പ്രശ്‌നം ഷാജനും മറുനാടന്‍ മലയാളിയും, ‘യുദ്ധം’ അന്‍വറും പ്രസ്‌ക്ലബ്ബും തമ്മില്‍

രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ച് മാധ്യമ സ്ഥാപനങ്ങളെ ഇല്ലാതാക്കി മാധ്യമ പ്രവര്‍ത്തകരെ കൊന്നു കളയാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍ക്കുക, ഇന്നു ഞാന്‍ നാളെ നീ

സ്വന്തം ലേഖകന്‍

മറുനാടന്‍ മലയാളി ഉടമ ഷാജന്‍സ്‌ക്കറിയയും സി.പി.എം. എം.എല്‍.എ പി.വി അന്‍വറും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിനിടയില്‍ അന്‍വറിനെതിരേ പരസ്യ യുദ്ധം പ്രഖ്യാപിച്ച് തിരുവനന്തപുരം പ്രസ്‌ക്ലബ്ബ്. ഇതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു് മുമ്പിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. മറുനാടന്‍ മലയാളി ചാനലിലെ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് നടത്തിയ റെയ്ഡും, ഒരു മാധ്യമ സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളും മറ്റു സാധനങ്ങളും എടുത്തുകൊണ്ടു പോയതിലും പ്രതിഷേധിച്ച് പ്രസ്‌ക്ലബ്ബും പത്രപ്രവര്‍ത്തക യൂണിയനും പ്രസ്താവന ഇറക്കിയിരുന്നു.

എന്നാല്‍, യൂണിയന്റെ പ്രസ്താവനയെ കൊള്ളുകയും, പ്രസ്‌ക്ലബ്ബിന്റെ പ്രസ്താവനയെ തള്ളുകയും ചെയ്ത പി.വി അന്‍വര്‍ എം.എല്‍.എ പ്രസ്‌ക്ലബ്ബ് പ്രസിഡന്റിനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടു. കള്ളന്‍-അനധികൃത പിരിവുകാരന്‍-സദാചാര പോലീസ്-ജോലി ഇല്ലാത്തവന്‍ എന്നൊക്കെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്ഷേപവും ആരോപണവുമാണ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ഇതിനൊന്നും പ്രസ്‌ക്ലബ്ബ് മറുപടി നല്‍കിയിരുന്നില്ല. ഷാജന്‍സ്‌ക്കറിയയുമായുള്ള എം.എല്‍.എയുടെ പോരാട്ടത്തില്‍ പ്രസ്‌ക്ലബ്ബ് റഫറിയുടെ റോളൊന്നും എടുത്തിരുന്നില്ല. എന്നാല്‍, മാധ്യമ പ്രവര്‍ത്തകരുടെ പൊതുവായ സ്വാതന്ത്ര്യത്തില്‍ കടന്നുകയറ്റം നടത്തിയെന്ന പരസ്യമായ തോന്നല്‍ സമൂഹത്തിലുണ്ടായപ്പോഴാണ് പ്രതികരിക്കേണ്ടി വന്നത്.

ഈ പ്രതികരണം ഒരിക്കലും അന്‍വര്‍ എം.എല്‍.എയെ വേദനിപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നില്ല എന്നത് വ്യക്തവുമാണ്. എന്നിട്ടും എം.എല്‍.എയുടെ ഇടപെടലും പോസ്റ്റുകളും പ്രസ്‌ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ള എല്ലാ മാധ്യമ പ്രവര്‍ത്തകരെയും അടച്ചാക്ഷേപിച്ചതിനു തുല്യമായിപ്പോയി. ഇതിനു പരിഹരാം കാണേണ്ടത് സര്‍ക്കാര്‍ തന്നെയാണ്. പത്രപ്രവര്‍ത്തക യൂണിയനും, പ്രസ്‌ക്ലബ്ബും മാധ്യമ പ്രവര്‍ത്തകരുടെ അവകാശ സംരക്ഷണത്തിനും സുരക്ഷയ്ക്കും പ്രവര്‍ത്തിക്കുന്ന രണ്ട് സംവിധാനങ്ങളാണ്. സമൂഹത്തില്‍ ഏത് മാധ്യമ പ്രവര്‍ത്തനോ-മാധ്യമ സ്ഥാപനമോ ഒറ്റപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്താല്‍ അവരെ സംരക്ഷിക്കാന്‍ ബാധ്യതയുള്ളവര്‍. വര്‍ഗ ബോധമുള്ളവര്‍ക്ക് അത് മനസ്സിലാവുക തന്നെ ചെയ്യും.

