
27 കോടിയുടെ നികുതി വെട്ടിപ്പ്; കോഴിക്കോട് മിഠായിത്തെരുവില്‍ ജി.എസ്.ടി റെയ്ഡ്
27 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട്ടെ മിഠായിത്തെരുവില്‍ ജി.എസ്.ടി. വകുപ്പ് റെയ്ഡ് നടത്തി. മിഠായിത്തെരുവിലെ 20 കടകളിലും കോഴിക്കോട്ടെ നാല് വീടുകളിലും മലപ്പുറത്തെ ഒരു വീട്ടിലുമാണ് ജി.എസ്.ടി. ഇന്റലിജന്‍സ് പരിശോധന നടത്തിയത്. അതേസമയം പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കച്ചവടക്കാര്‍ പൂട്ടിയിട്ടു. മിഠായിത്തെരുവിൽ തട്ടിപ്പ് നടത്തിയ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ജി.എസ്.ടി. ഇന്റലിജന്‍സ് ജോയിന്റ് കമ്മിഷണര്‍ ടി.എ. അശോകന്‍ അറിയിച്ചു. കടകളില്‍ വില്‍പ്പനയ്ക്കുള്ള സധനങ്ങള്‍ ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങിയതായി വ്യാജരേഖ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്.സാധനങ്ങള്‍ വാങ്ങിയ സംസ്ഥാനത്തുതന്നെ നികുതി നല്‍കിയ വിവരങ്ങളും ഓണ്‍ലൈനായി രേഖപ്പെടുത്തും. പിന്നീട് കച്ചവടക്കാര്‍ക്ക് കേരളത്തില്‍ നികുതി നല്‍കേണ്ടതില്ല. എന്നാൽ ജി.എസ്.ടി. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖപ്പെടുത്തിയ സാധനങ്ങളൊന്നും സ്ഥാപനങ്ങളില്‍ എത്തിയിട്ടില്ലെന്ന് കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ തമ്മില്‍ ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.