
20 വര്‍ഷത്തിന് ശേഷം മണിച്ചന് മോചനം. തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് പ്രതി മണിച്ചന് 20 വര്‍ഷത്തിന് ശേഷം മോചനം. സ്വാതന്ത്രദിനത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മണിച്ചനുള്‍പ്പെടെ ജയിലില്‍ കഴിയുന്ന 33 പ്രതികള്‍ക്ക് മോചനം അനുവദിച്ചുകൊണ്ടുള്ള ഫയലില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടത്.
തടവുകാരുടെ മോചനത്തിനായി സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു ഗവര്‍ണ്ണര്‍.
33 പേരടങ്ങുന്ന പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് എന്ത് മാനദണ്ഡത്തിലാണ് ഇവരെ തിരഞ്ഞെടുത്തതെന്ന് ഗവര്‍ണ്ണര്‍ സര്‍ക്കാരിനോട് ചോദിച്ചിരുന്നു. വിദഗ്ദ്ധര്‍ വിശദമായി പരിശോധിച്ചാണ് 64 പേരില്‍ നിന്ന് 33 പേരെ തിരഞ്ഞെടുത്താണെന്നും ശിക്ഷയില്‍ 20 വര്‍ഷം പിന്നിട്ടവരെയും പ്രായാധിക്യം രോഗാവസ്ഥയിലുള്ളവര്‍ എന്നിവ പരിഗണിച്ചാണ് പ്രതികളെ മോചനത്തിനായി തിരഞ്ഞെടുത്താണെന്നും സര്‍ക്കാര്‍ ഗവര്‍ണ്ണറെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ മോചിപ്പിക്കാനുള്ള ശുപാര്‍ശക്ക് ഗവര്‍ണ്ണര്‍ അനുമതി നല്‍കിയത് .
2000 ഒക്ടോബര്‍ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ ദുരന്തമുണ്ടായത്. കല്ലുവാതുക്കല്‍ 19 പേരും പള്ളിക്കല്‍, പട്ടാഴി എന്നിവിടങ്ങളിലുള്ള 31 പേരും വ്യാജമദ്യം കഴിച്ച് മരിക്കാനും 6 പേര്‍ക്ക് കാഴ്ച്ച നഷ്ടപ്പെടാനുമിടയായ സംഭവമാണ് കല്ലുവാതുക്കല്‍ മദ്യ ദുരന്തം.
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു ചന്ദ്രന്‍ മണിച്ചന്‍ എന്ന മണിച്ചന്‍. വീട്ടിലെ ഭൂഗര്‍ഭ അറകളിലായിരുന്നു മണിച്ചന്‍ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാന്‍ കലര്‍ത്തിയ വിഷ സ്പിരിറ്റാണ് ദുരന്തത്തിന് കാരണമായത്.
മണിച്ചന്‍, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാര്‍, എന്നിവരും പ്രതികളായിരുന്നു. ഹയറുന്നിസ ജയില്‍ ശിക്ഷ അനുഭവിക്കവെ കരള്‍ വീക്കം മൂലം മരണമടഞ്ഞു. സുരേഷ് കുമാര്‍, മനോഹരന്‍ എന്നിവരും പ്രതികളാണ്. നാല്‍പ്പത്തൊന്നാം പ്രതിയായ സോമന്റെ ശിക്ഷ പിന്നീട് ഇളവു ചെയ്തിരുന്നു.
കേസില്‍ മണിച്ചന് 302 ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കല്‍, കാഴ്ചനഷ്ടപ്പെടുത്തല്‍, ചാരായത്തില്‍ വിഷംകലര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍, സ്പിരിറ്റ് കടത്തല്‍, ചാരായവില്‍പ്പന തുടങ്ങിയ കുറ്റങ്ങള്‍ക്കായി മറ്റൊരു 43 വര്‍ഷവും വിധിച്ചിരുന്നു.
കേസിലെ മറ്റ് പ്രതികളും മണിച്ചന്റെ സഹോദരങ്ങളുമായ കൊച്ചനി, മണികണ്ഠന്‍ എന്നിവര്‍ക്ക് നേരത്തെ ശിക്ഷ ഇളവ് നല്‍കിയിരുന്നു. കഴിഞ്ഞവര്‍ഷമാണ് ഇരുവരെയും വിട്ടയച്ചത്.
മണിച്ചനെ മോചിപ്പിക്കുന്നതില്‍ കാര്യമായ എതിര്‍പ്പില്ലെന്ന് സംഭവത്തിലെ ഇരകളും അവരുടെ കുടുംബാംഗങ്ങളും പറഞ്ഞിരുന്നു. 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ മണിച്ചനെ മോചിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ ശുപാര്‍ശയിന്‍മേല്‍ ഗവര്‍ണറുടെ തീരുമാനം വൈകിയിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് മണിച്ചന്‍ ആദ്യം ശിക്ഷ അനുഭവിച്ചത്. പിന്നീട് നെട്ടുകാല്‍ത്തേരി തുറന്നജയിലിലേക്ക് മാറ്റിയിരുന്നു. ജയിലില്‍ മികച്ച കര്‍ഷകനായാണ് മണിച്ചന്‍ അറിയപ്പെട്ടിരുന്നത്.
