
മയങ്ങുന്ന യുവത്വം, വിളിച്ചുണര്‍ത്താന്‍ ‘ഗ്യാംങ്സ്’
വിനോദ് റയാന് ഒരുക്കുന്ന മയക്കു മരുന്നിനെതിരേയുള്ള വെബ്സീരീസ് തരംഗമാകുന്നു
സ്കൂള്‍ കുട്ടികളെ വഴി തെറ്റിക്കുന്ന മയക്കുമരുന്ന് മാഫിയകള്‍ക്കെതിരേ ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രതിരോധത്തിന്റെ കഥ പറയുന്ന ‘ഗ്യാംങ്സ്’ എന്ന വെബ്സീരീസ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. പ്രതികള്‍ക്ക് സമൂഹത്തിലെ ഉന്നതരുമായുള്ള ബന്ധവും, അതുവഴി കോടികളുടെ മയക്കുമരുന്ന് കച്ചവടം നടക്കുന്ന ഒരു ഗ്രാമത്തിന്റെ കഥയുമാണ് വെബ് സീരിസിലൂടെ പറയുന്നത്. തിരുവനന്തപുരം സ്വദേശിയായ വിനോദ് റയാനാണ് സംവിധായകന്, ആദ്യ എപ്പിസോഡ് രണ്ടുമാസം മുമ്പ് യൂ ട്യൂബില്‍ റിലീസ് ചെയ്തിരുന്നു. ഇതിന് നല്ല പ്രതികരണവും ലഭിച്ചതിനു പിന്നാലെയാണ് വെബ്സീരീസിന്റെ രണ്ടാമത് എപ്പിസോഡ് റിലീസ് ചെയ്തിരിക്കുന്നത്.

വിനോദ് റയാന് തന്നെയാണ് വെബ്സീരീസിന്റെ കഥയും എഴുതിയിരിക്കുന്നത്. കേരള-തമിഴ്നാട് അതിര്‍ത്തിയിലാണ് പ്രധാന ലൊക്കേഷന്‍. 9 എപ്പിസോഡുകളാണ് വെബ്സീരിസിനുള്ളത്. തൃപ്പരപ്പ്, പൂവ്വാര്‍, കന്യാകുമാരി, കാരക്കോണം, നെയ്യാര്‍ഡാം എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വെബ് സീരീസുകള്‍ ഇന്ന് സമൂഹത്തില്‍ ഒഴിച്ചുകൂടാനാവാത്ത സംവിധാനമായിക്കഴിഞ്ഞു.

കോവിഡ് മഹാമാരിക്കാലത്ത് മനുഷ്യരെല്ലാം വീടുകളില്‍ അടച്ചിരുന്നപ്പോള്‍ ഉദിച്ചുയര്‍ന്ന മാധ്യമമാണ് വെബ്സീരീസുകള്. ചലച്ചിത്ര താരങ്ങള്‍ വെബ്സീരീസുകള് അഭിനയിച്ചു തുടങ്ങിയതും കൊറോണക്കാലത്തു തന്നെയാണ്. ഭാഷ-ദേശാന്തര വ്യത്യാസമില്ലാതെ പ്രേക്ഷകരുമായി സംവദിക്കാന്‍ വെബ്സീരീസുകള്‍ക്ക് സാധിക്കുന്നുണ്ട്.

സിനിമാ വെബ്സീരീസുകളുടെ അനന്ത വിദൂര സാധ്യതകള്‍ മനസ്സിലാക്കി സിനിമാ മേഖലയിലുള്ളവരുടെ ചുവടുമാറ്റം കൂടി വരികയാണ്. വരും കാലത്തിന്റെ കാല്‍വെയ്പ്പായി ഇതിനെ കാണുകയാണ് വേണ്ടത്. നിലവില്‍ സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോം റിലീസിനൊരുങ്ങുന്നതിന്റെ കാരണങ്ങളും മറ്റൊന്നല്ല. മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്മാന് ഹിന്ദി വെബ് സീരീസില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കുറെ കാലമായി സോഷ്യല്‍ മീഡിയകളിലൂടെ കേള്‍ക്കുന്നുണ്ട്.

