
ജനാധിപത്യത്തിന്റെ ശ്രീകോവിലുകളെ ‘തൊഴുന്നവരും’ ‘തൊഴിക്കുന്നവരും’
എ.എസ്. അജയ്‌ദേവ്
നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സമയം. പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തിന് എത്തിയപ്പോള്‍ പാര്‍ലമെന്റ് മന്ദിരത്തിനകത്ത് കടക്കവേ, ഒരത്ഭുതം ലോകം കണ്ടു. പ്രധാനമന്ത്രി മുട്ടിലിരുന്ന്, പാര്‍ലമെന്റ് സമ്മേളന ഹാളിനെ നമസ്‌ക്കരിക്കുന്നു. അന്ന് ആ കാഴ്ച ലോക മാധ്യമങ്ങള്‍ ആഘോഷിച്ചു. സഭയെ ജനാധിപത്യത്തിന്റെ ശ്രീകോവിലായി കണ്ടാണ് താന്‍ നമസ്‌ക്കരിച്ചതെന്ന് നരേന്ദ്രമോദി പറയുകയും ചെയ്തു. ജനാധിപത്യത്തെയും ജനപ്രതിനിധകളുടെ സഭയെയും എങ്ങനെയാണ് നരേന്ദ്രമോദി കണ്ടിരുന്നതെന്ന് മനസ്സിലാക്കാന്‍ ഈ ഒരു സംഭവം മാത്രം മതിയാകും.

മലയാളികളുടെ അഭിമാനമായി കേരളത്തില്‍ ഒരു നിയമസഭാ മന്ദിരമുണ്ട്. ജനാധിപത്യത്തിന്റെ മറ്റൊരു ശ്രീ കോവില്‍. അവിടെ ജനപ്രതിനിധികള്‍ നടത്തിയ ഒരു പൂജയുണ്ട്. ഡെസ്‌ക്കിലൂടെയും ഡയസ്സിലൂടെ ചാടിയും, വലിച്ചുപറിച്ചെറിഞ്ഞും, നുള്ളിയും പിച്ചിയുമൊക്കെ നടത്തിയ പൂജ. നരേന്ദ്ര മോദി പാര്‍ലമെന്റ് മന്ദിരത്തെ കാണുന്നതും, കേരളത്തിലെ ജനപ്രതിനിധികള്‍ ജനപ്രാതിനിധ്യസഭയെ കാണുന്നതും എങ്ങനെയാണെന്ന് കൃത്യമായി മനസ്സിലാക്കാനാണ് ഈ രണ്ടു സംഭവങ്ങളും വിവരിച്ചത്.

നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് വളരെ വിചിത്രമായ ആവശ്യം ഉന്നയിച്ച് പോലീസ് കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും വരെ വിചാരണ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ പൊലീസ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതുവരെ അന്വേിഷച്ചതൊന്നും അന്വേഷണമല്ലെന്നും കേസില്‍ ഒട്ടേറെ വസ്തുതകള്‍ കൂടി ഇനിയും അന്വേഷിക്കാനുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കേരളാ പോലീസിനെ മാനം കപ്പല്‍ കയറുന്ന നടപടിയാണിതെന്ന് ഭരണക്കാര്‍ക്കും പ്രതിപക്ഷത്തിനും നന്നായറിയാം. കാരണം, കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരിക്കുന്നത്.

മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്, വിവിധ കോടതികളിലുള്ള കേസുകള്‍ ഒരുമിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയാന്‍ കോടതി ചേര്‍ന്നപ്പോഴാണ് പുനരന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ചിന്റെ പുതിയ ആവശ്യം. ബാര്‍ കോഴ വിവാദം കത്തി നില്‍ക്കെ 2015 മാര്‍ച്ച് 13നാണ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ രാഷ്ട്രീയ കോലാഹലം നിയസമഭയില്‍ അരങ്ങേറിയത്. അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു.

