G-sakthidharan-cpm-crore-udf-congress

‘ശക്തി’ധരന്റെ വിപ്ലവം, സി.പി.എമ്മിന്റെ ‘ബുദ്ധി

വിപ്ലവം വരുന്നുണ്ട്, തോക്കിന്‍ കുഴലിലൂടെയല്ല, സോഷ്യല്‍ മീഡിയയിലൂടെ

ബക്കറ്റും രസീത് കുറ്റിയുമായി നാടുനീളെ തെണ്ടി, പിച്ചക്കാശ് പിരിച്ചുമൊക്കെ പാര്‍ട്ടിയുടെ ദൈനംദിന ചെലവുകള്‍ പോലും നോക്കിയിരുന്ന, പാവം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതു കേട്ട് ഞെട്ടണം. സ്വന്തം പിള്ളാരെ പട്ടിണിക്കിട്ടും വയറു മുറിക്കിയുടുത്തും പാര്‍ട്ടിക്കു വേണ്ടി ജീവന്‍ പോലും കൊടുക്കാന്‍ തയ്യാറാകുന്നവര്‍ക്കു കിട്ടുന്ന ചെകിടടി കൂടിയാണ് മുന്‍ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍, ജി ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍. ‘വിപ്ലവം വരും സഖാവേ, തോക്കിന്‍ കുഴലിലൂടെ’ എന്ന് പഴയകാല കമ്യൂണിസ്റ്റുകള്‍ പറഞ്ഞിരുന്നു. എന്നാല്‍, വിപ്ലവം വരുന്നുണ്ട്, തോക്കിന്‍ കുഴലിലൂടെയല്ല, സോഷ്യല്‍ മീഡിയയിലൂടെ.
അതാണ് ശക്തിധരന്റെ തുറന്നു പറച്ചിലിലൂടെ സകലമാന കമ്യൂണിസ്റ്റുകാരും കേട്ടു കൊണ്ടിരിക്കുന്നത്. ജി. ശക്തിധരന്റെ ശക്തിയും സി.പി.എമ്മിന്റെ ബുദ്ധിയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ് വരാനിരിക്കുന്നത്. ഇന്നലെ വി.എസിനെ കൂട്ടു പിടിച്ച് ‘ ദൈവമേ ഞാനാരാണ്’ എന്നതലക്കെട്ടിലാണ് പാര്‍ട്ടിയിലെ കോടിപതികളുടെ വിവരങ്ങള്‍ പറഞ്ഞു വെച്ചത്. ഇന്ന് ‘ ഇതിനേക്കാള്‍ ഭേദം കൊല്ലുകയാണ്’ എന്ന തലക്കെട്ടിലാണ് പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തുറന്നു പറച്ചിലുകളുടെ അവസാനം വര്‍ഗ വഞ്ചകനായി മുദ്രകുത്തപ്പെട്ട ജി ശക്തിധരനെ തേടി ഇന്നോവയും, ‘മാഷാ അള്ളാ’ എന്നുള്ള എഴുത്തു കുത്തുകളുമൊന്നും വരരുതേ എന്നാണ് ദൈവത്തിന്റെ സ്വന്തം നാട് ആഗ്രഹിക്കുന്നത്.

ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒളിയമ്പ് കൊണ്ട് മുന്‍എസ്.എഫ്.ഐ നേതാവ് സിന്ധു ജോയിക്കും മുറിവേറ്റിരുന്നു. അപ്രഖ്യാപിത യുദ്ധത്തിലാണ് സിന്ധു ജോയി ഇപ്പോള്‍. മുറിവേറ്റ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണിതെന്നാണ് അഴര്‍ പറയുന്നത്. തന്നെ പറഞ്ഞവരെയും, പറഞ്ഞത് വാര്‍ത്തയാക്കിയവരെയും പൂട്ടിച്ചിട്ടേ ഇനി ഉറക്കമുള്ളൂവെന്നാണ് ശപഥം. പഴയ പാര്‍ട്ടിക്കാരിക്ക് രാഷ്ട്രീയത്തില്‍ വീണ്ടും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കുക കൂടിയാണ് സിന്ധു. എന്നാല്‍,

വി.എസ് അച്യുതാനന്ദനെയും അദ്ദേഹത്തിന്റെ സത്യ സന്ധതയേയും ശക്തിധരന്‍ തുലനം ചെയ്തിരിക്കുന്നത് ഇപ്പോഴത്തെ സി.പി.എം നേതാക്കളുടെ കള്ളത്തരം കൊണ്ടാണ്. പാര്‍ട്ടിയിലേക്കെത്തുന്ന പണത്തിന് ഒരു കണക്കുമില്ലാത്തതിന്റെ വസ്തുതകള്‍ നിരത്തിയുള്ള ഇന്നലത്തെ പോസ്റ്റ് പാര്‍ട്ടിക്കുള്ളിലെ നേതാക്കളുടെ മനസ്സുകളില്‍ തീപ്പൊരി ഇടുമെന്നുറപ്പാണ്. ‘കോടികള്‍ കയ്യിലെത്തുന്ന ചരിത്രം ആരംഭിച്ചിട്ട് ഏതാനും വര്‍ഷങ്ങളെ ആയുള്ളൂ. അതിനുമുമ്പ് അചിന്ത്യമായിരുന്നു കോടികള്‍. ഏതുകാലത്തും കര്‍ക്കശമായ ചെലവ് വരവ് കണക്കുകള്‍ സൂക്ഷിക്കുന്ന പാര്‍ട്ടിയായിരുന്നു ഇത്. വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലശേഷമാണ് ഇത് താളം തെറ്റിയത്.’

ശക്തിധരന്റെ തുറന്നു പറച്ചിലിന്റെ ആഴമറിയണമെങ്കില്‍ ഇതുകൂടി വായിച്ചേ മതിയാകൂ. ‘പാര്‍ട്ടി ആസ്ഥാനത്തു പണം കൈകാര്യം ചെയ്യുന്ന സഖാവില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത് ഇതുസംബന്ധിച്ച കണക്കൊന്നും പാര്‍ട്ടി കേന്ദ്രത്തില്‍ ലഭ്യമേയല്ല എന്നാണ്. തെരെഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്കുകളിലും ഈ തുക ഇല്ല.’ ഇങ്ങനെ ഒരു കുറിപ്പെഴുതാനോ, ഇങ്ങനെയൊരു തുറന്നു പറച്ചില്‍ നടത്താനോ പാര്‍ട്ടി പ്രവര്‍ത്തനം ജീവിത ചര്യയായവര്‍ക്കേ സാധിക്കൂ. അങ്ങനെയുള്ളവര്‍ പാര്‍ട്ടിക്കെന്നും വലിയ പ്രതിസനധികള്‍ തീര്‍ത്തു കൊണ്ടേയിരിക്കും.

ഇപ്പോള്‍ ശക്തിധരനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും തെറിയഭിഷേകം നടത്തുകയും ചെയ്യുന്ന ഒരു കൂട്ടര്‍ ഇറങ്ങിയിട്ടുണ്ട്. അവര്‍ മാത്രമല്ല, ശക്തിധരന്റെ ഫോണ്‍ ചോര്‍ത്തുന്ന ഔദ്യോഗികക്കാരും, അനൗദ്യോഗികക്കാരുമുണ്ടെന്നതാണ് പുതിയ വിഷയമായി അവതരിപ്പിച്ചിരിക്കുന്നത്.

ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്

മഹത്തായ ഒരാശയത്തിന്റെ അകാല മരണമാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി എന്റെ ഫോണില്‍ ഏത് അസമയത്തും കടന്നുകയറി അസഭ്യവര്‍ഷം ചൊരിയുകയാണ് ഒരു ഗൂഢസംഘം. ഇന്നും രാവിലെതന്നെ പണി തുടങ്ങി. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇന്റര്‍നെറ്റ് കോളുകളാണ് ഏറെയും. ഇത്തരം അധമ പ്രവര്‍ത്തനത്തിന് വഴി ഒരുക്കുന്ന നീചന്മാര്‍ പോലീസ് സേനയില്‍ തന്നെ ഉണ്ടെന്നാണ് അറിയുന്നത്.