മലയാളത്തില്‍ നിരവധി കോമഡി വെബ്സീരീസുകള് മിനി സ്ക്രീന്‍ കോമഡി ആര്‍ട്ടിസ്റ്റുകളെ മുന്‍നിര്‍ത്തി റിലീസ് ചെയ്തിട്ടുണ്ട്. പ്രീമിയര്‍ പത്മിനി എന്ന വെബ്സീരീസ് ഇതിനുദാഹരണമാണ്. ഇപ്പോള്‍ മലയാളിയായ രാഹുല്‍ റിജി നായര്‍ സിനി ആര്‍ട്ടിസ്റ്റുകളെ മുന്‍നിര്‍ത്തി കേരള ക്രൈം ഫയല്‍സ് എന്ന ക്രൈം ത്രില്ലര്‍ 6 എപ്പിസോഡുകളായി പുറത്തിറക്കുന്നുണ്ട്.

ലാല്‍, അജുവര്‍ഗീസ് എന്നിവരാണ് ഇതിലെ പ്രധാന താരങ്ങള്‍. ടി.വി നെക്സ്റ്റ് ഫാഷന്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിനോദ് റയാന്റെ ‘ഗ്യാംങ്സ്’ കാണാനാവുക. പുതുമുഖ താരങ്ങളാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. ഗ്യാംങ്സിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് രതീഷ് വിവേകാനന്ദപുരമാണ്.

സംഘട്ടനത്തിന് കൂടുതല്‍ പ്രാധാന്യം നല്കുന്ന വെബ്സീരീസിലെ സംഘട്ടനം ചിട്ടപ്പെടുത്തിയിരിക്കുന്നത്, ആയിരം ടണ്ണിലധികം ഭാരമുള്ള പത്തോളം വാഹനങ്ങള്‍ കൈയിലൂടെ കയറ്റിയിറക്കി, ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ റെഡ് ഡ്രാഗണ്‍ കരാട്ടെ ഇന്റര്‍നാഷണല്‍ ചീഫ് ഇന്‍സ്ട്രക്ടര്‍ കൂടിയായ കാരക്കോണം എസ്.പി രഞ്ജിത്തും, കളരി ഗുരുവായ വിന്‍സന്റും ചേര്‍ന്നാണ്. രണ്ടു പേരും ഇതില്‍ അഭിനയിക്കുന്നുമുണ്ട്.

പൊതുപ്രവര്ത്തകന് കൂടിയായ ധനുവച്ചപുരം പ്രസാദ്, പൊതുപ്രവര്‍ത്തകനായ നെയ്യാറ്റിന്‍കര വിജയന്, അനില്‍ അരുവിയോട്, പ്രതീഷ്, ഗിരീഷ് ധനുവച്ചപുരം, വില്‍സ് കാട്ടാക്കട, ഷൈജിന്‍, ഷിനോസ്, രതീഷ് വിവേകാനന്ദപുരം, വില്‍ഫ്രഡ്, മുരുകന്, അഹില്‍ കുമാര്‍, സാം ആന്റണി, റസിയ, വിസ്മയ, സരിഗ, പ്രതിഭ, ശരണ്യ, പാത്തു, സോഫി, അജികുമാര്‍, സുമേഷ്, ജിം ട്രെയിനറായ ജിനു കിളിയൂര്‍, തുടങ്ങിയവര്‍ ഇതില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ക്യാമറ: സന്തോഷ് പാട്ടംതലയ്ക്കല്‍, സരിഗ ബിജു
എഡിറ്റിംഗ്: വിനോദ് റയാന്
ഡബ്ബിങ്: ടോട്ടല്‍ മിക്സ് ആന്‍ഡ് കണ്ട്രോള് ശ്രീ കണ്ഠന്
സൗണ്ട് എഡിറ്റിംഗ്: അനില്‍കുമാര്‍