
സുരേഷ് ഗോപി ഇറങ്ങി, രക്ഷകന്റെ റോളില്‍
കൂട്ടത്തില്‍ ഒരുത്തന്റെ ചങ്കു കീറി ചോര കുടിച്ചാലും നിനക്കൊന്നും നോവില്ല,
മറുനാടന്‍ മലയാളിക്ക് ഉറച്ച പിന്തുണയുമായി നടന് സുരേഷ് ഗോപി. ഇപ്പോള്‍ മറുനാടന്‍ നേരിടുന്ന എല്ലാ വെല്ലുവിളികളും അതിജീവിക്കാനുള്ള ഊര്‍ജ്ജവുമായാണ് സൂപ്പര്‍ താരം എത്തിയത്. പൊലീസ് റെയ്ഡിന് വിധേയരായ മറുനാടനിലെ വനിതകള്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് പിന്തുണ അറിയിച്ചാണ് സുരേഷ് ഗോപി ബന്ധപ്പെട്ടത്. മറുനാടനിലെ മുതിര്‍ന്ന വനിതാ മാധ്യമ പ്രവര്‍ത്തകയെ ഫോണില്‍ വിളിച്ചാണ് പ്രതിസന്ധികളെ തരണം ചെയ്ത് മറുനാടന്‍ കൂടുതല്‍ ശക്തരായി മുമ്പോട്ട് വരേണ്ടതിന്റെ പ്രസക്തി സുരേഷ് ഗോപി മുമ്പോട്ട് വച്ചത്.

മറുനാടന്‍ ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നും എല്ലാത്തിനും കൂടെയുണ്ടാകുമെന്നും സുരേഷ് ഗോപി ഉറപ്പ് നല്കി. കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് അടക്കം സുരേഷ് ഗോപി ചോദിച്ചറിഞ്ഞു. എന്ത് പ്രയാസ ഘട്ടത്തിലും കൂടെയുണ്ടാകുമെന്നും മറുനാടനിലെ മാധ്യമ പ്രവര്‍ത്തകയായ രാഖിയെ ഫോണില്‍ വിളിച്ചാണ് സുരേഷ് ഗോപി കാര്യങ്ങള്‍ അറിയിച്ചത്. ഒരു മാനസിക സംഘര്‍ഷത്തിനും മറുനാടനിലെ ജീവനക്കാര്‍ അടിപ്പെടരുതെന്ന സന്ദേശവും സൂപ്പര്‍താരം നല്കി. ഷൂട്ടിങ് തിരക്കുകള്‍ക്കിടെയാണ് മറുനാടനിലെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സൂപ്പര്‍താരം സമയം കണ്ടെത്തിയത്. റെയ്ഡ് നടന്ന ജീവനക്കാരുടെ വീടുകള്‍ സന്ദര്‍ശിക്കാനും സുരേഷ് ഗോപി താല്‍പ്പര്യം അറിയിച്ചു.

മറുനാടന്‍ മലയാളിക്ക് പിന്തുണയുമായി രാഷ്ട്രീയ-സാസ്കാരിക-മത നേതാക്കള്‍ തയ്യാറായി കഴിഞ്ഞു. ദേശീയ പത്രങ്ങള്‍ അടക്കം എഡിറ്റോറിയല്‍ എഴുതുന്നു. ദീപികയും എഡിറ്റോറിയല്‍ എഴുതി. ഇങ്ങനെ വിവിധ ഭാഗങ്ങളില്‍ നിന്നും പിന്തുണകള്‍ എത്തുന്നു. ഇതിനൊപ്പമാണ് സുരേഷ് ഗോപിയുടെ വാക്കുകളും മറുനാടന്‍ ആവേശമാകുന്നത്. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫിസുകളില്‍ നടന്ന പൊലീസ് റെയ്ഡില്‍ കമ്പ്യൂട്ടറുകളും ലാപ്ടോപുകളും പിടിച്ചെടുത്തിരുന്നു.

