K-Sudhakaran-one-civil-code-kerala-politics

ഏകവ്യക്തി നിയമം സിപിഎം ഒറ്റപ്പെട്ടു

ഏകവ്യക്തി നിയമം സിപിഎം ഒറ്റപ്പെട്ടു

ഏകവ്യക്തി നിയമത്തിന്റെ പേരില്‍ യുഡിഎഫില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ച സിപിഎം ഏകപക്ഷീയ നിലപാടുമൂലം എല്‍ഡിഎഫിലും, വിഷയത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചതിന് കേരളീയ പൊതുസമൂഹത്തിലും ഒറ്റപ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

മുന്നണിയിലെ രണ്ടാമത്തെ പ്രധാന പാര്‍ട്ടിയെപ്പോലും ബോധ്യപ്പെടുത്താനാകാത്ത സിപിഎം ഏകവ്യക്തി നിയമത്തില്‍ ഒന്നിനു പിറകേ ഒന്നായി തിരിച്ചടികള്‍ നേരിടുന്നു. പ്രമുഖരായ നിരവധി വ്യക്തികളും സാമൂഹിക സംഘടനകളും സിപിഎം സെമിനാറില്‍ പങ്കെടുക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലീംലീഗിനെ പിടിക്കാന്‍ പോയവര്‍ക്ക് ഉത്തരത്തിലിരുന്നത് കിട്ടിയുമില്ല, കക്ഷത്തിലിരുന്നതു പോകുകയും ചെയ്തു. ഐക്യജനാധിപത്യമുന്നണിയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ച സിപിഎം, ഇടതുമുന്നണിയെ പൊട്ടിത്തറിയുടെ വക്കിലാണ് എത്തിച്ചിരിക്കുന്നത്.

സിപിഐയുടെ പ്രമുഖ നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കില്ലെന്നു തീരുമാനിച്ചത് സിപിഎമ്മിന്റെ മുഖത്തേറ്റ അടിയാണ്. സിപിഐയെ മൂലയ്ക്കിരുത്തിയുള്ള സിപിഎമ്മിന്റെ ഏകപക്ഷീയമായ പോക്കുമൂലം മുന്നണി തന്നെ ശിഥിലമാകുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ മുന്നണി യോഗത്തില്‍ പങ്കെടുക്കാതെ അതിന് ആക്കംകൂട്ടുന്നു. മൂന്നൂ മാസത്തിലധികമായി ഇടതുമുന്നണി യോഗം ചേര്‍ന്നിട്ട്. എംവി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതു മുതല്‍ ഇടഞ്ഞുനില്ക്കുന്ന ജയരാജനെ റിസോര്‍ട്ട് വിഷയത്തില്‍ പാര്‍ട്ടി കൈവിട്ടതും അദ്ദേഹത്തെ ചൊടിപ്പിച്ചു. കാര്‍ഷികോല്പന്നങ്ങളുടെ മൂല്യവര്‍ധനയും വിപണനവും ലക്ഷ്യമിട്ട് രൂപീകരിക്കുന്ന കമ്പനിയെ മന്ത്രിസഭായോഗത്തില്‍ വച്ച് മുഖ്യമന്ത്രി വെട്ടിയത് സിപിഐയുടെ കൃഷിമന്ത്രി പി പ്രസാദിന് കനത്ത തിരിച്ചടിയായി. കടക്കെണിയിലാകുന്ന കര്‍ഷകര്‍ക്ക് ഒരു തവണമാത്രം കടാശ്വാസം നല്കിയാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനവും സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്.

ഇഎംഎസിനെയും ഇകെ നായനാരെയും പോലുള്ള പ്രമുഖ നേതാക്കളെ തള്ളിക്കളയുന്ന അഭിനവ നേതൃത്വത്തിന്റെ പിടിപ്പുകേടില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ എതിര്‍പ്പുണ്ട്. രാഷ്ട്രീയലക്ഷ്യം മാത്രം മുന്നില്‍ നിര്‍ത്തി കേരളീയ സമൂഹത്തെ വര്‍ഗീയവത്കരിക്കുന്ന സിപിഎം നിലപാടുകളില്‍ പാര്‍ട്ടിക്കകത്ത് അതൃപ്തിയുള്ളവരും ഏറെയാണ്. കലാപക്കൊടി ഉയര്‍ത്തിയ എംവി രാഘവന്റെ ബദല്‍ രേഖയില്‍ 25 വര്‍ഷത്തിനുശേഷം സിപിഎം തിരിച്ചെത്തിയപ്പോള്‍, അദ്ദേഹത്തെ പുറത്താക്കിയതും കൊല്ലാന്‍ ശ്രമിച്ചതുമൊക്കെ ഇനി സിപിഎമ്മിന് എങ്ങനെ ന്യായികരിക്കാനാകുമെന്നു സുധാകരന്‍ ചോദിച്ചു.

Leave a Reply

Your email address will not be published.

education-students-teacher-childrens Previous post ബുദ്ധിമുട്ടുള്ള ഹോംവർക്ക് നൽകും, ചെയ്തില്ലെങ്കിൽ വിദ്യാർത്ഥികളെ ഉപദ്രവിക്കും; കണക്ക് അധ്യാപകനെതിരെ പോക്‌സോ കേസെടുത്തു
body-corpse-dead-death-morgue-mortuary-patient-icon-691987 Next post പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി