
വ്യാജ ലഹരി കേസ്; ഷീല സണ്ണിക്കെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി
വ്യാജ ലഹരി കേസിൽ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്ക് ഒടുവിൽ നീതി. ഷീലക്കെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി നൽകിയ ഹർജിയിലാണ് ഉത്തരവ്.കേസിൽ നിന്നൊഴിവാകുന്നതോടെ ഷീലാ സണ്ണിയ്ക്ക് ബൈക്കും ഫോണും തിരികെ ലഭിക്കും. അതിനിടെ ഷീലയ്ക്കെതിരെ കേസെടുത്ത എക്സൈസ് ഇൻസ്പക്ടർ കെ. സതീശൻറെ മൊഴിയും മഹസ്സർ റിപ്പോർട്ടും തമ്മിൽ വൈരുധ്യമുണ്ടെന്ന വിവരവും പുറത്തുവന്നു. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ ബ്യൂട്ടീ പാർലറിലെത്തി ഷീലയെ അറസ്റ്റ് ചെയ്തെന്നാണ് സതീശൻ നൽകിയ മൊഴി. എന്നാൽ സ്കൂട്ടറിൽ നിന്നിറങ്ങിയ ഷീലയെ തടഞ്ഞു നിർത്തി പിടികൂടുകയായിരുന്നെന്നാണ് സതീഷൻ നൽകിയ മൊഴി. ഇക്കാര്യങ്ങളും എക്സൈസ് ക്രൈംബ്രാഞ്ച് പരിശോധിക്കും.
കൊച്ചിയിലെ അന്വേഷണ സംഘത്തിന് മുന്നിൽ സതീശൻ ഔദ്യോഗിക ഫോൺ ഹാജരാക്കിയിട്ടുണ്ട്. ഫോൺ വിശദ പരിശോധനയ്ക്ക് പൊലീസ് സൈബർ സെല്ലിന് കൈമാറാനാണ് തീരുമാനം. അതിനിടെ ഷീലയ്ക്ക് വീണ്ടും ബ്യൂട്ടി പാർലര്‍ തുറക്കാനുള്ള സഹായ വാഗ്ദാനവുമായി മലപ്പുറം കൽപകഞ്ചേരി ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലുള്ള തണൽ സംഘടന മുന്നോട്ടുവന്നു.