ksrtc-driver-conductor-salary-strike

KSRTC ജീവനക്കാര്‍ ആത്മഹത്യാ മുനമ്പില്‍

സര്‍ക്കാരും, KSRTC മാനേജ്‌മെന്റും ആത്മഹത്യാ പ്രേരണക്കാര്‍, കൂലി ചോദിക്കുമ്പോള്‍ പൊട്ടകളിക്കുന്ന മന്ത്രിയും കാരണക്കാരന്‍

എ.എസ്. അജയ്‌ദേവ്

കൂലി ചോദിക്കുമ്പോള്‍ പൊട്ടന്‍ കളിക്കുന്ന മന്ത്രി ആന്റണി രാജുവും, കൈ മലര്‍ത്തി കാണിക്കുന്ന എം.ഡി ബിജുപ്രഭാകറും ഇടതുപക്ഷ സര്‍ക്കാരിന്റെ കഴിവുകേടിന്റെ രണ്ട് ബിംബങ്ങളായി മാറിയിരിക്കുകയാണ്. KSRTC ജീവനക്കാരുടെ മുമ്പില്‍ ഇനി ഒറ്റ വഴിയേയുള്ളൂ. പരസ്യമായി കെ.എസ്.ആര്‍.ടി.സി ഭവനിനു മുമ്പില്‍ ആത്മാഹൂതി നടത്തുക. അതില്‍ കുറഞ്ഞ സമരങ്ങളെല്ലാം ചെയ്തു കഴിഞ്ഞു. പ്രതിഷേധങ്ങളും, സമരങ്ങളും, മാര്‍ച്ചും ധര്‍ണ്ണയും, കത്തെഴുത്തുമൊന്നും ആരുടെയും കണ്ണു തുറപ്പിക്കില്ല. ഹൈക്കോടതിയുടെ ശാസനകള്‍ സര്‍ക്കാര്‍ എത്രവട്ടം കേട്ടു. എന്നിട്ടും അടിമവേല എടുപ്പിക്കാന്‍ ഒരു വര്‍ഗത്തെ ഒരുക്കിയെടുക്കുന്ന തിരക്കിലായിരുന്നു അവര്‍. ശമ്പളത്തിന് മുട്ടിലിഴയിപ്പിച്ചും, കാലു പിടിപ്പിച്ചും, കെഞ്ചിയും, കേണുമൊക്കെ നടുവു വളഞ്ഞു പോയൊരു വര്‍ഗത്തെ കാണണെങ്കില്‍ KSRTCയിലെ പാവം തൊഴിലാളികളെ നോക്കിയാല്‍ മതി.

അവര്‍ക്ക് ആരും ആശ്രയമില്ല. മാനേജ്‌മെന്റില്‍ നിന്നും പണിയെടുക്കാനുള്ള ഉത്തരവുകളും, നിര്‍ദ്ദേശങ്ങളും മാത്രമാണ് ഇടമുറിയാതെ കിട്ടിക്കൊണ്ടിരിക്കുന്നത്. കൂലിയെ കുറിച്ചോ- ആനുകൂല്യങ്ങളെ കുറിച്ചോ ഒരക്ഷരം പറയരുത്. സമയമില്ലാതെ പണിയെടുത്തു കൊണ്ടിക്കണം. പരാതികളോ, പരിഭവങ്ങളോ പറയരുത്. കുടുംബത്തെ കുറിച്ച് മിണ്ടിപ്പോകരുത്. വേണമെങ്കില്‍, സര്‍ക്കാര്‍ സഹായ യൂണിയന്‍ പ്രവര്‍ത്തനം നടത്താം. അതും, മാനേജ്‌മെന്റിന്റെ തീരുമാനങ്ങളെ ജീവനക്കാരുടെ മേല്‍ അവര്‍, പോലുമറിയാതെ അടിച്ചേല്‍പ്പിക്കാന്‍ പാകത്തിനുള്ള പ്രവര്‍ത്തനം. വകുപ്പുമന്ത്രിയും മന്ത്രിയുടെ തന്ത്രങ്ങളുമൊന്നും ജീവനക്കാര്‍ക്കു വേണ്ടിയുള്ളതാകില്ല. മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും ധനമന്ത്രിക്കുമൊന്നും KSRTCയുമായി പുലബന്ധം പോലുമുണ്ടാകില്ല. നഷ്ടക്കച്ചവടം നടക്കുന്ന മറ്റേത് വ്യവസായത്തെയും ഉര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ വ്യവസായം നന്നായറിയുന്ന മന്ത്രി മുന്‍കൈയ്യെടുക്കും. എത്ര രൂപ വേണേലും ഏത് വകുപ്പിനും ധനമന്ത്രി കൊടുക്കും. കേരളത്തിലെ എല്ലാ വിഷയത്തിലും മുഖ്യമന്ത്രിയും ഇടപെടും. എന്നാല്‍, സെക്രട്ടേറിയറ്റിനു മുമ്പിലൂടെ 24 മണിക്കൂറും ഓടുന്ന KSRTC ബസിലെ പ്രശ്‌നങ്ങള്‍ കണ്ണില്‍ കണ്ടാലും പൊട്ടന്‍കളിച്ച് സ്ഥലം കാലിയാക്കിക്കളയും. ഇതാണ് കേരളത്തില്‍ കണ്ടു വരുന്ന സ്ഥിരം കലാരൂപം. ബസോടിച്ച് കിട്ടുന്ന തുകയെല്ലാം കടംകൊണ്ട് നില്‍ക്കുന്ന KSRTC വിഴുങ്ങുന്നുവെന്ന പല്ലവിയാണ് മറ്റൊന്ന്.

