minnu-mani-cricket-womens-bangla-desh-bowling-left-hand

നാലാം പന്തില്‍ പിറന്ന വിക്കറ്റുമായി കേരളത്തിന്റെ മിന്നാമിനുങ്ങ്

നവോത്ഥാനത്തിന്റെ പടവുകള്‍ ഇനിയും കയറിത്തീരാത്ത നാട്ടില്‍ നിന്നുമാണ് നീ ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയത്

എ.എസ്. അജയ്‌ദേവ്

നീ തുറന്നിട്ട അനന്ത വിഹായസ്സിലേക്ക് കടന്നു വരാന്‍ കേരളത്തിലെ മൈതാനങ്ങളില്‍ പെണ്‍കിടാങ്ങള്‍ ഇനി മത്സരിക്കും. നിന്റെ വിരലുകളില്‍ വിരിഞ്ഞ സ്പിന്‍ മാന്ത്രികതയില്‍ നിന്നും പിറന്ന ക്യാച്ചില്‍ വീണ ആ വിക്കറ്റ്, ഓരോ മലയാളി പെണ്‍ കളിക്കാരുടെയും ക്രിക്കറ്റ് ലോകത്തേക്കുള്ള ചവിട്ടുപടിയാണ്. കരടിയും കലമാനും ഒന്നിച്ചു വാഴുന്ന വയനാടന്‍ മണ്ണില്‍ വിളഞ്ഞ മിന്നുമണീ, നിന്നെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ അഭിമാനം തോന്നുന്നു. നവോത്ഥാനത്തിന്റെ പടവുകള്‍ ഇനിയും കയറിത്തീരാത്ത നാട്ടില്‍ നിന്നുമാണ് നീ ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ വനിതാ ടീമിന്റെ ബൗളിംഗ് നിരയിലെ നെടുനായകത്വം നിന്നിലേക്കെത്തുന്നത് സ്വപ്‌നം കാണുന്നു ഞങ്ങള്‍ കേരളീയര്‍.

സ്പിന്നിന്റെ കുരത്താകണം നീ. നിന്റെ വരളുകൡ തിരിയുന്ന ബോളുപോലെ കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രവും തിരിയണം. തിരുത്തിയയെഴുത്തുകള്‍ അനിവാര്യമായ കാലമാണിപ്പോള്‍. പെണ്‍കരുത്തിന്റെ പാഠങ്ങള്‍ പഠിച്ചെടുക്കേണ്ടവര്‍ നിരവധിയാണ്. ആരോഗ്യത്തെ കുറിച്ച് ചിന്തിക്കുന്ന ഭരണാധികാരികള്‍ ആശുപത്രികള്‍ കൂടുതല്‍ വേണമെന്ന് ചിന്തിക്കുന്ന ലോകമാണ്. ആരോഗ്യമെന്നത് നല്ല വ്യായാമത്തിലൂടെ വേണമെന്ന് തെളിയിക്കുന്നതു കൂടിയാകണം നമ്മുടെ കളിക്കളങ്ങളും കളിക്കാരും. പ്രതിഭകള്‍ ഉണ്ടാകുന്നത് അതിനു കൂടിയാണ്. മിന്നുമണിയെന്ന മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം കണ്ട് ആയിരം മിന്നാമിനുങ്ങുകള്‍ കേരളത്തിലുണ്ടാവട്ടെ. അവര്‍ക്കു കളിക്കാന്‍ ഗ്രൗണ്ടുകള്‍ തയ്യാറാകട്ടെ. പെണ്‍കുഞ്ഞു ജനിച്ചാല്‍ നെറ്റി ചുളിയുന്ന ഓരോ ദമ്പതികളും ഓര്‍ക്കണം, നാളത്തെ മിന്നുമണിയാണ് നിങ്ങള്‍ക്കു ജനിച്ചതെന്ന്.

