KSRTC_Facebook_salary-donductor-driverr

KSRTC: മേലാളന്‍മാരേ, കാലംകണക്കു ചോദിക്കും, കാത്തിരിക്കൂ

വംശപരമ്പര മുടിഞ്ഞ് കത്തിപ്പോകണേ എന്ന ആയിരക്കണക്കിന് മനുഷ്യരുടെ നെഞ്ചുരുകിയ ശാപം അത് വൃഥാവിലാകില്ല

എ.എസ്. അജയ്‌ദേവ്

കെ.എസ്.ആര്‍.ടി.സി എം.ഡി. ബിജു പ്രഭാകര്‍ സാറേ, താങ്കളോട് ഒരപേക്ഷയുണ്ട്. അല്‍പ്പമെങ്കിലും കണ്ണില്‍ ചോരയുണ്ടെങ്കില്‍ ആ, അപേക്ഷ പരിഗണിച്ച് ഡ്രൈവറെ തൂമ്പാ പണിക്ക് വിടാന്‍ അനുമതി കൊടുക്കണം. ഇല്ലെങ്കില്‍ ആ കുടുംബം പട്ടിണികൊണ്ട് മരിച്ചു പോകുമെന്നുറപ്പാണ്. അതുകൊണ്ടാണ് സാര്‍, മാനംകെട്ടും നിങ്ങളോട് തൂമ്പാ പണിക്കു പോകാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചത്. ചാലക്കുടി ഡിപ്പോയിലെ ഗ്രേഡ് വണ്‍ ഡ്രൈവര്‍ എം.സി. അജുവാണ് കത്തെഴുതിയിരിക്കുന്നത്.

കത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്:
‘സാലറി വരാത്തതിനാല്‍ ഡ്യൂട്ടിക്ക് വരാന്‍ വണ്ടിയില്‍ പെട്രോളില്ല. പെട്രോള്‍ നിറയ്ക്കാന്‍ കയ്യില്‍ പണവുമില്ല. ആയതിനാല്‍ വട്ടച്ചെലവിനുള്ള പണത്തിനായി ഈ വരുന്ന ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധി അനുവദിച്ചു തരാന്‍ അപേക്ഷിക്കുന്നു.’

കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ചെയ്ത് ശമ്പളം കിട്ടാതെയും, പെന്‍ഷന്‍ വാങ്ങാനാകാതെയും നാട്ടിലും വീട്ടും വെറുക്കപ്പെട്ടവനായി, ജീവിതം പാതി വഴിയില്‍ അവസാനിപ്പിച്ച എല്ലാവരുടെയും ആത്മാക്കള്‍ക്കു വേണ്ടി ഈ കത്ത് സമര്‍പ്പിക്കുന്നു. ഇതിന്റെ പേരില്‍ ഉണ്ടാകാന്‍ പോകുന്ന വാര്‍ത്തകളും ബഹളങ്ങളും പുകിലുകള്‍ക്കും പഞ്ഞമുണ്ടാകില്ല. അപേക്ഷയെ കുറിച്ച് അറിയില്ലെന്ന് മന്ത്രിയും, അപേക്ഷ കണ്ടിട്ടില്ലെന്ന് ബിജു പ്രഭാകറും, കെ.എസ്.ആര്‍.ടി.സിയെ താറടിച്ചു കാണിക്കാനുള്ള നടപടിയാണ് അജു ചെയ്തതെന്ന കുറ്റപ്പെടുത്തലുകളും എല്ലാമായി വിഷയം കത്തിക്കയറും. നാളെ ചന്ദ്രയാന്‍ വിക്ഷേപിക്കുന്നതോടെ കെ.എസ്.ആര്‍.ടി.സിക്കാരുടെ ശമ്പളമോ, തൂമ്പാപ്പണിക്കുള്ള അപേക്ഷയോ, ആത്മഹത്യകളോ ഒന്നും പിന്നീട് വാര്‍ത്തയാകില്ല. അഥവാ, ആരെങ്കിലും വാര്‍ത്തയാക്കിയാലും ആ വാര്‍ത്തയ്ക്ക് വിലയുണ്ടാകില്ല. കാരണം, കെ.എസ്.ആര്‍.ടി.സിയും അവിടുത്തെ ജീവനക്കാരും എന്നും രണ്ടാംകിട പൗരന്‍മാരാണ്.

ഈ നാട്ടില്‍ തെരുവ് നായ്ക്കള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആളുണ്ട്. കാട്ടാനകള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആളുണ്ട്. കാട്ടു പന്നിക്ക് വേണ്ടി ശബ്ദിക്കാന്‍ ആളുണ്ട്. കാട്ടുപോത്തിന് വേണ്ടി ശബ്ദിക്കാന്‍ ആളുണ്ട്. പക്ഷേ ഇറച്ചി കോഴിക്ക് വേണ്ടി ശബ്ദിക്കാന്‍ ആരും ഇല്ല. ഓരോ കോഴിയുടെയും പിടലിക്ക് കത്തി വയ്ക്കുമ്പോള്‍ അതിന്റെ ഇറച്ചി മസാലയില്‍ വെന്ത് കഴിയുമ്പോഴുള്ള രുചി മാത്രമാണ് കണ്ട് നില്‍ക്കുന്ന മനുഷ്യര്‍ക്കുള്ളത്. ഇതേ ഇറച്ചിക്കോഴിയുടെ അവസ്ഥയാണ് ഇന്ന് ഓരോ KSRTC ജീവനക്കാരുടേയും ജീവിതം. അവര്‍ക്ക് ശമ്പളം കൊടുക്കാതെ പട്ടിണിക്കിട്ട് കൊല്ലണം. അവര്‍ മരുന്ന് വാങ്ങാതെ രോഗം മൂര്‍ഛിച്ച് ചാകണം. അവരുടെ മക്കള്‍ സ്‌കുളില്‍ ഫീസ് അടക്കാതെ അപമാനിതരാവണം. അവരുടെ വീട്ടിലെ കറണ്ട് ചാര്‍ജ് അടക്കാതെ ഫ്യൂസ് ഊരണം. അവര്‍ ഗ്യാസ് എടുക്കരുത് അരിയും പല വ്യജ്ഞനവും വാങ്ങരുത്. പണി എടുത്തിട്ടും കുലി കിട്ടാത്ത നാറി നാറി സമൂഹത്തിലും കുടുംബത്തിലും അപഹാസ്യനാവണം. എന്നാലെ അവന് ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഉണ്ടാക്കൂ. അവര്‍ ആത്മഹത്യ ചെയ്താലേ ചിലര്‍ സ്വപ്നം കാണുന്ന കിനാച്ചേരി യാഥാര്‍ത്ഥ്യമാകൂ. എന്നാലേ ഇവിടെ സോഷ്യലിസം നടപ്പിലാവൂ.

ശമ്പളം തന്നില്ലെങ്കില്‍ കൂലിപ്പണിക്കു പോകാന്‍ അനുവദിക്കണമെന്ന് അപേക്ഷ നല്‍കുന്ന ജീവനക്കാരുള്ള മറ്റേത് വകുപ്പുണ്ട് കേരളത്തില്‍. മൃഷ്ടാന്ന ഭോജനം കഴിഞ്ഞ് നടുവു നിവര്‍ത്തുന്നവര്‍ക്ക് വിശപ്പിന്റെ വിളി അറിയാനാകില്ല. അതുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സിക്കാര്‍ക്ക് ശമ്പളം കിട്ടിയോ-ഇല്ലയോ എന്നു പോലും മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ നോക്കാത്തത്. ഓരോ മാസത്തിന്റെ ആദ്യവും പകുതിയിലും കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരുടെ നിലവിളി കേരളത്തിലാകെ മുഴങ്ങി കേള്‍ക്കുമെന്നത് നിത്യ സംഭവമായിക്കഴിഞ്ഞു. അതുകൊണ്ടാണ് ഇറച്ചിക്കോഴിയുടെ അവസ്ഥയാണ് കെ.എസ്.ആര്‍.ടി.സിക്കാര്‍ക്കെന്നു പറയേണ്ടി വന്നത്. കൊല്ലാന്‍ പിടിക്കുമ്പോഴും നിലവിളിക്കുന്ന കോഴിയുടെ വേദനയെ കുറിച്ചല്ല, മറിച്ച് വെന്തു പാകമാകുമ്പോഴുളള രുചി മാത്രമായിരിക്കും മനസ്സുകളില്‍.

നിന്റെ നിലവിളിക്കപ്പുറം മറ്റൊന്നുമുണ്ടാകില്ല, എന്നാല്‍ നിലവിളികള്‍ കൊലവിളികളാകുമോയെന്ന് മാനേജ്‌മെന്റ് ഭയക്കുന്നുണ്ട്. അതുകൊണ്ടു തന്നെ, ആളിക്കത്തുന്ന തീയില്‍ വെള്ളമൊഴിക്കാന്‍ യൂണിയനുകളെ കൃത്യമായി ഇടപെടുത്തി രക്ഷപ്പെടാന്‍ പഠിച്ചിരിക്കുകയാണ് സര്‍ക്കാരും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റും. എം.ഡി. ബിജു പ്രഭാകറിന്റെയും ഗതാഗതമന്ത്രി ആന്റണി രാജുവിന്റെയും കെ.എസ്.ആര്‍.ടി.സി വികസനത്തിന്റെ കഥകള്‍ നാടുനീളെ പ്രസിദ്ധമായിക്കഴിഞ്ഞിട്ടുണ്ട്. കമ്മിഷന്‍ കിട്ടാനുള്ള എല്ലാ പദ്ധതികളും വെള്ളം തൊടാതെ വിഴുങ്ങുകയും കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും കൊടുക്കാതെ ദ്രോഹിക്കുകയും ചെയ്യുന്ന കാര്യത്തില്‍ ഡോക്ടറേറ്റ് എടുത്തിരിക്കുന്നവര്‍. ബിജു പ്രഭാകറിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പിന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ മറുപടി കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ആ കുറിപ്പ് ഇങ്ങനെയാണ്:

ബഹുമാനപ്പെട്ട K.S.R.T.C CMDയുടെ ഒരു കുറിപ്പ് വായിച്ചു,

‘ പരിഷ്‌കരണ നടപടികളെ എതിര്‍ക്കുന്ന ഒരു പറ്റം ആളുകള്‍ എന്നെപ്പറ്റി എന്തു പറഞ്ഞാലും എനിക്കൊന്നും സംഭവിക്കില്ല, എന്ന് പറഞ്ഞാണ് ആ കുറിപ്പ് അവസാനിപ്പിച്ചത്’

താങ്കളുടെ വിശ്വാസം താങ്കളുടേത് മാത്രമാണ്. എന്തും വിശ്വസിക്കാന്‍ ആര്‍ക്കും അവകാശവും ഉണ്ട്. പക്ഷെ, കര്‍മ്മഫലം എന്നതിനെ തിരുത്താനാകില്ല. അപമാനത്താലും, വേദനയാലും, ദാരിദ്ര്യത്തിലും – നട്ടംതിരിയുന്ന മനസ്സുകളുടെ ശാപം. എത്ര തലമുറ കഴിഞ്ഞാലും ഒന്നിന് പത്തായും… പത്തിന് നൂറായും….. നൂറിന് പതിനായിരമായും – ഉത്തരവാദികള്‍ക്ക് തിരിച്ച് കിട്ടുക തന്നെ ചെയ്യും.

