hanuman-monkey-zoo-cage-thiruppathy

ചുറ്റി മടുത്തു, ഹനുമാന്‍ കുരങ്ങ് സറണ്ടര്‍

വന്യമൃഗങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായാല്‍, അതിനുത്തരവാദി മൃഗശാലയിലെ ഇരുകാലി ഉദ്യോഗസ്ഥര്‍ തന്നെ

സ്വന്തം ലേഖകന്‍

ഇരുപത്തി രണ്ടു ദിവസത്തെ നഗര പ്രദക്ഷിണം കഴിഞ്ഞ് ഒടുവില്‍ മടുത്തു, തന്നെ അന്വേഷിച്ച് 22 ദിവസവും പിന്നാലെ നടന്നമൃഗശാലാ കീപ്പര്‍മാര്‍ക്ക് കീഴടങ്ങി ഹനുമാന്‍ കുരങ്ങ്. തിരുവനന്തപുരം വഴുതക്കാടുള്ള ജര്‍മ്മന്‍ സാംസ്‌ക്കാരിക കേന്ദ്രത്തിലെ ശുചിമുറിയില്‍ നിന്നാണ് കുരങ്ങിനെ കീപ്പര്‍മാര്‍ വലയിട്ട് പിടിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. പിടിയിലായ ഹനുമാന്‍ കുരങ്ങ് ഇനി പുറംലോകം കാണില്ലെന്നുറപ്പായി. ജൂണ്‍ 13നാണ് കഴിഞ്ഞ മാസം 13നാണ് ഹനുമാന്‍ കുരങ്ങ് മൃഗശാലയില്‍ നിന്ന് പുറത്തുചാടുന്നത്.

അന്നുമുതല്‍ മൃഗശാലാ കീപ്പര്‍മാര്‍ നഗരത്തിലെ വലിയ വൃക്ഷങ്ങളുടെ മുകളില്‍ നോക്കി നടപ്പായിരുന്നു. സൂപ്പര്‍വൈസര്‍ സജിയുടെ നേതൃത്വത്തില്‍ അനിമല്‍ വാച്ചര്‍മാരായ അജിതന്‍, സുജി ജോര്‍ജ് എന്നിവരാണ് പകല്‍ സമയത്ത് കുരങ്ങിനെ നിരീക്ഷിച്ചിരുന്നത്. അങ്ങനെ 22 ദിവസവും ഹനുമാന്‍ കുരങ്ങിനെ പിന്തുടര്‍ന്നു. ഒടുവില്‍ ഇന്നലെ വൈകിട്ട് 5 മണിയോടെ ജീവനക്കാരുടെ നിരീക്ഷണം അവസാനിപ്പിച്ച് കുരങ്ങന്‍ പിടി കൊടുക്കുകയായിരുന്നു.

തിരുപ്പതി സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് തിരുവനന്തപുരം മൃഗശാലയില്‍ പുതിയതായി എത്തിച്ച രണ്ട് ഹനുമാന്‍ കുരങ്ങുകളില്‍ പെണ്‍കുരങ്ങാണ് നഗരംചുറ്റാനിറങ്ങിയത്. അതിവേഗത്തില്‍ മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് ചാടിപ്പോകാന്‍ കഴിവുള്ള ഹനുമാന്‍ കുരങ്ങ് നഗരത്തിന്റെ പ്രധാന സ്ഥലങ്ങളിലെല്ലാം ഇതിനകം യാത്ര ചെയ്തു. അങ്ങനെ, ബുധനാഴ്ച ജര്‍മന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ മുന്‍വശത്തെ തെങ്ങിലുമെത്തി. കുരങ്ങ് താഴേയ്ക്കിറങ്ങാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് മനസിലാക്കിയ മൃഗശാല ജീവനക്കാര്‍ പിടികൂടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തി കാത്തിരുന്നു.