പെണ്‍ കുട്ടികള്‍ ഇങ്ങനെയേ ചെയ്യാവൂ. ഇങ്ങനെയേ ആകാവൂ എന്നുള്ള താളിയോല എഴുത്തുകുത്തുകളെയാണ് അവള്‍ നീലക്കുപ്പായത്തില്‍ കയറിയപാടെ തൂത്തെറിഞ്ഞത്. സ്ത്രീ ന; സ്വാതന്ത്ര്യമര്‍ഹതീ എന്നെഴുതിയ നാരായത്തെ കുത്തിപ്പൊട്ടിച്ചു. ആര്‍ക്കും കയറിച്ചെല്ലാന്‍ പാകത്തിന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വാതില്‍ തുറന്നിട്ടു കൊടുത്തു. തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ത്തന്നെ ആദ്യ മത്സരത്തില്‍ പതിനൊന്നാം പേരുകാരിയായി കുറിക്കപ്പെട്ടു. കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ ക്രിക്കറ്ററായി ഇന്ത്യന്‍ ടീമിന്റെ മുന്‍ നിരയില്‍ നിന്നു. ബംഗ്ലാദേശുമായുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അരങ്ങേറ്റം. ആദ്യ ഓവറിലെ നാലാം പന്തില്‍ വിക്കറ്റ്. ബംഗ്ലാദേശ് ഓപ്പണര്‍ ഷമീമ സുല്‍ത്താനയെയാണ് മിന്നും മടക്കിയത്. സുല്‍ത്താനയെ മിന്നുവിന്റെ പന്തില്‍ ജെമീമ റോഡ്രിഗസ് ക്യാച്ചെടുക്കുകയായിരുന്നു. ഓള്‍റൗണ്ടറാണ് മിന്നുമണി. പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു. 30 ലക്ഷത്തിനാണ് മിന്നു മണിയെ ഡല്‍ഹി ക്യാപിറ്റല്‍സ് പാളയത്തിലെത്തിച്ചത്. ഇന്ത്യന്‍ എ ടീമിന്റെ നീലക്കുപ്പായത്തിലും മിന്നു ഇടം പിടിച്ചിരുന്നു.

ഇടംകൈയന്‍ ബാറ്ററും സ്പിന്നറുമായ മിന്നുവിന് സീസണില്‍ ഡല്‍ഹിയുടെ ആദ്യ മത്സരങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അരങ്ങേറാന്‍ അവസരം കിട്ടി. ബംഗ്ലാദേശ് പര്യടനത്തിലെ ട്വന്റി 20 ടീമില്‍ മാത്രമാണ് മിന്നുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ ബൗളിംഗില്‍ മികവ് കാട്ടി മിന്നു ആരാധകരുടെ പ്രതീക്ഷ കാത്തിരിക്കുകയാണ്. മിന്നുമണിയെന്ന കേരളത്തിന്റെ വനിതാ ക്രിക്കറ്ററെ കുറിച്ച് ഇത്രയെങ്കിലും എഴുതിയില്ലെങ്കില്‍ പിന്നെന്തു മാധ്യമപ്രവര്‍ത്തകന്‍. കളിയിലൂടെയുള്ള മിന്നുമണിയുടെ ഓരോ വളര്‍ച്ചയും അറിഞ്ഞിരുന്ന ഒരാളായതു കൊണ്ടാണ് ഈ ആവേശം. അവള്‍ വളരണം. അവള്‍ കേരളത്തിലെ മറ്റു പെണ്‍ കളിക്കാര്‍ക്ക് വഴി കാട്ടണം. അവളിലൂടെ കേരളം അറിയപ്പെടണം എന്നൊക്കെ ആഗ്രഹിക്കുന്ന ലക്ഷോപ ലക്ഷം ക്രിക്കറ്റ് പ്രേമികള്‍ കേരളത്തിലുണ്ട്.

Leave a Reply

Your email address will not be published.

minnu-mani-cricket-bangla-desh-t20-winning-team Previous post മിന്നു മണിയും ഹര്‍മന്‍പ്രീത് കൗ‍റും ചേര്‍ന്ന് ബംഗ്ലാദേശിനെ തൂത്തെറിഞ്ഞു
muthalappozhi-sea-fishermen-yugeen-perera-v.sivan-kutty Next post മുതലപ്പൊഴിയിലെ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടം: മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്ത് ഫാദർ യുജീൻ പേരേര; ആഹ്വാനം അനുസരിക്കാതെ നാട്ടുകാർ