ഇവിടെ വിഷയമാക്കപ്പെട്ട മറുനാടന്‍ മലയാളിയെന്ന ചാനലിന്റെ വാര്‍ത്തയോ-അതിന്റെ ഉടമയോ ഒരു ഉപകരണം മാത്രമാണ്. മാധ്യമങ്ങളുടെ ഇടപെടല്‍ അസഹനീയമായി തോന്നുന്ന രാഷ്ട്രീയക്കാര്‍ക്ക് മാധ്യമങ്ങളെ മൂക്കുകയറിടാനുള്ള ശക്തമായ അവസരം ഒരുക്കുയാണ് ഇതിലൂടെ അവര്‍ ഉദ്ദേശിക്കുന്നത്. മാധ്യമ പ്രവര്‍ത്തകന്റെ ഭാഷ-രീതി-വേഷം-വിഷയം ഇവയെല്ലാം നിശ്ചയിക്കാന്‍ പോന്ന മൂക്കുകയര്‍. അത് സോഷ്യല്‍ മീഡിയയുടെ ഇടപെല്‍ സജീവമായ കാലംമുതലേ രാഷ്ട്രീയക്കാര്‍ ആലോചിച്ചു പോന്ന കാര്യവുമാണ്. ഇന്നല്ലെങ്കില്‍ നാളെ അതുണ്ടാകുമെന്ന പ്രതീക്ഷയും മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പടച്ചുണ്ടാക്കുന്ന വാര്‍ത്തകളുടെ ആധിക്യം എടുത്തു പറയേണ്ട ഒന്നാണ്.

വീടിന്റെ പിന്നാമ്പുറങ്ങളിലിരുന്ന് ആരെയും എന്തും പറയാമെന്ന അവസ്ഥയിലേക്ക് സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്തവരാണ്, മാധ്യമ പ്രവര്‍ത്തനത്തിന്റെ അന്തസ്സ് കെടുത്തിയതെന്ന് പറയാതെ വയ്യ. എന്നാല്‍, പിന്നാമ്പുറ ഇക്കിളി വാര്‍ത്തകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടര്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്നത് വിസ്മരിക്കാനുമാകില്ല. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി കരി ഓയില്‍ ഒഴിച്ച ഒരു യൂട്യൂബറും മാധ്യമ പ്രവര്‍ത്തകനെന്ന ലേബല്‍ ഒട്ടിച്ചാല്‍ എന്തു പറയാനാകും. ഇയാളെ കേള്‍ക്കാനും അന്ന്, ജനമുണ്ടായിരുന്നു എന്നതാണ് സത്യം. അതുകൊണ്ടുതന്നെ മാന്യമല്ലാത്ത ഭാഷയിലും, കേട്ടറിവുകളും, കണ്ടറിവുകളും ചേര്‍ത്ത് അടിച്ചിറക്കുന്ന വാര്‍ത്തകള്‍ സമൂഹത്തിനെ പുറകോട്ടു നടത്തുമെന്നുറപ്പാണ്.

ഇത് തടയുകതന്നെ വേണം. അതിന് മുന്‍കൈയ്യെടുക്കേണ്ടത് സര്‍ക്കാരും, നിയമനിര്‍മ്മാണ സഭയുമാണ്. അല്ലാതെ, ജീവിത മാര്‍ഗത്തെ തടഞ്ഞ് ഗുണ്ടായിസം കാണിക്കാന്‍ ജനപ്രതിനിധി തന്നെ മുന്നിട്ടിറങ്ങുകയും, സര്‍ക്കാര്‍ അതിനു മൗനാനുവാദം കൊടുക്കുന്നുണ്ടെന്ന തോന്നല്‍ പരത്തുകയും ചെയ്യുന്നത് നേരായ മാര്‍ഗമല്ല. അത് ഏകാധിപത്യത്തിന്റെ വഴിയാണ്. ടി.പി. ചന്ദ്രശേഖറിനെ കൊന്നത് സി.പി.എം അല്ലെന്ന നിലപാട് പോലെയാണത്. അതൊരു ജനാധിപത്യ സമൂഹത്തെ നയിക്കുന്ന സര്‍ക്കാരിന് ചേര്‍ന്നതുമല്ല. അതുകൂടി ഉറപ്പിച്ചു പറയാന്‍ കൂടിയാണ് പ്രസ്‌ക്ലബ്ബിന്റെ പ്രതിഷേധം. മറിച്ചൊരു ചിന്തയോ, പ്രതികരണമോ ആരില്‍ നിന്നുണ്ടായാലും വിഷയം ആളിക്കത്തും.

