തി. സ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്ക്കും മുന്‍പ് കുഞ്ഞുങ്ങള്‍ക്ക് അവരുടെ ജീവന്‍ നഷ്ടമാകുന്നുവെന്ന വാർത്തയില്‍ തങ്ങള്‍ അസംതൃപ്തരാണെന്നും യുഎൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published.

rocket-chandrayaan3-pslv-vssc Previous post ചന്ദ്രയാൻ-3 യുടെ ആദ്യഘട്ട ഭൂഭ്രമണപഥം ഉയർത്തലിന് ഇന്നു തുടക്കമാകും; പ്രൊപ്പൽഷൽ മൊഡ്യൂൾ ജ്വാലിപ്പിക്കും
palod-murder-dead-body-one-day Next post പാലോട് യുവതിയുടെ മൃതദേഹം പഴക്കം ചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തി