അപ്പോള്‍ സഹായിക്കാന്‍ തോളിലെ അധികാര നക്ഷത്രങ്ങളോ കുതികാല്‍വെട്ടി നേടിയ സ്ഥാനമാനങ്ങളോ ഉണ്ടാവില്ല- ഉറപ്പാണത്. പ്രപഞ്ച നീതിയുടെ ദണ്ഡശാസനം മാസം മുഴുവന്‍ എല്ല് നുറുങ്ങി പണിയെടുത്തിട്ടും – ആ പണം ഖജനാവില്‍ പൂഴ്ത്തിവെച്ച് .. ന്യായാസനങ്ങളോടടക്കം കള്ളം പറഞ്ഞ്, തൊഴിലാളികളെ അപമാനിച്ചു, പിഞ്ചു മക്കളെയടക്കം പട്ടിണിക്കിട്ട്, രസിച്ച്, സ്വന്തം ശമ്പളം കൃത്യമായി എഴുതി വാങ്ങി, കുടുംബസമേതം മൃഷ്ടാന്നഭോജനം നടത്തി, താങ്കള്‍ ഇപ്പോഴനുഭവിക്കുന്ന ആ, സുഖമുണ്ടല്ലോ?. അത് വഴി മാറാന്‍ അധിക സമയമൊന്നും വേണ്ട. ഉപ്പ് തിന്നവരെല്ലാം വെള്ളം കുടിച്ചിട്ടുണ്ട്. ‘ ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം, വേഗേന തീരുമായുസ്സുമോര്‍ക്ക നീ’. എന്ന് ലക്ഷ്മണോപദേശത്തില്‍ ശ്രീരാമന്റെ വാക്ക്. കൊല്ലും കൊലയും നടത്തി ലോകത്തെ അടക്കി ഭരിച്ച ചക്രവര്‍ത്തിമാരും സിംഹാസനങ്ങളും കടലെടുക്കപ്പെട്ടിട്ടുണ്ട്.

ഓര്‍ക്കുക!!
ആയിരങ്ങളെ ഗ്യാസ് ചേമ്പറുകളിലിട്ട് കത്തിച്ച് കളഞ്ഞ ഹിറ്റ്‌ലര്‍ക്കും. താന്‍ ചെയ്തത് ശരിയാണെന്നായിരുന്നു അവകാശ വാദം.
കഴിഞ്ഞ ഓണക്കാലത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ പട്ടിണിക്കിട്ട് രസിച്ചത് പോലെ ഈ വര്‍ഷത്തെ ഓണക്കാലത്തും – സാഡിസം നടപ്പാക്കപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്.

കാലമിനിയുമുരുളും
വിഷു വരും
വര്‍ഷം വരും
തിരുവോണം വരും
പിന്നെയോരോ
തളിരിനും പൂ വരും
കായ് വരും

അപ്പോളാരെന്നുമെന്തെന്നു മാര്‍ക്കറിയാം

എന്ന്. കവി.. കക്കാട് പാടിയത് പ്രപഞ്ച യാഥാര്‍ത്ഥ്യമാണ്…

ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്റെ വംശപരമ്പര മുടിഞ്ഞ് കത്തിപ്പോകണേ എന്ന ആയിരക്കണക്കിന് മനുഷ്യരുടെ നെഞ്ചുരുകിയ ശാപം അത് വൃഥാവിലാകില്ല … ഉറപ്പ്. കര്‍മ്മഫലം അനുഭവിക്കാതെ ഒരാള്‍ക്കും കാലം യാത്രയയപ്പ് നല്‍കിയിട്ടില്ല.

Leave a Reply

Your email address will not be published.

ksrtc-bus-driver-workers-conductor Previous post ശമ്പളമില്ല, കൂലിപ്പണിക്ക് പോകാൻ അവധി തരണം’; പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ
Project-Scorpene-class-marines-Indian-Navy-Mazagon-Dockyards-Mumbai-India-France-Narendra-Modi Next post പോയ് വരുമ്പോള്‍ എന്തു കൊണ്ടുവരും… യുദ്ധവിമാനവും അന്തര്‍ വാഹിനിയും