
ഷാജന്‍സ്‌ക്കറിയയ്ക്ക് ജാമ്യവും കിട്ടും, SC/ST ആക്ട് നിലനില്‍ക്കില്ല
മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കാന്‍ ഫാന്‍സെന്ന കുറുക്കന്‍ കാത്തിരിക്കുന്നും, ലൈക്കും കമന്റും ഷെയറും വ്യൂസുമൊക്കെയായി
സ്വന്തം ലേഖകന്‍
രണ്ടു മുട്ടനാടുകളെ തമ്മിലിടിപ്പിച്ച്, നടുക്കുനിന്ന് ചോര കുടിക്കുന്ന കുറുക്കന്റെ കഥ കേട്ടിട്ടില്ലേ. അതുപോലെയാണ് സോഷ്യല്‍ മീഡിയയിലെ കുറുക്കന്റെ റോളില്‍ വരുന്ന ഫാന്‍സുകള്‍. യൂ ട്യൂബ് ചാനല്‍ ഉടമ ഷാജന്‍സ്‌ക്കറിയയും പി.വി അന്‍വര്‍ എം.എല്‍.എയും തമ്മിലുള്ള പോരാട്ടത്തില്‍ ചോര കുടിക്കുന്നത് ഫാന്‍സുകളാണ്. ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഷാജന്‍സ്‌ക്കറിയ വാര്‍ത്തകള്‍ നിരന്തരം ചെയ്തു. ലൈക്കും കമന്റും കൊണ്ട് ഫാന്‍സുകള്‍ ആവോളം പ്രോത്സാഹിപ്പിച്ചു. മറ്റൊരു വശത്ത് എം.എല്‍.എമാരായ പി.വി അന്‍വറും പി.വി ശ്രീനിജനും ചേര്‍ന്നുള്ള ആക്രമണം ശക്തമാക്കി. അവിടെയും ഫാന്‍സുകളുടെ തള്ളിക്കയറ്റവും പുലഭ്യം പറച്ചിലും കൂടി വന്നു. ഫാന്‍സുകളുടെ എണ്ണത്തിലും വണ്ണത്തിലുമുള്ള വര്‍ദ്ധന രണ്ടു മുട്ടനാടുകളില്‍ വീറും വാശിയും കേറ്റി. പോരാട്ടം കനത്തു. രക്ത രൂക്ഷിതമാകുമെന്ന ഘട്ടമെത്തിയതോടെ കേസ് കോടതിയിലായി. ജാമ്യമെടുക്കാന്‍ ഷാജന്‍ സുപ്രീം കോടതിവരെപ്പോയി. ഒടുവില്‍ അറസ്റ്റിന് സ്‌റ്റേവാങ്ങി.

എന്നാല്‍, സ്‌റ്റേ വരുമുമ്പ് അന്‍വര്‍ ഷാജന്‍സ്‌ക്കറിയയുടെ, മുഖമില്ലാത്ത ശരീരമുള്ള ഫോട്ടോയിട്ട് വണ്‍…ടു…ത്രീ എന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഷാജനെ തിരഞ്ഞ് പോലീസ് നാലുപാടും ഓടി. കണ്ടവരെയെല്ലാം വിരട്ടി. ഓഫീസുകളില്‍ റെയ്ഡ് നടത്തി. ഫോണുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. എന്നിട്ടും മതിവരാതെ പ്രസ്‌ക്ലബ്ബിനെയും പുലഭ്യംപറഞ്ഞ് സീന്‍ കോണ്‍ഡ്രയാക്കി മുന്നേറുകയാണ്. സി.പി.ഐ നേതാവ് സി. ദിവാകരന്റെ നെഞ്ചത്തും ചെറുതായൊന്ന് പൊങ്കാലയിട്ട് തത്ക്കാലം സമാധാനിച്ചിരിക്കുകയാണ് അന്‍വര്‍ എം.എല്‍.എ. ആരാധകര്‍ കാത്തിരിക്കുകയാണ് പോരാട്ടത്തിന്റെ അടുത്ത ഘട്ടത്തിനായി. അറസ്റ്റിന് സ്‌റ്റേ മൂന്നാഴ്ചത്തേക്ക് മാത്രമാണ്. കേസ് പരിഗണിക്കുമ്പോള്‍ കേസിന്റെ മെറിറ്റ് അനുസരിച്ചായിരിക്കും ജാമ്യം അനുവദിക്കാന്‍ കോടതി തീരുമാനിക്കുക. അറസ്റ്റിന് സ്‌റ്റേ നല്‍കുമ്പോള്‍ കോടതിയുടെ നിരീക്ഷണം വളരെ ശ്രദ്ധാപൂര്‍വ്വമായിരുന്നു.

കോടതിയുടെ നിരീക്ഷണത്തെ സൂക്ഷ്മമായി പരിശോധിച്ചാല്‍, ഷാജന്‍സ്‌ക്കറിയയ്ക്ക് ജാമ്യം ലഭിക്കുമെന്നു തന്നെ വിശ്വസിക്കേണ്ടി വരും. കാരണം, പി.വി. ശ്രീനിജന്‍ എം.എല്‍.എയെ ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു കേസ്. ഇതനുസരിച്ച് ഷാജനെതിരേ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് ജാമ്യമില്ലാ വുകപ്പു ചുമത്തി കേസെടുത്തത്. എന്നാല്‍, SC/ST ആക്ട് പ്രകാരം ഈ കേസ് നിലനില്‍ക്കില്ല എന്നാണ് കോടതി നിരീക്ഷിച്ചത്. അതുകൊണ്ടു തന്നെ ഷാജന്‍സ്‌ക്കറിയയ്ക്ക് ജാമ്യം ലഭിക്കുമെന്നു തന്നെ വിശ്വസിക്കേണ്ടി വരും.

സുപ്രീംകോടതിയില്‍ നടന്ന വാദത്തിനിടയില്‍, ”അഭിപ്രായങ്ങളോട് വിയോജിക്കുന്നുവെങ്കില്‍ പാഠം പഠിപ്പിക്കണമോ? ജയിലിലേക്ക് അയക്കുന്നത് കടുത്ത ഉത്തരം ആയിരിക്കും’. ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് കൊണ്ട് സുപ്രീം കോടതി പറഞ്ഞത് ഇതായിരുന്നു.’
ജഡ്ജി ഡി.വൈ ചന്ദ്രചൂഡിന്റെ ബെഞ്ചില്‍ ഷാജന്‍ സ്‌കറിയ കേസില്‍ ഇന്നലെ സുപ്രീം കോടതിയില്‍ നടന്നത് ചുരുക്കത്തില്‍ ഇങ്ങനെയാണ്.
കേസ് നമ്പര്‍ 36., ബെഞ്ച് : ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് നരസിംഹ.
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് : (സിദ്ധാര്‍ഥ് ലൂതറയോട്) ലൂതറ അങ്ങ് ആര്‍ക്ക് വേണ്ടിയാണ് ഹാജരാകുന്നത്.
സിദ്ധാര്‍ഥ് ലൂതറ : ഞാനും, സിദ്ധാര്‍ഥ് ദാവെയും ഹര്‍ജിക്കാരന് വേണ്ടിയാണ് ഹാജരാകുന്നത്.
ചീഫ് ജസ്റ്റിസ് : (ശ്രീനിജിന് വേണ്ടി ഹാജരാകുന്ന വി. ഗിരിയോട്) : മിസ്റ്റര്‍ ഗിരി, ഈ കേസിന്റെ സ്വഭാവം നോക്കൂ.
ഗിരി : ആ പരാമര്‍ശങ്ങള്‍ നോക്കൂ. എത്ര അപകീര്‍ത്തികരം ആണ്. മനഃപൂര്‍വ്വും അപമാനിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുള്ളതാണ്.

ചീഫ് ജസ്റ്റിസ് : ഗിരി പറയുന്നത് ശരിയാണ്. അതിനോട് യോജിക്കുന്നു. പരാമര്‍ശം തികച്ചും അപകീര്‍ത്തികരം തന്നെയാണ്. പക്ഷേ ഇതിന് SC / ST ആക്ട് പ്രകാരം എങ്ങനെ ആണ് കേസ് എടുക്കാന്‍ കഴിയുന്നത്? പരാതിക്കാരനെ കുറിച്ച്, അദ്ദേഹത്തിന്റെ ഭാര്യ പിതാവിനെ കുറിച്ച്, ജുഡീഷ്യറിയെ കുറിച്ച് പറഞ്ഞതൊക്കെ അപകീര്‍ത്തികരം ആണ്. എന്നാല്‍ അതൊക്കെ SC / ST ആക്ട് പ്രകാരം ഉള്ള കുറ്റം എങ്ങനെ ആകും? അത് ശരിയായ ഒരു രീതിയല്ല.
വി ഗിരി : മനഃപൂര്‍വ്വും അപമാനിക്കാനും, മാനഹാനി വരുത്തുന്നതിനും ആണ് ലക്ഷ്യമെങ്കില്‍ SC / ST ആക്ട് പ്രകാരം ഉള്ള കുറ്റം നിലനില്‍ക്കും.
ചീഫ് ജസ്റ്റിസ് : അത് എങ്ങനെ നിലനില്‍ക്കും. ഉദാഹരണത്തിന് SC / ST വിഭാഗത്തില്‍ പെട്ട ഒരു വ്യക്തിയും മറ്റൊരു വ്യക്തിയും തമ്മില്‍ 25 ലക്ഷത്തത്തിന്റെ കരാറില്‍ ഏര്‍പ്പെടുന്നു. കരാര്‍ പ്രകാരം ഉള്ള പണം നല്‍കാത്തതിന് SC / ST വിഭാഗത്തില്‍ പെട്ട വ്യക്തിയെ ചതിയന്‍ എന്ന് വിളിച്ചാല്‍ ഈ വകുപ്പ് പ്രകാരം കേസ് എടുക്കാന്‍ കഴിയുമോ? അതില്‍ എവിടെയാണ് ജാതി അധിക്ഷേപം? 47 ആമത്തെ പേജ് വായിക്കൂ. ഞാന്‍ അതിന്റെ തര്‍ജ്ജിമ വായിച്ചു. SC/ ST ആക്ട് പ്രകാരം ഉളള കുറ്റം നിലനില്‍ക്കുന്ന ഒന്നും എനിക്ക് അതില്‍ കാണാന്‍ കഴിഞ്ഞില്ല.

ചീഫ് ജസ്റ്റിസ് : പരാതിക്കാരന്‍ (ശ്രീനിജിന്‍) SC / ST വിഭാഗത്തില്‍ പെട്ട വ്യക്തി ആണെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. പരാതിക്കാരന് എതിരെയോ, അദ്ദേഹത്തിന്റെ ഭാര്യ പിതാവിന് എതിരെയോ എന്തെങ്കിലും ആരോപണം ഉന്നയിച്ചു എന്ന് കരുതി SC / ST ആക്ട് പ്രകാരം കേസ് എടുക്കാന്‍ കഴിയുമോ? ഈ പരാമര്‍ശങ്ങള്‍ ഒക്കെ അപകീര്‍ത്തികരം ആണ്. അതിനെ നിയമപരമായി നേരിടാന്‍ മറ്റ് പല വഴികളും ഉണ്ട്.
വി ഗിരി : മലയാളത്തില്‍ പറഞ്ഞത് ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്യുമ്പോള്‍ അതിന്റെ ഗൗരവ സ്വഭാവം പലപ്പോഴും നഷ്ട്ടപെടാറുണ്ട്. ( ഷാജന്‍ സ്‌കറിയയുടെ പരാമര്‍ശങ്ങള്‍ ഗിരി വായിക്കുന്നു)
ചീഫ് ജസ്റ്റിസ് : ആരോപണങ്ങള്‍ കളര്‍ഫുള്‍ ആയിരിക്കാം. അദ്ദേഹം പറഞ്ഞതിനോട് വിജയോജിക്കുന്നു എന്ന കാരണത്താല്‍ പാഠം പഠിപ്പിക്കണം എന്നുണ്ടോ? അദ്ദേഹം പറഞ്ഞതിനോട് പൂര്‍ണ്ണമായും വിയോജിക്കുന്നു. പക്ഷേ അതിന് ജയിലിലേക്ക് അയക്കുന്നത് കടുത്ത ഉത്തരമായിരിക്കും.
വി ഗിരി : അദ്ദേഹം നിരന്തരം ഇങ്ങനെ ആരോപണങ്ങള്‍ പറഞ്ഞുകൊണ്ട് ഇരിക്കുയാണ്. ആരെങ്കിലും പൂച്ചക്ക് മണി കെട്ടേണ്ടേ?

ജസ്റ്റിസ് പി എസ് നരസിംഹ : അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളോട് ഞങ്ങള്‍ പൂര്‍ണ്ണമായും വിയോജിക്കുന്നു. പക്ഷേ SC / ST ആക്ട് പ്രകാരം കേസ് എടുക്കേണ്ട പരാമര്‍ശങ്ങള്‍ ഏതാണ്?.
ഷാജന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വി ഗിരി വായിക്കുന്നു.
വി ഗിരി : ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ആയി ബന്ധപ്പെട്ട വിഷയത്തില്‍ കുന്നത്ത്‌നാട് മണ്ഡലത്തിലെ എംഎല്‍എ എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് ശ്രീനിജിന് എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കുന്നത്ത്‌നാട് മണ്ഡലം സംവരണ മണ്ഡലം ആണ്. കഴിഞ്ഞ 20 വര്‍ഷമായി സംവരണ വിഭാഗത്തില്‍ പെട്ടവരാണ് അവിടെ നിന്നുള്ള ജന പ്രതിനിധികള്‍. ഇത് എല്ലാവര്‍ക്കും അറിയാവുന്നത് ആണ്.
ചീഫ് ജസ്റ്റിസ് : ആ മണ്ഡലവും ആയി ബന്ധപ്പെട്ട് പറഞ്ഞാല്‍ എങ്ങനെ SC/ ST ആക്ട് പ്രകാരം കേസ് വരും?
ഗിരി : ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ആയി ബന്ധപ്പെട്ട വിഷയത്തില്‍ കുന്നത്ത്‌നാട് മണ്ഡലത്തിലെ MLA എന്ന് പറഞ്ഞതിന് ലക്ഷ്യമുണ്ട്. അല്ലെങ്കില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്ന് വിശേഷിപ്പിച്ച് കൊണ്ട് ആരോപണം ഉന്നയിക്കാമായിരുന്നു.
ജസ്റ്റിസ് നരസിംഹ : ഞങ്ങള്‍ നിങ്ങള്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. അതില്‍ ജാതിയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലല്ലോ.
വി ഗിരി : കുന്നത്ത്‌നാടിനെ കുറിച്ച് പറഞ്ഞത് ജാതിയും ആയി ബന്ധപ്പെട്ടതാണ്.
ജസ്റ്റിസ് നരസിംഹ : വേറെ എന്തെങ്കിലും ഉണ്ടോ?
ചീഫ് ജസ്റ്റിസ് ഉത്തരവ് ഇറക്കുന്നു : കേസിലെ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ്. രണ്ടാം എതിര്‍കക്ഷി നല്‍കിയ പരാതിയില്‍ ഹര്‍ജിക്കാരന്റെ അറസ്റ്റ് സ്റ്റേ ചെയ്യുന്നു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് അറസ്റ്റ്.

ചീഫ് ജസ്റ്റിസ് : ഹൈക്കോടതി വളരെ ശക്തമായ ഉത്തരവാണ് പുറപ്പടിവിച്ചത്. അത് കൊണ്ട് രണ്ട് തവണയാണ് ആ ഉത്തരവ് വായിച്ചത്.
അറസ്റ്റ് സ്റ്റേ ചെയ്യുന്നതിനെ വി ഗിരി വീണ്ടും എതിര്‍ക്കുന്നു.
ചീഫ് ജസ്റ്റിസ് : ഹര്‍ജിക്കാരന്‍ മുതിര്‍ന്ന ജേര്‍ണലിസ്റ്റ് ആണ്.
വി ഗിരി : അദ്ദേഹത്തത്തിന് ഒരു യൂ ട്യൂബ് ചാനല്‍ മാത്രമാണ് ഉള്ളത്.
ചീഫ് ജസ്റ്റിസ് : ക്രിമിനല്‍ നിയമങ്ങളില്‍ മറ്റൊരാളുടെ സ്വാതന്ത്ര്യം കൂടി കണക്കിലെടുത്ത് മാത്രമാണ് തീരുമാനം എടുക്കേണ്ടത്.
വി ഗിരി : പക്ഷേ മറ്റുള്ളവര്‍ക്ക് എതിരെ അദ്ദേഹം നിരന്തരം ഇത്തരം അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കുക ആണ്. വേറെ ജോലി ഒന്നും ഇല്ലാതിരിക്കുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ ഇത് കേള്‍ക്കാറുണ്ട്. പക്ഷേ ആരോപണങ്ങള്‍ നേരിടുന്നവരുടെ പക്ഷത്ത് നിന്ന് നോക്കുമ്പോള്‍ അതില്‍ വലിയ പ്രശനങ്ങള്‍ ഉണ്ട്.
ചീഫ് ജസ്റ്റിസ് : തീര്‍ച്ചയായും. പക്ഷേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നേരിടാന്‍ നിയമപരമായ മറ്റ് വഴികള്‍ ഉണ്ട്. (സിദ്ധാര്‍ഥ് ലൂതറയോട്) നിങ്ങളുടെ കക്ഷിയോട് പറയണം എല്ലായിപ്പോഴും സംവാദത്തിന്റെ തലം ഉണ്ടായിരിക്കണം. അദ്ദേഹത്തിന് സംരക്ഷണം നല്‍കുമ്പോള്‍ ബെഞ്ചിന് അങ്ങനെ ഒരു അഭിപ്രായം ഉള്ളതായി പറയണം
സിദ്ധാര്‍ഥ് ലൂതറ : തീര്‍ച്ചയായും. ആവശ്യമായ കൗണ്‍സിലിംഗ് നല്‍കാം. പക്ഷേ ഇത്തരം പരാമര്‍ശങ്ങള്‍ക്ക് SC / ST ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്.
ഷാജന്‍ സ്‌കറിയക്ക് വേണ്ടി ഹാജരായ മറ്റൊരു സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ദാവെയും, സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാറും, കാര്യമായി ഒന്നും കോടതിയില്‍ പറഞ്ഞുകേട്ടില്ല.

ഷാജന്‍സ്‌ക്കറിയാ ഫാന്‍സുകാര്‍ ആഘോഷത്തിലാണ്. സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത ചെയ്തുള്ള ആഘോഷം. എന്നാല്‍, കോടതിയുടെ നിരീക്ഷണം പോലെ യൂട്യൂബ് ന്യൂസ് ചാനലുകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഭാഷയ്ക്ക് മിതത്വവും, അശ്ലീലം തീണ്ടാത്തതുമായിരിക്കണം. ലൈക്കും കമന്റും വ്യൂസും മാത്രം ലക്ഷം വെച്ചുള്ള വാര്‍ത്തകള്‍ ചമയ്ക്കുമ്പോള്‍ അത് പരിധിവിട്ടു പോകും. വായില്‍ തോന്നുന്നതൊന്നും വിളിച്ചു പറയുന്നത് വാര്‍ത്തകളോ, വീക്ഷണങ്ങളോ അല്ല. അത് അശ്ലീലം തന്നെയാണ്. അത് മറന്നു പോകാതിരിക്കണം. സംസ്ഥാന സര്‍ക്കാര്‍ സോഷ്യല്‍ മീഡിയയിലെ ന്യൂസ് ചാനലുകളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്നതിലും തെറ്റില്ല എന്നാണ് അഭിപ്രായം.