പ്രതിഷേധത്തിനെ സംബന്ധിച്ച് പ്രസ്‌ക്ലബ്ബ് പറയുന്നത്, ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ എന്ന പേരില്‍ ഭരണപക്ഷ എംഎല്‍എ തുടങ്ങി വച്ച സൈബര്‍ ഗുണ്ടായിസവും ഭീഷണികളും എല്ലാ സീമകളും ലംഘിച്ച് മുന്നോട്ടു പോവുകയാണ്. വിമര്‍ശിക്കുന്ന മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യം എന്ന മട്ടിലാണ് എംഎല്‍എയും സംഘവും മുന്നോട്ടു പോവുന്നത്. അന്‍വറിന്റെ അനധികൃത റിസോര്‍ട്ട്, തടയണ, കള്ളപ്പണം തുടങ്ങിയവയൊക്കെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് അരിശം തുടങ്ങിയത്. കള്ളപ്പണക്കാരെയും ഗുണ്ടാ നേതാക്കന്‍മാരെയുമൊക്കെ ജനപ്രതിനിധി സഭകളിലേക്ക് മത്സരിപ്പിക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ അപകടപ്പെടുത്തുമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഓര്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഭാവിയില്‍ ഇതിന്റെയൊക്കെ ദുരവസ്ഥ അനുഭവിക്കേണ്ടി വരുമെന്ന് നേതൃത്വം തിരിച്ചറിയണം.

ലക്ഷക്കണക്കിന് സാധാരണ പ്രവര്‍ത്തകര്‍ ഇതൊന്നും അംഗീകരിക്കില്ലെന്നുറപ്പ്.
വേട്ടയാടപ്പെടുന്ന മാധ്യമപ്രവര്‍ത്തകരെ പിന്തുണച്ചതിന്റെ പേരില്‍ പ്രസ് ക്ലബ് പ്രസിഡന്റിനെ കൊല്ലുമെന്നും സൈബര്‍ ഗുണ്ടകള്‍ സമൂഹമാധ്യമങ്ങള്‍ വഴിയും ഫോണിലും ഭീഷണി മുഴക്കുകയാണ്. പി.വി. അന്‍വര്‍ MLA തന്നെ ഭീഷണിപ്പെടുത്തിയതിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ വിനു വി. ജോണും ഡിജിപിക്ക് പരാതി നല്‍കി. വ്യാജവാര്‍ത്തകളോ അസത്യങ്ങളോ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളോ മാധ്യമപ്രവര്‍ത്തകരോ ഉണ്ടെങ്കില്‍ അത് നിയമപരമായി നേരിടാന്‍ സര്‍ക്കാരിന് എല്ലാ അവകാശവുമുണ്ട്. അങ്ങനെ നേരിടേണ്ടതിന് പകരം ഒരു വ്യവസായി കൂലി ഗുണ്ടകളുടെ പിന്‍ബലത്തില്‍ ഗുണ്ടായിസവും ഭീഷണിയും നടത്തുന്നത് അംഗീകരിക്കാനാവില്ല.

മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു . മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ട് നിയമസംഹിതയും ജനാധിപത്യവും അരക്കിട്ടുറപ്പിക്കണം. മാധ്യമങ്ങളെ വെല്ലുവിളിക്കുകയും മാധ്യമ പ്രവര്‍ത്തകരെ വണ്‍ ടു ത്രീ നമ്പറിട്ട് വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എംഎല്‍എയെ നിലയ്ക്കു നിര്‍ത്താനും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനും മുഖ്യമന്ത്രി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇന്ന് ഉച്ചയ്ക്കുശേഷം 3 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുന്നു. പ്രസ് ക്ലബിനു മുന്നില്‍ നിന്ന് പ്രകടനം ആരംഭിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും സംസാരിക്കും.

മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ളില്‍ നിര്‍ത്തുകയും പറഞ്ഞു തീര്‍ക്കുകയും ചെയ്യുന്നതാണ് മാന്യത. ഒരാള്‍ തെറ്റുകാരനാണോ അല്ലയോ എന്നു തീരുമാനിക്കുന്നത് കോടതിയും നിയമവ്യവസ്ഥയുമാണ്. അത് അതിന്റെ വഴിയേ നടക്കുകയും ചെയ്യും. അല്ലാതെ, രാഷ്ട്രീയക്കാരെ കൂട്ടു പിടിച്ച് മാധ്യമ സ്ഥാപനങ്ങളെ ഇല്ലാതാക്കാനോ, മാധ്യമ പ്രവര്‍ത്തകരെ കൊന്നു കളയാനോ ശ്രമിക്കുമ്പോള്‍, ഓര്‍ക്കുക, ഇന്നു ഞാന്‍ നാളെ നീ.

Leave a Reply

Your email address will not be published.

press-club-pv.anwar-cpm-radha-krishnan Previous post അൻവറിൻ്റെയും സൈബർ ഗുണ്ടകളുടെയും അഴിഞ്ഞാട്ടത്തിനെതിരെ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച്
health-veena-george-hospital-medicine-drugs Next post ഹോമിയോപ്പതി വകുപ്പില്‍ ഗവേഷണം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി വീണാ ജോര്‍ജ്