കെട്ടിടത്തിന് മുകളിലേക്ക് ചാടിയ കുരങ്ങ് ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തിലെ ക്ലാസ്സ് മുറിയിലേക്കു കടന്നു. അപ്പോള്‍ അവിടെ ക്‌ളാസ് നടക്കുന്നുണ്ടായിരുന്നു. ക്ലാസ്സിനുള്ളില്‍ കടന്ന കുരങ്ങിനെ കണ്ടതോടെ വിദ്യാര്‍ത്ഥികള്‍ ബഹളംവച്ചു. ബഹളം കേട്ടു ഭയന്ന കുരങ്ങ് തുറന്നു കിടന്ന ടോയ്ലെറ്റിലേക്ക് ഓടിക്കയറുകയായിരുന്നു. ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ടോയ്‌ലെറ്റിന്റെ വാതിലടക്കുയും ചെയ്തു.
ടോയ്ലെറ്റിന്റെ വാതില്‍ തുറന്ന് പോകാതിരിക്കാന്‍ കയര്‍ കെട്ടി ലോക്ക് ചെയ്തു. തുടര്‍ന്ന് അനിമല്‍ കീപ്പര്‍മാര്‍ കുരങ്ങിനെ വലിയ വല ഉപയോഗിച്ച് പിടികൂടുകയായിരുന്നു.

കുരങ്ങിനെ പിടികൂടിയ എസ്. അജിതന്‍, സുജി ജോര്‍ജ്ജ് എന്നിവരെ വകുപ്പുമന്ത്രി ചിഞ്ചു റാണിയും മൃഗശാലാ ഉദ്യോഗസ്ഥരും അഭിനന്ദിച്ചു. മൃഗശാലയിലെത്തിച്ച കുരങ്ങിനെ ഇണയ്‌ക്കൊപ്പം ഇടാതെ പ്രത്യേക കൂട്ടിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കൂടിനുള്ളില്‍ നില്‍ക്കുന്ന വലിയ മരങ്ങളുടെ ചില്ലകള്‍ മുറിച്ചു മാറ്റിയതിനു ശേഷമേ ഹനുമാന്‍ കുരങ്ങുകളെ തുറന്ന കൂട്ടില്‍ വിടുകയുള്ളൂ. 2002ലാണ് കുരങ്ങന്മാര്‍ക്കായി മൃഗശാലയില്‍ തുറന്ന കൂട് നിര്‍മ്മിച്ചത്. അതിനുശേഷം ആദ്യമായാണ് കുരങ്ങ് ചാടിപ്പോകുന്നത്.

ഇനി, കുരങ്ങ് ചാടിപ്പോകാനുണ്ടായ സാഹചര്യത്തെ കുറിച്ച് വിലയിരുത്തേണ്ടതുണ്ട്:

മൃഗശാലാ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കുരങ്ങ് ചാടിപ്പോകാനുണ്ടായ പ്രധാന കാരണം. പുതുതായി മൃഗശാലയില്‍ എത്തിക്കുന്ന മൃഗങ്ങളെ കൂട്ടിലേക്ക് തുറന്നു വിടുമ്പോള്‍ പാലിക്കേണ്ട ഒരു മാനദണ്ഡങ്ങളും അധികൃതര്‍ പാലിച്ചിട്ടില്ല. കുരങ്ങിനെ തുറന്നു വിടുംമുമ്പ് കൂടിനു ചുറ്റും കീപ്പര്‍മാരെ നിര്‍ത്തിയിരുന്നില്ല. ഏതെങ്കിലും സാഹചര്യത്തില്‍ മൃഗങ്ങള്‍ കൂടുവിട്ട് വെളിയില്‍ പോകാന്‍ ശ്രമിക്കുമ്പോള്‍ അത് തടയാന്‍ വേണ്ടിയാണ് കീപ്പര്‍മാരെ നിര്‍ത്തുന്നത്. അന്ന്, മൃഗശാലാ ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഇവര്‍ നോക്കി നില്‍ക്കെയാണ് കുരങ്ങന്‍ മരത്തിലേക്ക് കയറിയതും അവിടെ നിന്നും മൃഗശാലയ്ക്കു വെളിയിലേക്ക് ചാടിപ്പോയതും. ഒന്നും ചെയ്യാനാകാതെ നിന്ന ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ച മറയ്ക്കാനുള്ള നീക്കമായിരുന്നു പിന്നീട് നടന്നത്. ചാടിപ്പോയ കുരങ്ങ് ചിത്തിരുന്നെങ്കില്‍ പോലീസ് മൃഗശാലാ അധികൃതര്‍ക്കെതിരേ കേസെടുക്കുമായിരുന്നോ.

