
യുവാവിന്റെ തലവെട്ടിയെടുത്ത് പ്രദർശിപ്പിച്ചു; മണിപ്പുരിൽ ഏറ്റുമുട്ടൽ തുടരുന്നു
മണിപ്പുരിൽ ഹമാർ യുവാവിന്റെ തലവെട്ടിയെടുത്ത് പ്രദർശിപ്പിച്ചു. ബിഷ്ണുപുരിനും ചുരാചന്ദ്പുരിനും മധ്യേയുള്ള ഹമാർ-കുക്കി ഗ്രാമമായ ലങ്‌സയ്ക്കു കാവൽ നിൽക്കുകയായിരുന്ന ഡേവിഡ് ടീക്കിനെയാണ് വെടിവച്ചുകൊന്ന ശേഷം തലയറുത്ത് പ്രദർശിപ്പിച്ചത്. മെയ്‌തെയ് ഭൂരിപക്ഷപ്രദേശത്തിനു സമീപത്തുള്ള ലങ്‌സയിലെ മിക്ക വീടുകൾക്കും നേരത്തേ തീയിട്ടിരുന്നു.
ജനങ്ങൾ മുഴുവൻ പലായനം ചെയ്തതിനെത്തുടർന്ന് ബാക്കി വീടുകൾക്ക് കാവൽനിൽക്കുകയായിരുന്നു ഡേവിഡ് ഉൾപ്പെടെയുള്ള നാലംഗ കുക്കി-ഹമാർ ഗ്രാമ സംരക്ഷണ സേന. ഇതേസമയം, കാങ്‌പോക്പി ജില്ലയിലെ ഗംഗിഫായിയിൽ തീവ്ര മെയ്‌തെയ് സംഘടനയായ ആരംഭായ് തെംഗോലും കുക്കി ഗ്രാമ വോളണ്ടിയർമാരും തമ്മിൽ വെടിവയ്പുണ്ടായി. ഇരുഭാഗത്തും ആളപായമില്ല. കാങ്‌പോക്പിയിലും ബിഷ്ണുപുരിലും കഴിഞ്ഞ 2 ദിവസമായി ഏറ്റുമുട്ടൽ തുടരുകയാണ്. കുക്കി ഗോത്രമേഖലയായ ചുരാചന്ദ്പുരിൽ ഇന്നലെ ഗോത്ര വിഭാഗക്കാരുടെ വൻറാലി നടന്നു. വംശീയ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ പ്രതീകാത്മകമായി പ്രദർശിപ്പിച്ച 100 ശവപ്പെട്ടിക്കു മുൻപിൽ മുവായിരത്തിലധികം ഗോത്രവിഭാഗക്കാർ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചു.
ഇതിനിടെ, കലാപം അന്വേഷിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. സിപിഎം, സിപിഐ പ്രതിനിധി സംഘം ഇന്നു മുതൽ 8 വരെ കലാപ മേഖലയിൽ സന്ദർശനം നടത്തും. എംപിമാരായ ജോൺ ബ്രിട്ടാസ്, ബികാഷ്രഞ്ജൻ ഭട്ടാചാര്യ (സിപിഎം), ബിനോയ് വിശ്വം, പി.സന്തോഷ് കുമാർ, കെ.സുബ്ബരായൻ (സിപിഐ) എന്നിവരാണു സംഘത്തിലുള്ളത്. മണിപ്പുരിൽ നടക്കുന്ന വംശീയ കലാപത്തെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് കേരള കോൺഗ്രസ് (മാണി) ചെയർമാൻ ജോസ് കെ.മാണി, വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എന്നിവർ ആവശ്യപ്പെട്ടു.