അതിനുള്ള പ്രത്യേക ചാനല്‍, സേന തന്നെ ഒരുക്കിക്കൊടുക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നതും. അന്താരാഷ്ട്ര തലത്തില്‍ കടുത്ത നിയമങ്ങള്‍ കൊണ്ട് തടഞ്ഞിട്ടുള്ള സമാന്തര ടെലി കമ്മ്യുണിക്കേഷന്‍ സംവിധാനം കേരളത്തിലെ രാജ്യദ്രോഹി കളുടെ കയ്യില്‍ ഭദ്രമാണ്. ജയിലിനുള്ളില്‍ നടക്കുന്ന അനധികൃത ഫോണ്‍ വിളിയുടെ വിശ്വരൂപം! പാര്‍ട്ടിയില്‍ അമിതാധികാര കേന്ദ്രമായി വാഴുന്ന ചില കൊടും ക്ഷുദ്രജീവികളാണ് ഇതിന്റെ കമ്മിസാര്‍മാര്‍ ഞാന്‍ എല്ലാ കോളുകളും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. 91+99 46733101 എന്ന നമ്പറില്‍ നിന്നാണ് ഇന്നത്തെ തുടക്കം. ഫോണ്‍ ഓഫ് ചെയ്തില്ലെങ്കില്‍ അണമുറിയാതെ അജ്ഞാത കോളുകള്‍ പ്രവഹിക്കും. കേള്‍ക്കേണ്ടിവരുന്ന വാക്കുകള്‍ ഏതു പറുദീസയില്‍ കൊണ്ടിട്ടാലും സമനില വീണ്ടെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഭൂഗര്‍ഭത്തില്‍ കൊണ്ടിട്ട പ്രതീതി. രാക്ഷസന്‍മാരോ ചെകുത്താന്മാരോ അധിവസിക്കുന്ന മറ്റൊരു ഗ്രഹത്തില്‍ നിന്ന് ഈ ഗ്രഹത്തിലേക്ക് വരുന്ന കോളുകള്‍ എന്ന് തോന്നിപ്പോകും.

എത്രലക്ഷം രൂപയാകും ഇതിന് ചെലവിടുന്നത്? സ്റ്റാലിനാകും ഭേദമെന്ന് ഞാന്‍ പറയുന്നതില്‍ തെല്ലും അതിശയോക്തി വേണ്ട. ഒരു വ്യക്തിക്കും കുടുംബത്തിനും നേരെയുള്ള ഏറ്റവും നീചവും നിന്ദ്യവുമായ കയ്യേറ്റമാണിത്. ഞാന്‍ കൂടി ഉള്‍പ്പെട്ട ഒരു പ്രസിദ്ധീകരണം പതിവുപോലെ പുറത്തിറക്കാനുള്ള ശ്രമങ്ങളെയും ഇത്തവണ ബാധിച്ചു. മൂന്നു ദിവസം വൈകിയാണ് ഈ ലക്കം പുറത്തിറങ്ങുന്നത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് ഈ ലക്കത്തില്‍ നേരിടുന്നത്. പ്രതിപക്ഷത്തെ ചില നേതാക്കള്‍ക്ക് വേണ്ടിയാണ്, അവരുടെ പേരെടുത്ത് പറഞ്ഞു ആക്ഷേപിച്ചുകൊണ്ടാണ് ,അവരുടെ വാലാണ് ഞങ്ങളെന്ന് ചിത്രീകരിച്ചുകൊണ്ടാണ് ഞങ്ങളെ അധിക്ഷേപിക്കുന്നതെങ്കിലും ഒരു പെട്ടിക്കടയുടെ പരസ്യം പോലും ജനശക്തിക്ക് ലഭിക്കാന്‍ അവര്‍ ഒന്നും ചെയ്യുന്നില്ല.ചെയ്യുകയുമില്ല. ഈ ലക്കത്തില്‍ ഒരു പരസ്യവും പുതുതായി ലഭിക്കാത്തതുകൊണ്ട് മുന്‍ ലക്കത്തില്‍ ലഭിച്ച പരസ്യംതന്നെ അവരുടെ സമ്മതത്തോടെ ആവര്‍ത്തിക്കുകയാണ്. ഫോണ്‍ അക്ഷരാര്‍ത്ഥത്തില്‍ എനിക്ക് ഉപയോഗ്യശൂന്യമാണ് പോലീസ് എനിക്കു വരുന്ന എല്ലാ കോളുകളും നിരീക്ഷിക്കുകയാണ്. ഞാനും രഹസ്യപൊലീസിനെ വെട്ടിലാക്കാന്‍ പുതിയ തന്ത്രവും കൗശലവും പഠിച്ചു. അസാധ്യമായ കാര്യങ്ങള്‍ ഫോണില്‍ സംസാരിക്കുക. അത് വിശ്വസിച്ചാകും പോലീസ് നീങ്ങുക. അതിന് ഫലംകണ്ടു. ഈ നേതാക്കള്‍ക്ക് വലിയ സമ്പന്നരുമായി ഏറെ ബന്ധങ്ങള്‍ ഉണ്ടെന്നത് ആര്‍ക്കാണ് അറിയാത്തത്. പരസ്യം ഒന്നും കിട്ടിയില്ല അല്ലേ എന്ന പതിവ് നിസ്സംഗ ചോദ്യം ഖദര്‍ ഉടുപ്പില്‍ നിന്ന് സ്വനഗ്രാഹി യന്ത്രത്തില്‍ നിന്നെന്ന പോലെ കേള്‍ക്കേണ്ടിവരുമെന്നത് കൊണ്ട് അടുത്ത ഏമ്പക്കം കൂടി കേള്‍ക്കും മുമ്പ് രക്ഷപ്പെടുകയാണ് പതിവ്. ഞങ്ങളുടെ പരിതാപകരമായ അവസ്ഥയെയോട് മുന്‍കൂട്ടി സഹതപിച്ചു തൃപ്തിപ്പെടുത്താനുള്ള നേതാക്കളുടെ പാടവം അസൂയാര്‍ഹമാണ് .

