
സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കി തൃശ്ശൂർ പിടിക്കാൻ ബിജെപി
ലോക്സഭാ പോരാട്ടത്തിന് അരങ്ങൊരുക്കം
സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തി, തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിൽ തീപാറുന്ന പോരാട്ടം നടത്താൻ ബിജെപി. വീണ്ടും മത്സരിക്കാനില്ലെന്ന നിലപാട് ടിഎന്‍ പ്രതാപന്‍ എംപി തിരുത്തിയതോടെ രണ്ടാം അങ്കത്തിനുള്ള ഒരുക്കവും തുടങ്ങി. മുന്‍മന്ത്രി വി.എസ് സുനില്‍കുമാറിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാനായി ഇടതുമുന്നണി മുന്നില്‍ കാണുന്നത്.
പാർട്ടിക്ക് പുറത്ത് സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വോട്ട് ബാങ്കുണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ക്രിസ്ത്യൻ സഭകളുമായി രാഷ്ട്രീയമായി അടുക്കാനുള്ള നീക്കത്തിന്റെ പരീക്ഷണശാലയായും തൃശൂർ മണ്ഡലത്തെ ബിജെപി കാണുന്നുണ്ട്. അതിന് മുൻപേ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തി വോട്ടർമാർക്കിടയിൽ കൂടുതൽ ജനകീയമാക്കാനുള്ള വമ്പൻ പദ്ധതികളും പാർട്ടി ദേശീയ നേതൃത്വത്തിനുണ്ട്.
ലോക്സഭയിലേക്ക് ഇനി മത്സരിക്കാൻ ഇല്ലെന്നും നിയമസഭയാണ് താല്പര്യമെന്നും ടി എൻ പ്രതാപൻ നേരത്തെ പറഞ്ഞിരുന്നു. പരാജയ ഭീതി കാരണമെന്ന തോന്നൽ വോട്ടർമാർക്കിടയിൽ ഉണ്ടാകുമെന്ന ആശങ്ക കോൺഗ്രസ് നേതാക്കളും പങ്കുവെച്ചു. എല്ലാ സിറ്റിംഗ് എം പിമാരും മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസ് ലീഡേഴ്സ് മീറ്റിൽ ഉയർന്നത്തോടെ പ്രതാപൻ പാർട്ടിക്ക് വഴങ്ങി. എങ്കിലും പിൻവലിയാനുള്ള സാധ്യത പൂർണമായും മാറിയിട്ടുമില്ല. അങ്ങനെ വന്നാൽ വി ടി ബൽറാം ആകും കോൺഗ്രസിന്‍റെ സ്ഥാനാർഥി.
മുൻ മന്ത്രി വി എസ് സുനിൽകുമാറിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് എൽഡിഎഫ് ആലോചിക്കുന്നത്. സ്ഥാനാർഥിയായി പരിഗണനയിൽ മുന്നിൽ ഉണ്ടെങ്കിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ ഗുഡ് ലിസ്റ്റിൽ സുനിൽകുമാറിന് ഇടമില്ല. അതേസമയം പിണറായി വിജയനുമായി നല്ല ബന്ധമുള്ളതിനാൽ ഇടത് മുന്നണിയിൽ നിന്ന് സുനിൽകുമാറിനായി സമ്മർദ്ദം ഉയരും. രാജ്യസഭാംഗം ബിനോയ് വിശ്വവും സ്ഥാനാർത്ഥിയായി പരിഗണനയിലുണ്ട്.