press-club-media-attack-polic

കേരളത്തിൽ ഭരണകൂട ഭീകരതയെന്ന് പ്രസ് ക്ലബ്

തങ്ങൾക്കും ഒപ്പം നിൽക്കുന്ന ശത കോടീശ്വരൻമാരായ നേതാക്കൾക്കും ഹിതകരമല്ലാത്ത വാർത്തകൾ നൽകുന്ന മാദ്ധ്യമ സ്ഥാപനങ്ങളെ നശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ആവശ്യപ്പെട്ടു. 

മറുനാടൻ മലയാളി എന്ന മാധ്യമ സ്ഥാപനത്തിൻ്റെ കേരളത്തിലെ ഓഫീസുകളിലും വനിതകളടക്കമുള്ള ജീവനക്കാരുടെ വീടുകളിലും കടന്നു കയറി കേരള പോലീസ് നടത്തുന്ന തോന്ന്യാസം അവസാനിപ്പിച്ചേ മതിയാകൂ. പത്തോളം ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ഓഫീസുകൾ പൂട്ടിച്ചു. ജീവനക്കാരെ കയറാൻ അനുവദിക്കുന്നില്ല. മുപ്പത്തിരണ്ട് ലാപ്ടോപ്പുകളും 10 കമ്പ്യൂട്ടറുകളും 7 ക്യാമറകളും 12 മൊബൈൽ ഫോണുകളും മറ്റുപകരണങ്ങളും പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത ജീവനക്കാരെ ഉച്ചയ്ക്കു ശേഷമാണ് വിട്ടയച്ചത്.

സമ്പന്ന വ്യവസായിയായ എം.എൽ.എയെ തൃപ്തിപ്പെടുത്താനായി കേരളത്തിൽ ഭരണകൂട ഭീകരത നടമാടുകയാണ്. സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്ത വിധമുള്ള മാധ്യമവേട്ട നടക്കുന്ന കാര്യം മുഖ്യമന്ത്രിയും പുതിയ ഡിജിപിയും അറിയുന്നില്ലെന്നാണോ? വ്യാജവാർത്തകളും അസത്യങ്ങളും പ്രചരിപ്പിക്കുന്ന മാധ്യമ പ്രവർത്തകരുടെ പേരിൽ നിയമ നടപടി സ്വീകരിക്കാൻ സർക്കാരിന് എല്ലാ അവകാശവുമുണ്ട്. എന്നാൽ അതിൻ്റെ പേരിൽ മാധ്യമ സ്ഥാപനങ്ങളിലും ജീവനക്കാരുടെ വീടുകളിലും കയറി റെയ്ഡ് നടത്തുന്നത് മാധ്യമവേട്ടയാണ്. ഓഫീസുകൾ പൂട്ടിക്കുന്നത് ഏത് നിയമത്തിൻ്റെ പിൻബലത്തിലാണ്. ഇതിനൊക്കെ നേതൃത്വം നൽകുന്ന പോലീസ് ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരുമെന്നും ഈ തോന്ന്യാസം അവസാനിപ്പിക്കാൻ ഇടപെട്ട് ഡി ജി പി തൻ്റെ ഉത്തരവാദിത്വം നിർവഹിക്കണമെന്നും പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ. സാനുവും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

trivandrum-airport-vietnam-pinarayi-vijayan Previous post വിയറ്റ്നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് വിയറ്റ്നാം അംബാസഡർ
kerala-university-mark-tally-vice-chancillor Next post മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിച്ചു; പരീക്ഷ കൺട്രോളറോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ട് വിസി