
100 പോലും കടന്നില്ല; തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വനിതകള്‍; മിന്നു മണി പുറത്താകാതെ അഞ്ച് റണ്‍സ്
ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ വെറും 96 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് മാത്രമാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ടോസ് നേടി ഇന്ത്യന്‍ വനിതകള്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു താരവും മികവോടെ ബാറ്റ് ചെയ്തില്ല. മലയാളി താരം മിന്നു മണിക്ക് രണ്ടാം പോരിലും അവസരം കിട്ടി. അവസാന ബാറ്ററായി ക്രീസിലെത്തിയ മിന്നു മൂന്ന് പന്തില്‍ ഒരു ഫോര്‍ സഹിതം അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു. മിന്നുവിനൊപ്പം പൂജ വസ്ത്രാക്കറും പുറത്താകാതെ നിന്നു. താരം മൂന്ന് പന്തില്‍ ഏഴ് റണ്‍സെടുത്തു.
19 റണ്‍സെടുത്ത ഓപ്പണര്‍ ഷെഫാലി വര്‍മായാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്മൃതി മന്ധാന (13), യസ്തിക ഭാട്ടിയ (11), ദീപ്തി ശര്‍മ (10), അമന്‍ജോത് കൗര്‍ (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഹര്‍ലീന്‍ ഡിയോണ്‍ ആറ് റണ്‍സും ജെമിമ റോഡ്രിഗസ് എട്ട് റണ്‍സുമായും മടങ്ങി. ബംഗ്ലാദേശിനായി സുല്‍ത്താന ഖാതും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഫഹിമ ഖാതും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. റബെയ ഖാന്‍, മറുഫ അക്തര്‍, നഹിത അക്തര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.