thoppi-nihas-crime-police-fir

ക്രൂര വിനോദത്തിൽ ജീവിതം വഴിമുട്ടി; സജിസേവ്യറിന്റെ പരാതിയിൽ ‘തൊപ്പി’ക്കെതിരെ പൊലീസ് കേസെടുത്തു

യൂട്യൂബർ തൊപ്പിയുടെ ക്രൂര വിനോദത്തിൽ ജീവിതം വഴിമുട്ടിയ ശ്രീകണ്ഠപുരം സ്വദേശി സജിസേവ്യറിന്റെ പരാതിയിൽ ഒടുവിൽ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു. പുറത്തിറങ്ങി ജോലിചെയ്യാനും ഭാര്യയും മക്കളുമൊത്ത് വീട്ടിനകത്ത് സ്വസ്ഥമായി കഴിയാനും തൊപ്പിയുടെ ക്രൂരത കാരണം കഴിയുന്നില്ലെന്ന് പറഞ്ഞ് സജി സേവ്യർ പൊലീസ് സ്റ്റേഷനിലെത്തി കാലു പിടിച്ച് കരഞ്ഞതോടെയാണ് പൊലീസിന്റെ നടപടി. തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെതിരെ ഐ.ടി നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.

കമ്പിവേലി നിർമിച്ച് നൽകി ഉപജീവനം നടത്തുന്നയാളാണ് സജി സേവ്യർ. മാസങ്ങൾക്ക് മുമ്പ് സജി മാങ്ങാട് കമ്പി വേലി നിർമിച്ചു നൽകുകയും അവിടെ തന്റെ ഫോൺ നമ്പർ രേഖപ്പെടുത്തിയ ബോർഡ് വെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തൊപ്പി ഇയാളെ ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിക്കുകയും സംഭവത്തിന്റെ ഓഡിയോയും വീഡിയോയും യൂട്യൂബിലൂടെയും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷം നിരവധി പേരാണ് രാപ്പകൽ ഭേദമന്യേ സജിയെ ഫോണിൽ വിളിച്ച് അശ്ലീലം പറയുന്നത്. വിളിക്കുന്നവരിൽ ഭൂരിപക്ഷവും 11നും 16നും ഇടയിൽ പ്രായമുള്ളവരാണ്. ഇതിൽ ആൺകുട്ടികളും പെൺക്കുട്ടികളും ഉൾപ്പെടുന്നുണ്ട്. ചില സ്ത്രീകളും സജിയെ വിളിച്ച് അശ്ലീലം പറയുന്നുണ്ട്.

സംഭവം അസഹനീയമായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 17 ന് സജി സേവ്യർ ശ്രീകണ്ഠപുരം പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ അന്ന് പെലീസ് കേസെടുക്കാൻ തയ്യാറായില്ല. നിരന്തരമായ ഫോൺവിളിയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെ സജി സേവ്യറിന്റെ ഉപജീവന മാർഗം പോലും നഷ്ടപ്പെട്ടു. പലയിടങ്ങളിലും സജി സ്ഥാപിച്ച പരസ്യബോർഡിലുള്ളത് ഇതേ ഫോൺ നമ്പർ ആയതിനാൽ അത് മാറ്റാനും സാധിക്കില്ല. ജീവിതം വഴിമുട്ടിയതോടെ സജി സേവ്യർ റൂറൽ ജില്ല പെലീസ് മേധാവിക്ക് പരാതി നൽകി. പിന്നാലെ ചൊവ്വാഴ്ച തളിപറമ്പ് ഡിവൈ.എസ്.പി എം.പി വിനോദിന്റെ മുമ്പാകെയെത്തി തന്റെ ദുരവസ്ഥ വിവരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഡിവൈ.എസ്.പിയുടെ നിർദേശ പ്രകാരം ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്. 

Leave a Reply

Your email address will not be published.

motor-vehicle-department-kerala-transport Previous post എം വി ഡി ഇൻസ്പെക്ടർ ചമഞ്ഞ് 17കാരനെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
health-ameebia-ill-cough-throught-infection Next post ആലപ്പുഴയിൽ ബ്രെയിൻ ഈറ്റിംഗ് അമീബിയ ബാധിച്ച പതിനഞ്ചുകാരൻ മരിച്ചു