
രാജൻ എൻ കോബ്രഗേഡിന് ചീഫ് സെക്രട്ടറി പദവി; പട്ജോഷിക്ക് ഡിജിപി ഗ്രേഡ് നൽകും
വൈദ്യുതി ബോർഡ് ചെയർമാൻ ഡോക്ടർ രാജൻ എൻ കോബ്രഗേഡിന് ചീഫ് സെക്രട്ടറി പദവിയും സപ്ലൈകോ മാനേജിങ് ഡയറക്ടർ സൻജീബ് കുമാർ പട്ജോഷിക്ക് ഡിജിപി ഗ്രേഡും നൽകും. ചീഫ് സെക്രട്ടറി ഡോക്ടർ വി പി ജോയിയും സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തും വിരമിച്ചതിനെ തുടർന്നാണിത്.
ചീഫ് സെക്രട്ടറി പദവി ഏറ്റവും മുതിർന്ന എട്ടു ഉദ്യോഗസ്ഥർക്കാണ് നൽകുന്നത്. ചീഫ് സെക്രട്ടറി ഡോക്ടർ വി വേണുവിനു പുറമേ ശാരദാ മുരളീധരൻ (തദ്ദേശസ്വയംഭരണം), ഡോക്ടർ എ. ജയതിലക് (എക്സൈസ് നികുതി ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം), ബിശ്വനാഥ് സിൻഹ (ആഭ്യന്തരം), കെ ആർ ജ്യോതിലാൽ (പൊതുഭരണം), പുനീത് കുമാർ (ആസൂത്രണം) ഡോക്ടർ ദേവേന്ദ്രകുമാർ ദോതാവത്ത് (ഗവർണറുടെ സെക്രട്ടറി) എന്നിവർക്കാണ് ചീഫ് സെക്രട്ടറി പദവി.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ ടോമിൻ ജെ തച്ചങ്കരി, ജയിൽ മേധാവി കെ പത്മകുമാർ, സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് എന്നിവർക്കാണ് സീനിയോറിറ്റി അടിസ്ഥാനത്തിൽ ഡിജിപി ഗ്രേഡ് ഉള്ളത്. ഷേഖ് ദർവേഷിനെ സംസ്ഥാന പോലീസ് മേധാവിയായ നിയമിച്ചതോടെ സേനയുടെ തലപ്പത്ത് അദ്ദേഹമെത്തി.
ഡിജിപിമാരുടെ രണ്ട് കേഡർ തസ്തികയും രണ്ട് എക്സ് കേഡർ തസ്തികയുമാണ് ഉള്ളത്. അനിൽ കാന്ത് വിരമിച്ചതോടെ സീനിയോറിറ്റി അടിസ്ഥാനത്തിൽ പട്ജോഷി ഡിജിപി േ്രഗഡിന് അർഹനായി.