ksrtc-bus-driver-seat-belt-cercular

KSRTC ഡ്രൈവര്‍മാരെ സീറ്റില്‍ കെട്ടിയിടും

ആടിയുലഞ്ഞുള്ള ഡ്രൈവിംഗിന് വിരാമം, ഇനി അടങ്ങിയൊതുങ്ങിയുള്ള ഡ്രൈവിംഗ് മാത്രം

ആനവണ്ടി ഓടിക്കുന്നവരെ കെട്ടിയിടാനുറച്ച് കെ.എസ്.ആര്‍.ടി.സി. സെപ്തംബര്‍ ഒന്നുമുതല്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ഉപയോഗിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിക്കഴിഞ്ഞു.

സര്‍ക്കുലറില്‍ പറുന്നത് ഇങ്ങനെയാണ്: ‘ 2023 സെപ്തംബര്‍ ഒന്നു മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍മാര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ ബസുകളിലും ഡ്രൈവര്‍ സീറ്റുകളില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിട്ടുണ്ട് എന്ന് യൂണിറ്റ് ഗ്യാരേജ് ഹെഡ്ഡുകളും ഡി.സി.പിമാരും ഉറപ്പാക്കേണ്ടതാണ്. കൂടാതെ, 2023 സെപ്തംബര്‍ ഒന്നു മുതല്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും സീറ്റ്‌ബെല്‍റ്റ് ധരിക്കേണ്ടതുമാണ്.

മുഴുവന്‍ ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഇത് സംബന്ധിച്ച് വ്യക്തിപരമായി യൂണിറ്റ് തലത്തില്‍ അവബോധം നല്‍കേണ്ടതും നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതും സര്‍ക്കുലര്‍ ഒരു രജിസ്റ്ററില്‍ പതിച്ച് മുഴുവന്‍ ഡ്രൈവര്‍ വിഭാഗം ജീവനക്കാരില്‍ നിന്നും വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ രജിസ്റ്ററില്‍ ഒപ്പ് വാങ്ങേണ്ടതുമാണ് എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.’ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ അടുത്ത കാലത്തായി അപകടങ്ങളില്‍പ്പെടുന്നുണ്ടെന്നും ഡ്രൈവര്‍മാര്‍ക്ക് ജീവഹാനി സംഭവിക്കുന്നുവെന്നുമുള്ള വാര്‍ത്തകളെ തുടര്‍ന്നാണ് പുതിയ തീരുമാനം വേഗത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, എ.ഐ ക്യാമറാ സംവിധാനം വന്നതിനു പിന്നാലെ മറ്റു വാഹനങ്ങളെല്ലാം സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നുള്ള പരിശോധന കര്‍ശനമാക്കിയിരുന്നു. ഇത് സര്‍ക്കാര്‍ സംവിധാനമായ കെ.എസ്.ആര്‍.ടി.സിയില്‍ ആദ്യം നടപ്പാക്കി മാതൃക കാട്ടാനാണ് ലക്ഷ്യം.


എ.ഐ. ക്യാമറയെ ഭയക്കാതെ നിരത്തുകളില്‍ ഇപ്പോള്‍ സഞ്ചരിക്കുന്നവര്‍, പോലീസ്, സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഐ.എ.എസ്സുകാര്‍, ഐ.പി.എസ്സുകാര്‍, എം.എല്‍.എമാര്‍, മന്ത്രിമാര്‍ എന്നിവരാണ്. സാധാരണക്കാരന്റെ തലയില്‍ ഹെല്‍മെറ്റില്ലെങ്കില്‍ പിഴയും പഴിയും വീട്ടിലെത്തും. വലിയ വാഹനങ്ങളിലെ ഡ്രൈവര്‍മാരും സീറ്റ് ബെല്‍റ്റ് ഇടണമെന്ന കര്‍ശന നിര്‍ദ്ദേശം ഇന്നലെ ചേര്‍ന്ന ട്രാന്‍സ്‌പോര്‍ട്ട് യോഗത്തില്‍ മന്ത്രി നല്‍കിയിരുന്നു. കെ.എസ്.ആര്‍.ടി.സി എം.ഡിയും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ ഈ യോഗത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ സുരക്ഷയെ കുറിച്ച് വിശദീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സീറ്റബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനമെടുത്തത്. കൂടാതെ പ്രൈവറ്റ് ബസുകളിലും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള നീക്കത്തിന് തുടക്കമിടാനും ഇത് ഉപകരിക്കും. സ്വകാര്യ ബസ് ഡ്രൈവര്‍മാരെ പിടിച്ചു കെട്ടാനുള്ള നീക്കം നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നടപ്പാക്കിയേക്കാനും സാധ്യതയുണ്ട്.

