
ഇനി വാട്സ്ആപ്പിൽ ഫോൺ നമ്പറും മറച്ചുവെയ്ക്കാം; പുതിയ ഫീച്ചർ
സ്വകാര്യതയുടെ ഭാഗമായി ഫോൺ നമ്പർ മറച്ചുവെയ്ക്കാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ഫോൺ നമ്പർ പ്രൈവസി എന്ന പേരിലുള്ള ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഒരേ പോലെ പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്. പുതിയ ബീറ്റ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയും. കമ്മ്യൂണിറ്റി അനൗൺസ്മെന്റ് ഗ്രൂപ്പ് ഇൻഫോയിലാണ് ഈ ഓപ്ഷൻ നൽകിയിരിക്കുന്നത്.
വാട്സ്ആപ്പ് കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ടാണ് ഈ ഫീച്ചർ. കമ്മ്യൂണിറ്റിയിൽ ഫോൺ നമ്പർ മറച്ചുവെയ്ക്കാൻ ഉപയോക്താവിനെ സഹായിക്കുന്നതാണ് പുതിയ സംവിധാനം. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവന്നത്.
ഈ ഫീച്ചർ പ്രയോജനപ്പെടുത്തുന്നതോടെ, കമ്മ്യൂണിറ്റിയിൽ ഉപയോക്താവിന്റെ ഫോൺ നമ്പർ അഡ്മിൻമാർക്ക് മാത്രമേ കാണാൻ സാധിക്കൂ. ഉപയോക്താവിന്റെ ഫോൺ നമ്പർ കോൺടാക്ടിൽ സേവ് ചെയ്തവർക്കും നമ്പർ കാണാൻ സാധിക്കും. ഫോൺ നമ്പർ മറച്ചുപിടിച്ച് കൊണ്ട് കമ്മ്യൂണിറ്റിയിൽ യഥേഷ്ടം ആശയവിനിമയം നടത്താൻ കഴിയുന്നവിധമാണ് പുതിയ ഫീച്ചറിന്റെ ക്രമീകരണം.
പലപ്പോഴും കമ്മ്യൂണിറ്റിയിൽ പരിചയമില്ലാത്ത നിരവധിപ്പേർ അംഗങ്ങളായി ഉണ്ടാവും. ഈ സാഹചര്യത്തിൽ സ്വകാര്യത സംരക്ഷിക്കാൻ ഈ ഫീച്ചർ വഴി സാധിക്കും. എന്നാൽ ഈ ഫീച്ചർ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് മാത്രമേ പ്രയോജനപ്പെടുത്താൻ കഴിയൂ. അഡ്മിൻമാർക്ക് ഈ ഫീച്ചർ പ്രയോജനപ്പെടുത്താൻ കഴിയില്ല. അവരുടെ നമ്പർ എപ്പോഴും കാണാൻ സാധിക്കുന്ന വിധമാണ് ക്രമീകരണം. വരും ദിവസങ്ങളിൽ ഈ ഫീച്ചർ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.