തിരുവനന്തപുരം പട്ടം ഓഫിസിലെ മുഴുവന്‍ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്. 29 കമ്പ്യൂട്ടര്‍, ലാപ്ടോപ്, കാമറകള്‍ എന്നിവ കസ്റ്റഡിയിലെടുത്തിരുന്നു. മുഴുവന്‍ ജീവനക്കാരുടെയും ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള ഷാജന് സ്കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായും പൊലീസ് അറിയിച്ചു. തിരുവനന്തപുരത്ത് മറുനാടന്‍ മലയാളി ജീവനക്കാരായ രണ്ടുപേരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പി.വി ശ്രീനിജന് എംഎല്‍എക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. മറുനാടന്‍ മലയാളി ചാനല്‍ മേധാവി ഷാജന് സ്കറിയക്കെതിരെ അടക്കം എസ്.സിഎസ്.ടി പീഡന നിരോധന നിയമം അനുസരിച്ച് കേസെടുത്തിരുന്നു.

ഇതോടെ ഒളിവില്‍ പോയ ഷാജന് സ്കറിയ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഹൈക്കോടതി ഹരജി തള്ളിയിരുന്നു. നിലവില്‍ മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ജാമ്യാപേക്ഷ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം, കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ വ്യക്തമായി രണ്ടു തട്ടിലായിരിക്കുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദിക്കുന്ന ഒരു വിഭാഗവും, മാധ്യമ വിരുദ്ധ നടപടികള്‍ക്ക് കൂട്ടു നില്ക്കുന്ന ഒരു വിഭാഗവും. ഇതിനിടയില്‍ ഷാജന്‍സ്ക്കറിയയുമായുള്ള വ്യക്തി വിരോധം തീര്ക്കാനിറങ്ങിയവരും, സോഷ്യല്‍ മീഡിയകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യമുള്ളവരും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയിട്ടുണ്ട്.

രണ്ടു ചേരികളില്‍ നില്ക്കുന്നവരുടെ പോരാട്ടമാണ് ഇനി വാരാനിരിക്കുന്നത്. പത്രപ്രവര്‍ത്തക യൂണിയനും, തിരുവനന്തപുരം പ്രസ്ക്ലബ്ബും മാധ്യമ വേട്ടയെക്കെതിരേ പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍, പത്രപ്രവര്‍ത്തക യൂണിയന്റെ ഭാരവാഹികളോടു തോന്നാത്ത വിരോധം അന്‍വര്‍ എം.എല്‍.എയ്ക്കും ചില മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രസ്ക്ലബ്ബിനോട് മാത്രം തോന്നിയതിന്റെ ബുദ്ധികൂര്‍മ്മത മനസ്സിലാകുന്നില്ല. ഷാജന്സ്ക്കറിയയെയോ-അദ്ദേഹത്തിന്റെ മാധ്യമ പ്രവര്‍ത്തനത്തെയോ ന്യായീകരിക്കുന്ന ഒരു തരത്തിലുമുള്ള പ്രസ്താവനല്ല, പത്ര് പ്രവര്‍ത്തക യൂണിയനും-പ്രസ്ക്ലബ്ബും ഇറക്കിയത്. എന്നിട്ടും പ്രകോപിതരായവരുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമാകേണ്ടതുണ്ട്.

നാട്ടുനടപ്പിനു വിരുദ്ധമായ നിലപാടുകള്‍ സര്‍ക്കാരിന്റെ അറിവോടു കൂടി നടക്കുമ്പോള്‍ അംഗീകരിക്കിച്ചു തരില്ലെന്നുറപ്പാണ്. അതിനുദാഹരണമാണ് സുരേഷ്ഗോപിയുടെ ഇടപെടല്‍. ഒരു സ്ഥാപനത്തെ തകര്‍ത്ത് തരിപ്പണമാക്കിയിട്ട്, വെല്ലുവിളിയും അട്ടഹാസവും നടത്തുന്നവരെ നോക്കിയാണ് സുരേഷ്ഗോപി, സിനിമാ സ്റ്റൈലില്‍ പറയുന്നത് ‘കൂട്ടത്തിലൊരുത്തന്റെ ചങ്കു കീറി ചോര കുടിച്ചാലും നിനക്കൊന്നും നോവില്ല’ എന്ന്. ജനപ്രതിനിധിയായ അന്‍വര്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് കുറിപ്പുകള്‍ ഭപ്പെടുത്തുന്നത്, സാധാരണ ജനങ്ങളെയാണ്. പണാധിപത്യത്തിന്റെ കാവല്ക്കാരുടെ കൂടാരങ്ങളില്‍ നിന്നുള്ള വാറോലകളുമായി ഇറങ്ങുന്നവരുടെ മുമ്പില്‍ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും അടിയറവു പറയുമ്പോള്‍ നശിക്കുന്നത് ഭരണഘടനയുടെ നാലംതൂണാണ്.
