
ഓസ്ട്രേലിയയിൽ എംഡിഎംഎയും മാജിക് മഷ്റൂമും ചികിത്സയ്ക്ക്; നിയമവിധേയമാക്കുന്നു
എംഡിഎംഎയും മാജിക് മഷ്റൂമും മാനസിക രോഗ ചികിത്സയിൽ ഉപയോഗിക്കാൻ ഓസ്ട്രേലിയ അനുമതി നൽകി. ജൂലൈ ഒന്ന് മുതൽ അംഗീകൃത സൈക്യാട്രിസ്റ്റുകൾക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡർ (പിറ്റിഎസ്ഡി), വിഷാദം എന്നിവയിലൂടെ കടന്നുപോകുന്ന രോഗികൾക്ക് എംഡിഎംഎയോ മാജിക് മഷ്റൂമോ ഉപയോഗിച്ചുള്ള ചികിത്സ നല്കാമെന്ന് ഓസ്ട്രേലിയ തെറാപ്യൂട്ടിക്ക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ (ടിജിഎ) അറിയിച്ചു.
പോസ്റ്റ് ട്രോമാറ്റിക് ഡിസോഡറിലൂടെ കടന്നുപോകുന്നവർക്ക് എംഡിഎംഎയും വിഷാദരോഗികൾക്കായി മാജിക് മഷ്റൂമുമാണ് അനുവദിക്കപ്പെട്ടത്. മാജിക് മഷ്റൂമിൽ അടങ്ങിയിരിക്കുന്ന സിലോസൈബിൻ എന്ന കോമ്പൗണ്ടാണ് വിഷാദ രോഗത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. പല രോഗികളിലും ഈ ലഹരിമരുന്ന് പ്രകടമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവ നിയമവിധേയമാക്കുന്നത്.
മെഡിക്കൽ ആവശ്യങ്ങൾക്ക് മാത്രമാണ് ഇവ ഇപ്പോൾ നിയമ വിധേയമാക്കിയിരിക്കുന്നത്. ഈ ലഹരിവസ്തുക്കളുടെ ഉപയോഗവും ഫലങ്ങളും കൃത്യമായ നിരീക്ഷണത്തിലായിരിക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയയിലെ മെന്റൽ ഹെൽത്ത് റിസർച്ചർ ഡോ.മൈക്ക് മസ്കർ പറഞ്ഞത്. ഇത് ഒരു ഗെയിം ചെയ്ഞ്ചർ തന്നെയായിരിക്കുമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.