
ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങൾ പാക് ചാരവനിതയ്ക്ക് ചോർത്തി നൽകി; കുറ്റപത്രം സമർപ്പിച്ചു
ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് മഹാരാഷ്ട്ര പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ്. ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങൾ പാക് ചാരവനിതയ്ക്ക് അദ്ദേഹം ചോർത്തി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സാറ ദാസ് ഗുപ്ത എന്ന സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ നടത്തിയ ചാറ്റിലൂടെയാണ് ഇന്ത്യയുടെ മിസൈല്‍ സിസ്റ്റങ്ങളുടെയും മറ്റുപ്രതിരോധ പദ്ധതികളുടെയും രഹസ്യങ്ങൾ പ്രദീപ് കുരുൽക്കർ വിശദീകരിച്ചത്. പൂണെയിലെ ഡിആർഡിഒയുടെ ഒരു ലാബിന്റെ ഡയറക്ടറായിരുന്നു അദ്ദേഹം. ചാരവൃത്തി കണ്ടെത്തിയതിനെ തുടർന്ന് മേയ് 3ന് കുരുൽക്കറെ ഔദ്യോഗിക രഹസ്യനിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഇദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സാറ ദാസ് ഗുപ്തയുമായി പ്രദീപ് കുൽക്കർ വാട്സാപ്പിലൂടെയും ബന്ധപ്പെട്ടിരുന്നു. വിഡിയോകോളുകളുടെയും മെസേജുകളുടെയും വിവരങ്ങളും അന്വേഷണ സംഘം കുറ്റപത്രത്തിൽ നൽകിയിട്ടുണ്ട്.യുകെയിലെ സോഫ്റ്റ്‌വെയർ എൻജിനീയറാണെന്ന് പരിചയപ്പെടുത്തിയ ചാരവനിത, പ്രദീപിന് അശ്ലീല സന്ദേശങ്ങളും വിഡിയോകളും അയച്ചിട്ടുണ്ട്. എന്നാൽ അന്വേഷണത്തിൽ ഇവരുടെ ഐപി അഡ്രസ് പാക്കിസ്ഥാനിൽ നിന്നാണെന്നു കണ്ടെത്തി. ബ്രഹ്മോസ് ലോഞ്ചർ, ഡ്രോൺ, യുസിവി, അഗ്നി മിസൈൽ ലോഞ്ചർ, മിലിട്ടറി ബ്രിഡ്ജിങ് സിസ്റ്റം എന്നിവ സംബന്ധിച്ച വിവരങ്ങൾ ചോർത്താനുള്ള നീക്കങ്ങളും പാക്ക് ഏജന്റ് നടത്തിയിട്ടുണ്ട്. ‘‘ചാരവനിതയിൽ ആകൃഷ്ടനായ കുരുൽകർ, ഡിആർഡിഒയുടെ രഹസ്യവിവരങ്ങൾ സ്വന്തം ഫോണിലേക്കു മാറ്റുകയും ഇത് സാറയ്ക്കു കൈമാറുകയുമായിരുന്നു” എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 2022 ജൂൺ മുതൽ ഡിസംബർ വരെ രണ്ടുപേരും തമ്മിൽ സംസാരിച്ചിട്ടുണ്ട്. ഡിആർഡിഒ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ പ്രദീപിന്റെ ഇടപെടലുകളിൽ ദുരൂഹതയുള്ളതായി കണ്ടെത്തിയിരുന്നു. 2023 ഫെബ്രുവരിയിൽ പ്രദീപ്, സാറയുടെ നമ്പർ ബ്ലോക്ക് ചെയ്തു. തുടർന്ന് മറ്റൊരു ഇന്ത്യൻ ഫോണിൽ നിന്ന് ‘നിങ്ങൾ എന്തിനാണ് എന്റെ നമ്പർ ബ്ലോക്ക് ചെയ്തത്.?’–എന്നു ചോദിച്ചുകൊണ്ട് സാറ പ്രദീപിന്റെ ഫോണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.