lalu-prasad-yadav-kaalitheetta-kumbha-konam

ഭാര്യയില്ലാതെ താമസിക്കുന്നത് ശരിയല്ല; ആര് പ്രധാനമന്ത്രിയായാലും വിവാഹം കഴിച്ചിരിക്കണം’; ലാലു പ്രസാദ് യാദവ്

ആര് പ്രധാനമന്ത്രിയായാലും വിവാഹം കഴിച്ചിരിക്കണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ‘ആര് പ്രധാനമന്ത്രിയായാലും ഭാര്യ വേണം. ഭാര്യയില്ലാതെ പ്രധാനമന്ത്രിയുടെ വസതിയില്‍ താമസിക്കുന്നത് ശരിയല്ല. ഇത് ഒഴിവാക്കണം’-ലാലു പ്രസാദ് യാദവ് പറഞ്ഞു. പട്നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ വിവാഹം കഴിക്കണമെന്ന് ലാലു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ഉപദേശിച്ചിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിലാണ് പ്രധാമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി പരിഹസിച്ച് അദ്ദേഹം മറുപടി നല്‍കിയത്. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം 300 സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു. 17 രാഷ്ട്രീയ പാര്‍ട്ടികളാണ് ഒരുമിക്കുന്നത്. ബിജെപി പറയാനുള്ളത് പറയട്ടെ. അവര്‍ തുടച്ചുനീക്കപ്പെടും. രാഷ്ട്രീയത്തില്‍ വിരമിക്കലില്ല. ശരദ് പവാര്‍ ശക്തനായ നേതാവാണ്. അദ്ദേഹത്തിന്റെ അനന്തരവനാണ് പ്രശ്നമുണ്ടാക്കുന്നത് എന്നും ലാലു കൂട്ടിച്ചേര്‍ത്തു. പട്നയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ലാലു, രാഹുലിന്റെ വിവാഹ കാര്യം എടുത്തിട്ടത്. ‘രാഹുല്‍ താങ്കള്‍ ഒരു വിവാഹം കഴിക്കണം. സമയം ഇനിയും വൈകിയിട്ടില്ല. താടിയൊക്കെ വടിച്ചു കളയണം. വിവാഹത്തെക്കുറിച്ചു പറയുമ്പോള്‍ താങ്കള്‍ കേള്‍ക്കുന്നില്ലെന്ന് അമ്മ ഞങ്ങളോടു പരാതി പറയുന്നു. താങ്കളുടെ വിവാഹ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്കൊക്കെ ആഗ്രഹമുണ്ട്. അതിനായി കാത്തിരിക്കുകയാണ്. കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ, ഇനിയും സമയമുണ്ട്. അതിപ്പോള്‍ ഉറപ്പിക്കൂ. ഞങ്ങള്‍ പറയുന്നത് കേള്‍ക്കൂ’- എന്നായിരുന്നു പട്നയില്‍ മാധ്യമങ്ങളുടെ മുന്നില്‍ ലാലുവിന്റെ ഉപദേശം. രാഹുലിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചതിനു പിന്നാലെയായിരുന്നു ചിരി പടര്‍ത്തിയ ലാലുവിന്റെ പ്രതികരണം. വിവാഹക്കാര്യം ചിരിയില്‍ ഒതുക്കിയ രാഹുല്‍, പക്ഷേ താടി വെട്ടിയൊതുക്കാമെന്നു സമ്മതിച്ചു. താങ്കള്‍ പറഞ്ഞ സ്ഥിതിക്ക് വിവാഹം നടന്നേക്കാമെന്നും രാഹുല്‍ തമാശയായി പ്രതികരിച്ചു.

Leave a Reply

Your email address will not be published.

contonment-house-opposite-leader-heavy-rain Previous post പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്കു മുകളില്‍ മരം വീണു
smart-metre-kseb-charge Next post ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഉപേക്ഷിക്കണം: ആര്യാടന്‍ഷൗക്കത്ത്