എന്നാല്‍, ബാങ്ക്‌ലോണും, ഡീസല്‍-പെട്രോള്‍ ചിലവുകളും, സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങാനുമൊക്കെ തികയുന്ന വരുമാനം KSRTC ഉണ്ടാക്കുന്നുണ്ടെന്ന് ആര്‍ക്കാണ് അറിയാത്തത്. കെ.എസ്.ആര്‍.ടി.സിയുടെ സര്‍വ്വീസ് ഓപ്പറേഷന്‍ വഴി മാസം 200 കോടി രൂപയാണ് ലഭിക്കുന്നത്. ഇത് ചില മാസങ്ങളില്‍ 190-180 വരെ കുറയുകയും ചെയ്യും. ഫെസ്റ്റിവല്‍ സീസണുകളിലും പ്രത്യേക ദിവസങ്ങളിലും വരുമാനം 200കോടിയില്‍ കൂടുതലുമാകും. കെ.എസ്.ആര്‍.ടി.സി നടത്തുന്ന പെട്രോള്‍ പമ്പുകള്‍ വഴിയുള്ള വരുമാനം, ബസ്റ്റാന്റുകളിലെ ,ാേപ്പിംഗ് കോംപ്ലക്‌സുകളില്‍ നിന്നുള്ള വരുമാനം, ബസുകളിലെ പരസ്യവരുമാനം, ടൂര്‍ പാക്കേജുകള്‍ ഓപ്പറേറ്റു ചെയ്യുന്നതു വഴിയുള്ള വരുമാനം, സര്‍ക്കാര്‍ സര്‍വ്വീസുകള്‍ നടത്തുന്നതു വഴിയുള്ള വരുമാനം, കെ.എസ്.ആര്‍.ടി.സിയുടെ വസ്തുക്കള്‍ മറ്റു സ്ഥാപനങ്ങള്‍ക്ക് മാസ വാടകയ്ക്ക് കൊടുത്തിട്ടുള്ള വരുമാനം, ചീഫ് ഓഫീസിലെ കെട്ടിടങ്ങള്‍ മറ്റു സ്ഥാപനങ്ങള്‍ക്ക് മാസ വാടകയ്ക്ക് കൊടുത്തിട്ടുള്ള വരുമാനം, ഇവയെല്ലാം KSRTCയുടെ അധിക വരുമാനങ്ങളാണ്. ഇതെല്ലാം ചേര്‍ത്താല്‍ KSRTC ഒരു വലിയ വരുമാന സ്രോതസ്സാണെന്ന് മനസ്സിലാകും.

