
മാധ്യമങ്ങളെയും അടിച്ചമർത്തുന്നവർ തന്നെ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിക്കുന്നു; പിണറായി സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി
കേരളത്തിലെ ഇടതു സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. സർക്കാരിന്റെ അഴിമതികൾ പുറത്ത് കൊണ്ടുവന്നതിന്റെ പേരിൽ പിണറായി വിജയൻ പൊലീസിനെ ഉപയോഗിച്ച് മാധ്യമ സ്ഥാപനങ്ങളെയും മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടുത്തിടെ ഒരു മാധ്യമപ്രവർത്തകന്റെ വീട്ടിലും ഓഫിസുകളിലും പൊലീസിനെ ഉപയോഗിച്ചു നടത്തിയ റെയ്ഡുകൾ ഇതിന് ഉദാഹരണമാണ്. ദേശീയ തലത്തിൽ ബിബിസി ഡോക്യുമെന്ററി നിരോധിച്ചപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിച്ചവരാണ്, സ്വന്തം സംസ്ഥാനത്തെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാൻ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
‘‘കോൺഗ്രസ് അടക്കമുള്ള വിവിധ സംസ്ഥാന സർക്കാരുകൾ മാധ്യമങ്ങളെ നിശബ്ദമാക്കാനായി സ്വീകരിക്കുന്ന നടപടികളെ വിമർശിക്കുന്നതിന്റെ കൂടെ കേരളത്തിലെ പിണറായി സർക്കാർ ചെയ്യുന്ന കാര്യങ്ങൾ കൂടി ഈ രാജ്യത്തെ ജനം കാണണം. അദ്ദേഹം നയിക്കുന്ന സിപിഎം സർക്കാർ അഴിമതിയിൽ കുളിച്ചു നിൽക്കുകയാണ്. സ്വർണക്കടത്തു മുതൽ റോഡ് ക്യാമറകൾ വാങ്ങിയതിലുള്ള ക്രമക്കേടു വരെ ഇതിൽ ഉൾപ്പെടും. മുഖ്യമന്ത്രിയുടെ ഓഫിസും സ്റ്റാഫും കുടുംബാംഗങ്ങളുമെല്ലാം ഈ അഴിമതികളിൽ ആരോപണ വിധേയരാണ്. ഇക്കാര്യങ്ങളെല്ലാം തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതിന്റെ പേരിൽ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.’
“ഇതിനെ തുടർന്ന് ചില ടെലിവിഷൻ ചാനലുകൾക്കും, അവിടെ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കുമെതിരെ കേസും റജിസ്റ്റർ ചെയ്തു. ഒരു വനിതാ മാധ്യമപ്രവർത്തകയും ഇതിൽ ഉൾപ്പെടും. ഒരു യുട്യൂബ് ചാനലിനെ നിശബ്ദമാക്കുന്നതിനായി ജീവനക്കാരുടെ വീട്ടിലും ഓഫിസിലും പൊലീസിനെ ഉപയോഗിച്ച് റെയ്ഡ് നടത്തിയത് ഇതിന് ഉദാഹരണമാണ്. ഈ മാധ്യമസ്ഥാപനം നൽകിയ അപ്പീൽ കോടതിയുടെ പരിഗണനയിലിരിക്കെയാണ് റെയ്ഡ് ചെയ്യാനുള്ള നടപടിയും.”
‘ബിബിസിയുടെ ഡോക്യുമെന്ററി നിരോധിച്ചതിന്റെ പേരിൽ പിണറായി വിജയൻ കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിക്കുകയും ചെയ്തിരുന്നു. അവരാണ് മാധ്യമങ്ങളെ നിശ്ബ്ദമാക്കാൻ ഇത്തരം ഭീഷണികളും നടപടികളും കൈക്കൊള്ളുന്നത്. ഇന്ത്യയിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള കാപട്യവും ഇരട്ടത്താപ്പും ഇപ്പോഴും നിലനിൽക്കുന്ന, മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വായടപ്പിക്കാൻ ശ്രമിക്കുന്ന ഒരു സംസ്ഥാനമുണ്ടെങ്കിൽ അത് ഇടതു സർക്കാർ ഭരിക്കുന്ന കേരളമാണ്.
‘‘ഈ നിലപാട് കാരണമാണ് ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഇടതു സർക്കാരുകൾ ഇല്ലാതായത്. അവർ ഭരിച്ചിരുന്ന ത്രിപുരയിലും ബംഗാളിലുമെല്ലാം ഇതാണ് അവസ്ഥ. കേരളത്തിൽ ഇപ്പോഴും മാധ്യമപ്രവർത്തകർക്കെതിരെ അവർ ഭീഷണിയുടെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയമാണ് പുറത്തെടുക്കുന്നത്. ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. സർക്കാരിന്റെ അഴിമതികളെ ചോദ്യം ചെയ്യുന്നതിനാലാണ് ഇതെന്ന് കൂടി ഓർക്കണം. പൊലീസിനെ ഉപയോഗിച്ച് മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും അടിച്ചമർത്തുന്ന അതേ ഇടതുപക്ഷമാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിക്കുന്നത്. ഇടതു സർക്കാരിന്റെ ഈ അസഹിഷ്ണുതയും ഇരട്ടത്താപ്പും രാജ്യത്തെ ജനം കാണുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.