സ്പീക്കറുടെ ഡയസ്സിലുണ്ടായിരുന്ന കമ്പ്യൂട്ടറും മറ്റ് ഇലക്ട്രോണിക്‌സ് വസ്തുക്കളും അടിച്ചു തകര്‍ത്തു. സ്പീക്കറെ ഡയസ്സില്‍ വരാതിരിക്കാന്‍ മാര്‍ഗ തടസ്സം സൃഷ്ടിക്കുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമവും നടത്തി. അന്നത്തെ എം.എല്‍.എയും ഇന്നത്തെ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടി നിയമസഭയിലെ ഡെസ്‌ക്കിനു മുകളിലൂടെ മുണ്ടും മടത്തിക്കെട്ടി വെള്ള കളസും കാട്ടി വെല്ലുവിളി നടത്തി. വനിതാ എം.എല്‍.എമാരുമായി കൈയ്യാങ്കളിയും ബോധംകെട്ടു വീഴലും അങ്ങനെ രാജ്യത്തൊരിടത്തും നടക്കാത്ത വിധം, ജനാധിപത്യത്തിന്റെ ശ്രീ കോവിലിനെ മലീമസമാക്കി. മന്ത്രി വി ശിവന്‍കുട്ടി, ഇടതു നേതാക്കളായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍ എന്നിവരാണു കേസിലെ പ്രതികള്‍. 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.

അതേസമയം, നിയമസഭയില്‍ നടന്നത് അംഗങ്ങളുടെ പ്രതിഷേധം മാത്രമാണെന്നും സഭയ്ക്കുള്ളിലെ നടപടികളില്‍ കേസെടുക്കാന്‍ സ്പീക്കറുടെ അനുമതി വേണമെന്നുമാണ് സര്‍ക്കാര്‍ വാദിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തത് സ്പീക്കറുടെ അനുമതി ഇല്ലാതെയാണ്. പ്രതിഷേധത്തിന് കാരണം പ്രതിപക്ഷത്തിലെ വനിതാ അംഗങ്ങളെ അപമാനിച്ചതാണെന്നും ഇടതുപക്ഷവും സര്‍ക്കാരും പറയുന്നു. ഇതു മുന്‍ നിര്‍ത്തിയാണ് ക്രൈംബ്രാഞ്ച് കേസില്‍, അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത്. സഭയിലെ കയ്യാങ്കളിക്കിടെ പരിക്ക് പറ്റിയെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ എംഎല്‍എമാരായ ജമീല പ്രകാശവും കെ.കെ ലതികയും കോടതിയെ സമീപിച്ചതും, പരിക്ക് പറ്റിയെന്ന് സാക്ഷ്യപ്പെടുത്തിയ 14 വൂണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതേപ്പറ്റി വിശദമായി അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞു.

അതേസമയം, കോടതിയില്‍ വായിച്ച നിലവിലെ കുറ്റപത്രം പിന്‍വലിക്കുകയാണോ എന്നും എന്തിനാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതെന്നും കോടതി ചോദിച്ചപ്പോള്‍ തുടരന്വേഷണം എന്ന ആവശ്യം ഉന്നയിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നായിരുന്നു മറുപടി.

മന്ത്രിയായും, സ്പീക്കറായും പിന്നീടും നിയമസഭയുടെ അകത്തളത്തിലേക്ക് കയറി വന്നവരുടെ പൂര്‍വ്വകാലം മറന്നു പോകാന്‍ പാടില്ലാത്തതാണ്. നിയമനിര്‍മ്മാണ സഭയുടെ പവിത്രത കാത്തു സൂക്ഷിക്കാത്ത ജനപ്രതിനിധികള്‍ ജനങ്ങളെ പൊട്ടന്‍കളിപ്പിക്കുകയാണ് ചെയ്യുന്നത്. അധികാരം ഉണ്ടെങ്കില്‍ എന്തും നടത്താമെന്ന ധാര്‍ഷ്ട്യവും ഇവിടെ നിഴലിക്കുന്നുണ്ട്. എന്ത് കൊള്ളതായ്മയും അധികാരത്തണലില്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്നുണ്ട്. അത് ജുഡീഷ്യറിയിലാണെങ്കിലും ജനാധിപത്യത്തിലാണെങ്കിലും. എന്തുതന്നെ ആയാലും ജനപ്രതിനിധിയാകാന്‍ യോഗ്യത നിശ്ചയിക്കുന്നവര്‍ തന്നെ ഒരു യോഗ്യതയുമില്ലാത്തകരാകുമ്പോള്‍ ഇതും ഇതിലപ്പുറവും കേരളത്തില്‍ ഉണ്ടാകുമെന്ന് മറന്നു കൂടാ.