സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിച്ചു : വി.എന്‍. വാസവന്‍. ഒരു വര്‍ഷത്തിനിടയില്‍ വന്‍ മുന്നേറ്റം

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിച്ചതായി സഹകരണ മന്ത്രി വി.എന്‍. വാസവന്‍. കേസരി സ്മാരക ട്രസ്റ്റും പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയും സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനങ്ങള്‍ക്കെതിരെ പ്രചാരണങ്ങള്‍ നടക്കുന്നതിനിടയിലാണ് നിക്ഷേപ സമാഹരണ യജ്ഞം പ്രഖ്യാപിച്ചത്. ആറായിരം കോടി രൂപയായിരുന്നു ലക്ഷ്യം വച്ചത്. എന്നാല്‍ 7253 കോടി രൂപയാണ് ലഭിച്ചത്. ഇത് അഭിമാനകരമായ മുന്നേറ്റമാണ്. പൊതുവെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സഹകരണ മേഖല വലിയ കുതിച്ചു ചാട്ടം നടത്തിയിട്ടുണ്ട്. വായ്പാ രംഗത്തും നിക്ഷേപ രംഗത്തും മാത്രമല്ല വിവിധ രംഗങ്ങളില്‍ പുതിയ സംരംഭങ്ങളുമായി മുന്നോട്ട് കുതിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 17123 സ്ഥിരം നിയമനങ്ങള്‍ ഉള്‍പ്പെടെ 45,606 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.
30 യുവജന സഹകരണ സംഘങ്ങള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു. കാറ്ററിംഗ് രംഗം മുതല്‍ ഐടി രംഗം വരെയുള്ള വ്യത്യസ്തമായ മേഖലകളിലാണ് വിജയകരമായ പ്രവര്‍ത്തനങ്ങളുമായി ഈ സഹകരണ സംഘങ്ങള്‍ മുന്നേറുന്നത്. പ്രളയത്തിലും പ്രകൃതി ദുരന്തങ്ങളിലും ദുരിതം അനുഭവിക്കുന്നവര്‍ക്കായി വീട് നിര്‍മ്മിച്ചു നല്‍കുന്നതില്‍ വലിയ മുന്നേറ്റം നടത്തി. ആദ്യ ഘട്ടത്തില്‍ വീടുകള്‍ പൂര്‍ത്തിയാക്കി കൈമാറിയതിനു പുറമെ രണ്ടാം ഘട്ടം തൃശ്ശൂര്‍ ജില്ലയില്‍ ഭവന സമുച്ചയം നിര്‍മ്മിച്ചു കൈമാറുകയും ചെയ്തു. എല്ലാ ജില്ലകളിലും ഇ-കെയര്‍ ഹോം പദ്ധതി നടപ്പിലാക്കുകയാണ്. നെല്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി കോട്ടയം ആസ്ഥാനമായി പാലക്കാട് ഒഴികെയുള്ള ജില്ലകള്‍ അധികാര പരിധിയായി നിശ്ചയിച്ച് സഹകരണ സംഘം സ്ഥാപിച്ചു.
പാലക്കാട് മറ്റൊരു നെല്ല് സംഭരണ സംസ്‌കരണ വിപണന സഹകരണ സംഘം പ്രവര്‍ത്തിക്കുന്നു. അശരണരായ സഹകാരികള്‍ക്കുള്ള സഹായം നല്‍കുന്നതിനുള്ള നടപടികള്‍ സജീവമാണ്. രണ്ട് ഘട്ടങ്ങളിലായി 22000 പേര്‍ക്ക് സഹായധനം കൈമാറി. അവശരായ സഹകാരികളുടെ സഹായത്തിനായി സഹകാരിക്ക് ഒരു സാന്ത്വനം പദ്ധതിയിലൂടെ 50,000 രൂപ വരെ സഹായം നല്‍കി. മുറ്റത്തെ മുല്ല പദ്ധതിയില്‍ എല്ലാ മേഖലയിലുമായി 1272.92 കോടി രൂപ വായ്പ നല്‍കി കഴിഞ്ഞു. മത്സ്യ തൊഴിലാളികള്‍ക്കായി സ്നേഹതീരം പദ്ധതി നടപ്പിലാക്കി. കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്ന പദ്ധതിയാണ് സ്നേഹ തീരം. സഹകരണ ബാങ്കിലെ അനഭലഷണീയ പ്രവണതകള്‍ തടയുന്നതിന് ഓഡിറ്റ് സംവിധാനത്തില്‍ കാര്യമായ മാറ്റം വരുത്തി.
അക്കൗണ്ടന്‍റ് ജനറല്‍ ഓഫീസില്‍ നിന്നുള്ള ഡെപ്യൂട്ടി എ ജി റാങ്കിലുള്ള ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ഓഡിറ്റ് ഡയറക്ടേറ്റ് പ്രവര്‍ത്തിക്കുന്നു. സഹകരണ സംഘങ്ങളുടെ ആസ്തി ബാദ്ധ്യതകളും മറ്റും ഓണ്‍ ലൈന്‍ വഴി എവിടെ നിന്നും ശേഖരിക്കാന്‍ കഴിയുന്ന സംവിധാനവും ഏര്‍പ്പടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ട് നൂറു ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തിയ മുഴുവന്‍ പ്രഖ്യാപനങ്ങളും സമയ ബന്ധിതമായി നടപ്പിലാക്കാന്‍ സഹകരണ വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും മന്തരി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post ചെള്ളുപനി, പ്രത്യേക സംഘം സന്ദര്‍ശിക്കും: മന്ത്രി വീണാ ജോര്‍ജ്
Next post സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി