
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ഹിമാചൽ പ്രദേശിൽ മാത്രം 20 മരണം
കനത്ത മഴ തുടരുന്ന ഉത്തരേന്ത്യയിൽ മൂന്നു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 34 ആയി. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് അതിശക്തമായ മഴ. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഹിമാചൽ പ്രദേശിൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മണാലി, കുളു, കിന്നോർ, ചമ്പ എന്നിവിടങ്ങളിലെല്ലാം നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. വീടുകളും കെട്ടിടങ്ങളും പൂർണമായും വെള്ളത്തിൽ ഒലിച്ചുപോയി. ആളുകൾ 24 മണിക്കൂർ നേരത്തേക്ക് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ഹിമാചൽ പ്രദേശിൽ 20 പേർ മരിച്ചുവെന്ന് മന്ത്രി ജഗ്ത് സിങ് നെഗി അറിയിച്ചു. ദേശീയപാത ഉൾപ്പെടെ 1300 റോഡുകൾ തകർന്നു. പല സ്ഥലങ്ങളും ഒറ്റപ്പെട്ട അവസ്ഥയാണ്. രണ്ട് ദിവസംകൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
ഡൽഹിയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഡൽഹി സർക്കാർ 16 കൺട്രോൾ റൂമുകൾ തുറന്നു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് ഹരിയാനയിലും ഡൽഹിയിലും പ്രളയസാധ്യതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അപകടനിലയും പിന്നിട്ടാണ് യമുനയിലെ നീരൊഴുക്ക്.