അതേസമയം, സീറ്റ് ബെല്‍റ്റിട്ടുള്ള ഡ്രൈവിംഗ് വശമില്ലാത്ത കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ ആകെ കലിപ്പിലാണ്. സ്വതന്ത്രമായ ഡ്രൈവിംഗിന് സീറ്റ്‌ബെല്‍റ്റ് വലിയ പ്രശ്‌നമാണ്. പോരെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും നീക്കാനോ, മാറ്റാനും ചരിക്കാനും കഴിയാത്ത പഴയകാല ഇരുമ്പിന്റെ സീറ്റാണ് ബസുകളിലുള്ളത്. ഇതിലിരുന്നാണ് ആനവണ്ടിയെ കാലും കൈയ്യും ഉപയോഗിച്ച് മെരുക്കിക്കൊണ്ടു പോകുന്നത്. ബസ് ഓടിക്കുമ്പോള്‍ വളവിലും തിരിവുകളിലും ബസിനൊപ്പം വളഞ്ഞും തിരിഞ്ഞുമാണ് ഡ്രൈവര്‍മാര്‍ ഓടിക്കുന്നത്. വലിയ വാഹനം ആയതിനാലും, ലക്ഷ്വറ ബസുകള്‍ ഓടിക്കുന്നതിന്റെ സുഖം ഇല്ലാത്തതിനാലും ഡ്രൈവര്‍മാര്‍ ബസുമായി ശരിക്കും മല്ലയുദ്ധം നടത്തുകയാണ് ചെയ്യുന്നത്. ഹൈറേഞ്ചുകള്‍ കയറുമ്പോള്‍ ബസിനൊപ്പം കയറ്റം കയറുന്നത് ശരിക്കും ഡ്രൈവര്‍മാരാണ്. കൂടാതെ, കൊച്ചു സീറ്റും എഞ്ചിനില്‍ നിന്നുള്ള ചൂടും ഒറ്റയിരിപ്പിലുള്ള ഡ്രൈവിംഗുമെല്ലാം ഡ്രൈവര്‍മാരെ വേഗത്തില്‍ തളര്‍ത്തും. ഇടയ്‌ക്കൊന്ന് അനങ്ങിയിരിക്കാനും, കാലുകള്‍ക്ക് ചെറിയ വിശ്രമം നല്‍കാനുമൊക്കെ സീറ്റ് ബെല്‍റ്റിട്ടാല്‍ കഴിയാതെ വരുമെന്നുറപ്പാണ്.

ഇക്കാര്യങ്ങളെല്ലാം ഡ്രൈവര്‍മാര്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയെ ബോധിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. കൃത്യമായ ശമ്പളം പോലും കിട്ടാത്ത സാഹചര്യത്തില്‍ ഇത്തരം പിടിച്ചു കെട്ടലുകള്‍ അസഹനീയമായേ തോന്നൂവെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. എന്നാല്‍, സ്വിഫ്റ്റ് ബസുകളില്‍ അത്യാധുനിക സീറ്റുകളും, മറ്റു സംവിധാനങ്ങളും ഉള്ളതിനാല്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നാലും കുഴപ്പമുണ്ടാകില്ല. കെ.എസ്.ആര്‍.ടി.സിയുടെ സ്വന്തം ബസുകളിലാണെങ്കില്‍ ഇത്തരം അത്യാധുനികതയൊന്നുമില്ല താനും. ഇത് മനസ്സിലാക്കിയിട്ടു വേണം പുതിയ സംവിധാനങ്ങളെ കുറിച്ചു സാറന്‍മാര്‍ ആലോചിക്കുക പോലും ചെയ്യേണ്ടതെന്നാണ് ചില ഡ്രൈവര്‍മാര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. എ.ഐ.ക്യാമറയെ ന്യായീകരിക്കാന്‍ വേണ്ടിയുള്ള പൊറാട്ടു നാടകമായേ ഈ നടപിടയെ കാണാനാകൂവെന്നും പരാതിയുണ്ട്. മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍മാരില്‍ കണ്ടു വരുന്ന ഹൃദ്ദ് രോഗം. കഠിനമായ ജോലിയില്‍ ഏര്‍പ്പെടുന്നതു കൊണ്ടു തന്നെ ഇത് വരാന്‍ സാധ്യത കൂടുതലാണ്. ഡ്രൈവിംഗിനിടയില്‍ സംഭവിക്കുന്ന ഹൃദ്ദ് രോഗത്തിന് വേഗത്തില്‍ ചികിത്സ നല്‍കാന്‍ കെട്ടിപ്പൂട്ടലുകള്‍ തടസ്സമായേക്കുമെന്ന ആശങ്കയുണ്ട്.

വേഗത്തില്‍ എന്തെങ്കിലും ചെയ്യാനാകുന്ന തരത്തിലുള്ള മറ്റ് സുരക്ഷാ ക്രമീകരണങ്ങളാണ് വേണ്ടതെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ട്രാന്‍പോര്‍ട്ട് കമ്മിഷണറും ആര്‍. ശ്രീജിത്തും, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ബിജുപ്രഭാറും, ഗതാഗതമന്ത്രി ആന്റമി രാജുവും സീറ്റ്‌ബെല്‍റ്റിന്റെ കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. അതിന്റെ പരിണിത ഫലമാണ് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ സര്‍ക്കുലര്‍. ഇതിനെതിരേ കെ.എസ്.ആര്‍.ടി.സി ട്രേഡ് യൂണിയനുകള്‍ എന്ത് നിലപാടാണ് എടുക്കാന്‍ പോകുന്നത് എന്നാണ് ഡ്രൈവര്‍മാര്‍ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published.

g.sakthi-dharan-cpm-udf-congress Previous post കൈതോലപ്പായ വിവാദം; പൊലീസിനോട് പേരുകൾ വെളിപ്പെടുത്താതെ ശക്തിധരൻ
kerala-cabinet-secrateriate-ministers Next post മന്ത്രിസഭായോഗ തീരുമാനങ്ങൾ