
ബുദ്ധിമുട്ടുള്ള ഹോംവർക്ക് നൽകും, ചെയ്തില്ലെങ്കിൽ വിദ്യാർത്ഥികളെ ഉപദ്രവിക്കും; കണക്ക് അധ്യാപകനെതിരെ പോക്‌സോ കേസെടുത്തു
വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഹോം വർക്ക് നൽകുകയും, ചെയ്തില്ലെങ്കിൽ ഉപദ്രവിക്കുകയും ചെയ്ത കണക്ക് അധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്തി കേസെടുത്തു. കർണാടകയിലെ ഗോഡേക്കരെ സർക്കാർ സ്‌കൂളിലെ അധ്യാപകനായ രവിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.ഇയാൾ വിദ്യാർത്ഥികൾക്ക് ദിവസവും വലിയ രീതിയിലുള്ള ഹോം വർക്ക് നൽകിയിരുന്നു. ഇത് ചെയ്തു വരാത്തവരെ ക്ലാസ് മുറിയിൽ വെച്ച് അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായാണ് പരാതി. അധ്യാപകൻ ക്രൂരമായി ശിക്ഷിക്കുന്നത് പേടിച്ച് പല വിദ്യാർഥികളും സ്‌കൂളിലേക്ക് വരാൻ മടിച്ചിരുന്നു.ശിക്ഷയും മർദനവും സഹിക്കാനാവാതെ വന്നപ്പോഴാണ് വിദ്യാർഥികൾ രക്ഷിതാക്കളോട് അധ്യാപകനെക്കുറിച്ച് പരാതിപ്പെട്ടത്. കാര്യത്തിന്റെ ഗൗരവം മനസിലായ രക്ഷിതാക്കൾ ചിക്കനായകനഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതേ തുടർന്നാണ് പ്രതിക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.