കുരങ്ങ് ചാടിപ്പോയതില്‍ അസ്വാഭാവികത ഇല്ലെന്നും, അതിനെ ശല്യപ്പെടുത്താതിരുന്നാല്‍ തിരികെ വരുമെന്നും വകുപ്പുമന്ത്രിയെക്കൊണ്ട് ഉദ്യോഗസ്ഥര്‍ പറയിപ്പിച്ചതോടെ പ്രശ്‌നങ്ങള്‍ക്ക് പരിസമാപ്തിയായി. ഇതോടെ ചാടിപ്പോയ കുരങ്ങ് കുറ്റക്കാരനുമായി. കാട്ടിലും നാട്ടിലും സ്വതന്ത്രമായി നടക്കുന്ന മൃഗങ്ങളും, മൃഗശാലയില്‍ സംരക്ഷിക്കപ്പെടുന്ന മൃഗങ്ങളും തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ട്. മൃഗങ്ങളെ സര്‍ക്കാര്‍ ചെലവില്‍ കൂടുകളില്‍ പരിപാലിക്കുന്നതു തന്നെ കച്ചവട താല്‍പ്പര്യത്തോടെയാണ്.

ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് വിനോദത്തിനും വിജ്ഞാനത്തിനുമായി പ്രദര്‍ശന വസ്തുക്കളാക്കി മാറ്റുകയാണ് വന്യ മൃഗങ്ങളെ. മൃഗശാലയില്‍ നിന്നും ലഭിക്കുന്ന വാര്‍ഷിക വരുമാനം കോടികളാണ്. ഇവിടുത്തെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍, സഞ്ചരിക്കാന്‍ സര്‍ക്കാര്‍ വാഹനം തുടങ്ങി എല്ലാ സുഖ സൗകര്യങ്ങളുമുണ്ട്. ഇതെല്ലാം ലഭിക്കുന്നത്, മിണ്ടാപ്രാണികളെ കൂട്ടിലിട്ട് പ്രദര്‍ശിപ്പിച്ചു കിട്ടുന്ന വരുമാനത്തിലാണ്. അപ്പോള്‍ അവയെ നല്ലപോലെ പരിരക്ഷിക്കാനും അധികൃതര്‍ക്ക് ബാധ്യതയുണ്ട്.


സെന്‍ട്രല്‍ സൂ അതോറിട്ടിയുടെ മാനദണ്ഡ പ്രകാരം മാത്രമേ ഒരു മൃഗശാലയില്‍ നിന്നും മറ്റൊരു മൃഗശാലയിലേക്ക് മൃഗങ്ങളെ കൈ മാറ്റം നടത്തുകയോ-വാങ്ങുകയോ ചെയ്യാന്‍ പാടുള്ളൂ. അങ്ങനെ കൈമാറ്റ നിബന്ധനകള്‍ പാലിച്ച് തിരുപ്പതി സൂവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും കൊണ്ടുവന്ന ഹനുമാന്‍ കുരങ്ങ് ചാടിപ്പോയപ്പോള്‍, എത്ര ലാഘവത്തോടെയാണ് അധികൃതര്‍ ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്. മൃഗശാലയില്‍ എത്തിക്കുന്ന മൃഗങ്ങള്‍ നഗരത്തിലെത്തിയാല്‍, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായാല്‍, അതിനുത്തരവാദി മൃഗശാലയിലെ ഇരുകാലികള്‍ തന്നെയായിരിക്കും.

മൃഗശാലയേയും മൃഗശാലാ മന്ത്രിയെയും, ഉദ്യോഗസ്ഥരെയും നഗരവാസികള്‍ എങ്ങനെ വിശ്വസിക്കും. ഈ പാവം മിണ്ടാ പ്രാണികളുടെ പ്രദര്‍ശിപ്പിച്ച് കിട്ടുന്ന പണംകൊണ്ട് ജീവിക്കുന്ന മൃഗശാലയിലെ ഓരോ ഉദ്യോഗസ്ഥരും അറിയേണ്ട കാര്യമുണ്ട്, നിങ്ങളുടെ കഴിവു കേടുകളും, അനാസ്ഥകളും, വീഴ്ചകളും പുറത്തറിയാതെ പോകുന്നതിനു കാരണം ഈ മൃഗങ്ങള്‍ക്ക് മിണ്ടാനാവില്ല എന്നുതു കൊണ്ടാണെന്ന്.

Leave a Reply

Your email address will not be published.

health-ameebia-ill-cough-throught-infection Previous post ആലപ്പുഴയിൽ ബ്രെയിൻ ഈറ്റിംഗ് അമീബിയ ബാധിച്ച പതിനഞ്ചുകാരൻ മരിച്ചു
elamaram-kareem-citu-rahul-gandhi Next post രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ രാജ്യവിരുദ്ധമായി ഒന്നുമില്ല: എളമരം കരീം