ഇവരൊക്കെ മന്ത്രിമാരും മറ്റു പദവികളും വഹിച്ചിരുന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷത്തിന്റെ മാധ്യമങ്ങള്‍ക്ക് നിര്‍ലോപം പരസ്യം നല്‍കിയിരുന്നത് അവരുടെ ആക്രമണത്തെ തടഞ്ഞു നിര്‍ത്താനുള്ള പരിച ആയതുകൊണ്ടാകും.
നീചമായ സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ ഞങ്ങള്‍ അശക്തരാണ്. ഏറിയാല്‍ ഒരു ഡസനോളം മാത്രം വരുന്ന പ്രവര്‍ത്തകരുമായി അടുപ്പമുള്ള ജനശക്തിക്ക് എങ്ങിനെയാണ് കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭ്രാന്തിനെ കൂച്ചുവിലങ്ങിടാന്‍ കഴിയുക. പ്രത്യേകിച്ചും പ്രതിപക്ഷം എന്ന അവസാനത്തെ അത്താണിയും ദന്തഗോപുരത്തില്‍ നിന്ന് താഴെയിറങ്ങാതിരിക്കുമ്പോള്‍? ഞങ്ങള്‍ക്ക് ഇത് മറികടക്കാന്‍ കഴിയും. ജനങ്ങള്‍ സഹകരിച്ചാല്‍. ജനശക്തിയെ. കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചാല്‍. ഞങ്ങളുടെ വാക്കുകളില്‍ വെടിയുണ്ടയുടെ കരുത്തുണ്ടാകും. ആരുടെയും മുന്നിലും മുട്ടുമടക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം. ഞങ്ങളുടെ മേലും ജനങ്ങളുടെ നിരീക്ഷണം ഉണ്ടായാല്‍ മതി. വഴിതെറ്റാതെ കാത്താല്‍ മതി. ഞങ്ങളെ തകര്‍ക്കാന്‍ കച്ചകെട്ടി നില്‍ക്കുന്നവരുടെ കരുത്തും വ്യാപ്തിയും ഞങ്ങള്‍ക്ക് നന്നായറിയാം. അതുകണ്ട് ഭയപ്പെട്ട് പിന്മാറുന്നവരല്ല ഞങ്ങള്‍. ഇതിലും ശക്തരായി ലോകത്തെ വിറപ്പിച്ചവര്‍ കൂലിപ്പട്ടാളക്കാരെ വെച്ച് രാജ്യഭാരം നടത്തുന്നത് ഇപ്പോള്‍ നാം കാണുകയാണ്. കൂലിപ്പട്ടാളം തന്നെ അധികാരം പിടിച്ചെടുത്തേക്കുമെന്ന ഭയപ്പെടുത്തുന്ന അവസ്ഥയിലേക്ക് അവരെത്തി. അത് മറക്കണ്ട. ജനശക്തി ഒരു മണ്‍ചിരാത്. മാത്രമാണ്. ഇപ്പോള്‍ അതിന്റെ വെളിച്ചം കൈക്കുമ്പിളില്‍ മാത്രം ഒതുങ്ങുന്നതാകാം. പക്ഷെ ഇതുപോലുള്ള ചിരാതുകളില്‍ നിന്ന് കൊളുത്തിയ തീ ആളിക്കത്തുന്നതും ജീര്‍ണ്ണതകളെ ധൂളിയാക്കുന്നതും കണ്ടിട്ടില്ലേ? ഇന്നത്തെ കരങ്ങളില്‍ അല്ലെങ്കില്‍ നാളെ അത് സംഭവിക്കും. ഞങ്ങള്‍ തോല്‍ക്കില്ല. മനസില്ല തോക്കാന്‍.

Leave a Reply

Your email address will not be published.

narendra-modi-arrives-in-parliment Previous post ജനാധിപത്യത്തിന്റെ ശ്രീകോവിലുകളെ ‘തൊഴുന്നവരും’ ‘തൊഴിക്കുന്നവരും’
niyamasabha-court-case-sivan-kutty-colabs Next post നിയമസഭാ കയ്യാങ്കളി: നാടകീയ നീക്കവുമായി പൊലീസ്, കോടതിയുടെ രൂക്ഷ വിമർശനം