
ആംബുലൻസ് വൈകി:രോഗി മരിച്ചെന്ന് ആരോപണം
അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
ആംബുലൻസ് പുറപ്പെടാൻ വൈകിയതുകൊണ്ട് രോഗി മരിച്ചെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി മന്ത്രി വീണ ജോർജ്. പനി ബാധിച്ച് പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസ്മയാണ് ആംബുലൻസ് ഡ്രൈവറുടെ പിടിവാശി കാരണം എറണാകുളം ജനറൽ ആശുപത്രിയിൽ എത്താൻ നേരം വൈകിയതോടെ മരിച്ചത്.
അന്വേഷണ വിധേയമായി ആംബുലൻസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു പനി കാരണം അസ്മ എന്ന വായോധികയെ പറവൂർ താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി ഗുരുതരമായതോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ 900 രൂപ നൽകിയാലെ രോഗിയുമായി പോകൂ എന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു.
അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് വീട്ടിൽ നിന്നും പണം കൊണ്ടുവരുന്നത്. പണം കിട്ടയതോടെ ആംബുലൻസിൽ രോഗിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എറണാകുളത്ത് എത്തി ഏതാനും നിമിഷം കഴിഞ്ഞപ്പോൾ രോഗി മരിച്ചു.