KSRTC ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 110 കോടിരൂപയാണ് വേണ്ടത്. ഡിസല്‍-പെട്രോള്‍ ഇനത്തില്‍ 90 കോടിയും. മറ്റ് ചചിലവുകള്‍ക്കായി 50 കോടിയും വേണ്ടിവരും. KSRTCക്ക് സര്‍ക്കാര്‍ സഹായമായി 50 കോടിയാണ് കിട്ടിക്കൊണ്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ മൂന്നു മാസമായി കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ നല്‍കുന്ന ശമ്പള വിഹിതം 30 കോടിയായി കുറച്ചു. മൂന്നുമാസം വെട്ടിക്കുറച്ചത് 60 കോടി രൂപയാണ്. ഈ തുക കിട്ടാതെ വന്നതോടെയാണ് KSRTCയിലെ ശമ്പളം നല്‍കല്‍ പൂര്‍ണ്ണമായി മുടങ്ങിയതെന്നാണ് എം.ഡി. ബിജു പ്രഭാകറിന്റെ വാദം. സര്‍ക്കാരിന്റെ സഹായം നോക്കി നില്‍ക്കാതെ KSRTCയുടെ വരുമാനം വെച്ചായിരുന്നു ശമ്പളത്തിന്റെ ആദ്യഗഡു നല്‍കിയിരുന്നത്. സര്‍ക്കാര്‍ഫണ്ട് വരുന്ന മുറയ്ക്ക് രണ്ടാം ഗഡുവും നല്‍കിയിരുന്നു. എന്നാല്‍, KSRTCയുടെ ഇപ്പോഴത്തെ അവസ്ഥ, ടിക്കറ്റ് വരുമാനത്തിന് മാറ്റമൊന്നുമില്ലെങ്കിലും ശമ്പളത്തിന്റെ ആദ്യഗഡു-ഗോവിന്ദ. സര്‍ക്കാരിന്റെ സഹായം ‘താരം’ എന്നു പറയുന്നതല്ലാതെ കിട്ടിയിട്ടില്ല. അഥവാ, കിട്ടായാലും 30 കോടിയില്‍ ശമ്പളം കൊടുക്കാനുമാകില്ല. അപ്പോള്‍ ശമ്പളത്തിന്റെ രണ്ടാംഗഡുവും-ഗോവിന്ദ. ഇതാണ് കേരളത്തിലെ KSRTCയുടെ ഗതികേടിന്റെ പരകോടി.

KSRTC മാനേജ്‌മെന്റും- വകുപ്പുമന്ത്രിയും- സര്‍ക്കാരും-ജീവനക്കാരും വരുമാനത്തിന്റെ കാര്യത്തില്‍ പറയുന്ന കണക്കുകളൊന്നും കൃത്യമല്ലെന്നു വേണം കരുതേണ്ടത്. കാരണം, ശമ്പളത്തിനും, പെന്‍ഷനും മറ്റു ചിലവുകള്‍ക്കുമെല്ലാമുള്ള പണം KSRTCയില്‍ നിന്നു തന്നെ ലഭിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സഹകരണ കണ്‍സോര്‍ഷ്യം വഴിയുള്ള വായ്പയെടുക്കലും, മറ്റു വായ്പാ ലഭ്യതയുമൊക്കെ വിശദമായൊരു പഠനത്തിന് വിധേയമാക്കിയാല്‍ വന്നകാശും-നിന്ന കാശും ഏതൊക്കെ പോക്കറ്റിലേക്ക് പോയെന്നു മനസ്സിലാക്കാനാകും. ഇതെല്ലാം നന്നായറിയുന്നവരാണ് എം.ഡി.യുടെ വീട്ടിലേക്കും, ചീഫ് ഓഫീസിനു മുന്നിലുമൊക്കം സമരവും പ്രതിഷേധവുമൊക്കെ നടത്തി ജീവനക്കാരെ പറ്റിക്കുന്നത്. എന്നാല്‍, ചില ഉദ്യോഗസ്ഥര്‍ KSRTCക്ക് മുന്‍ഗണന നല്‍കാത്തതാണ് ഈ മാസത്തെ ശമ്പളം വൈകാന്‍ കാരണമായതെന്നാണ് ബിജു പ്രഭാകര്‍ പറയുന്നത്. ധനവകുപ്പ് 30 കോടി തന്നാലും പ്രശ്‌നം പരിഹരിക്കാനാകില്ല. പകുതി ശമ്പളം കൊടുക്കാന്‍ 39 കോടി വേണം. ബാക്കിക്ക് എന്തു ചെയ്യണമെന്ന് അറിയില്ല. ശമ്പളം മുടങ്ങുന്നത് ദുഖകരമായ അവസ്ഥയാണ്. കോടതിയില്‍ നേരിട്ട് ഹാജരായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ഒന്നും ഒളിക്കാനില്ല. തന്റെവീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ പ്രമുഖ യൂണിയനുകള്‍ തീരുമാനിച്ചിട്ടില്ല. ഡീസല്‍ മോഷ്ടിക്കുന്നവര്‍ക്കും കളളത്തരം കാണിക്കുവര്‍ക്കുമാണ് എംഡി ഒരു പ്രശ്‌നമെന്നും അദ്ദേഹം പറയുമ്പോള്‍ ജീവനക്കാര്‍ കള്ളന്‍മാരണെന്നുള്ള ധ്വനി കൂടി ഉണ്ടാകുന്നുണ്ട്.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കാന്‍ വൈകിയതില്‍ ഇന്നലെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈമാസം 20നകം മുഴുവന്‍ ശമ്പളവും നല്‍കിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി എംഡി ഹാജരായി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. മാസം 220 കോടിയിലേറെ രൂപയുടെ വരുമാനമുള്ള കെഎസ്ആര്‍ടിസി എങ്ങനെയാണ് പ്രതിസന്ധിയിലേക്ക് പോകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് 11 കോടി രൂപ മാറ്റിവെക്കേണ്ടി വന്നതാണ് ശമ്പള വിതരണ പ്രതിസന്ധിക്ക് കാരണമായതെന്ന് കെ.എസ്.ആര്‍.ടി.സി വിശദീകരിച്ചെങ്കിലും വിശ്വനീയമല്ലാത്ത വിശദീകരണമാണ് നടത്തിയതെന്ന് ജീവനക്കാര്‍ക്ക് നല്ലവണ്ണമറിയാം. കഴിഞ്ഞ വര്‍ഷവും സമാനമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം വൈകിയിരുന്നു. ഓണത്തിനുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനാണ് മാനേജ്‌മെന്റ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് തൊഴിലാളി യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു. രണ്ട് മാസത്തെ പെന്‍ഷനും കൊടുത്ത് തീര്‍ക്കാനുണ്ട്. കെ.എസ്.ആര്‍.ടി.സിയും ധന-സഹകരണ വകുപ്പുകളും തമ്മിലുള്ള കരാര്‍ പ്രകാരമാണ് നിലവില്‍ പെന്‍ഷന്‍ നല്‍കിവരുന്നത്. ജൂണിലാണ് പുതിയ കരാര്‍ ഒപ്പുവയ്ക്കുന്നത്. ഇത് വൈകിയതാണ് പെന്‍ഷനും മുടങ്ങാന്‍ കാരണം. വരും മാസങ്ങളില്‍ പെന്‍ഷന്‍കാരും തെരുവിലിറങ്ങുമെന്നുറപ്പായി.
നോക്കൂ,


