elephant-dead-crime-wild-animals

തൃശ്ശൂരിൽ കാട്ടാനയെ റബ്ബർ തോട്ടത്തിൽ കുഴിച്ചുമൂടി; ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി ജഡം വനം വകുപ്പ് പുറത്തെടുത്തു

കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. തൃശ്ശൂർ ജില്ലയിലെ ചേലക്കരക്കടുത്ത് മുള്ളൂർക്കര വാഴക്കോടാണ് സംഭവം നടന്നത്. റബ്ബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി ആനയുടെ ജഡം പുറത്തെടുത്തു.  മണിയഞ്ചിറ റോയ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റബ്ബർ എസ്റ്റേറ്റ്.

വനം വന്യജീവി വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആനയുടെ അസ്ഥികൂടം പരിശോധനയിൽ കണ്ടെത്തി. രണ്ടര മാസത്തെ പഴക്കമാണ് തുടക്കത്തിൽ സംശയിച്ചതെങ്കിലും ആനയുടെ ജഡത്തിന് 20 ദിവസത്തെ പഴക്കമേയുള്ളൂവെന്ന് പിന്നീട് കണ്ടെത്തി. വേഗം അഴുകിപ്പോകാൻ എന്തെങ്കിലും രാസപദാർത്ഥം കലർത്തിയോ എന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇക്കാര്യം അടക്കം പരിശോധിക്കേണ്ടതുണ്ട്.

സ്ഥലമുടമ റോയ് ഒളിവിലാണെന്നാണ് വിവരം. ആനയെ വേട്ടയാടി പിടിച്ച് കൊലപ്പെടുത്തിയതാണോയെന്ന് സംശയം ഉയർന്നിരുന്നു. പ്രാഥമിക പരിശോധനയിൽ ആന ചരിഞ്ഞത് വെടിയേറ്റിട്ടല്ലെന്നാണ് നിഗമനം. 15 വയസ് മാത്രം പ്രായമുള്ളതാണ് ആനയെന്നും വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘത്തിന്റെ സംശയം. റോയിയെ കണ്ടെത്താനായി തെരച്ചിൽ ആരംഭിച്ചു.

ആനയെ കൊന്നതാണോ എന്നും ഷോക്കേറ്റതാണോയെന്നും സംശയമുണ്ടെന്ന് സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ട്. ആന ചരിഞ്ഞതാണെങ്കിൽ വനം വകുപ്പിന്റെ അറിയിക്കേണ്ടതായിരുന്നു, അതുണ്ടായില്ല. ഇത്തരത്തിൽ വനം വകുപ്പിനെ അറിയിക്കാതെ ജഡം കുഴിച്ചുമൂടിയത് എന്തിനെന്ന് സംശയമുണ്ട്. കൊന്നതാണെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Leave a Reply

Your email address will not be published.

body-corpse-dead-death-morgue-mortuary-patient-icon-691987 Previous post പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ksrtc-driver-conductor-salary-strike Next post KSRTC ജീവനക്കാര്‍ ആത്മഹത്യാ മുനമ്പില്‍