എന്നിട്ടും, കേരളത്തിലെ നിരത്തുകളില്‍ KSRTC ബസുകള്‍ ഓടിക്കൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അത്, ജീവനക്കാരുടെ മനോബലത്തിന്റെയും സഹനശക്തിയും കൊണ്ട് മാത്രമാണെന്ന് അറിഞ്ഞിരിക്കണം. കുടുംബത്തെ പട്ടിണിക്കിട്ടിട്ട്, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വിഘാതം വരാതിരിക്കാന്‍ പൊതു ഗതാഗതത്തെ നിശബ്ദം ചലിപ്പിക്കുന്നവരാണ് ഓരോ KSRTC ജീവനക്കാരും. ഉള്ളില്‍, കടല്‍പോലെ ദുഖം ഒളിപ്പിച്ച് യാത്രക്കാരുടെ സുരക്ഷിത യാത്രകള്‍ക്ക് വളയം തിരിക്കുകയും, KSRTCയുടെ ഖജനാവിലേക്ക് കൃത്യമായ് വരുമാനം എത്തിക്കാന്‍ ചിരിച്ചു കൊണ്ട് ടിക്കറ്റ് കീറുകയും ചെയ്യുന്ന നിങ്ങള്‍ക്ക് ഞങ്ങളുടെ ബിഗ് സല്യൂട്ട്.

Leave a Reply

Your email address will not be published.

elephant-dead-crime-wild-animals Previous post തൃശ്ശൂരിൽ കാട്ടാനയെ റബ്ബർ തോട്ടത്തിൽ കുഴിച്ചുമൂടി; ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി ജഡം വനം വകുപ്പ് പുറത്തെടുത്തു
rayhana-jabbari-iran-lady-hanging-till-death Next post വിതുമ്പലായ് വന്നു വിളിക്കയാണവള്‍: റയ്ഹാന ജബ്ബാരി