
ഹിജാബും പര്‍ദ്ദയും വേണ്ട, രോഗിയും ഡോക്ടറും മതി
ഓപ്പറേഷന് തിയറ്ററിനുള്ളില്‍ ഹിജാബും സ്ക്രബ് ജാക്കറ്റും ഇടാന്‍ അനുവദിക്കണമെന്ന് 6 മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍
സ്വന്തം ലേഖകന്‍
ഡോക്ടര്‍മാര്‍ ദൈവത്തിന്റെ പ്രതി രൂപങ്ങളാണെന്നാണ് വെയ്പ്പ്. നഴ്സുമാര്‍ മാലാഖമാരും. ഇരു കൂട്ടരെയും സമൂഹം കാണുന്നത് ഇങ്ങനെയാണ്. ലോകത്തു തന്നെ രോഗികളുടെ ജീവന് രക്ഷിക്കാന്‍ കഴിയുന്ന ഏക മനുഷ്യര്‍ ഡോക്ടര്‍മാരാണ്. ജീവനെടുക്കാന്‍ കഴിയുന്നത് ദൈവത്തിനും. മരണത്തോട് മല്ലടിക്കുന്ന ഒരു രോഗി, രക്ഷിക്കണേ എന്ന് ഡോക്ടറോട് പറയുമ്പോള്‍ ദൈവത്തിന്റെ റോള്‍ എന്താണെന്ന് കൃത്യമായി തിരിച്ചറിയാന്‍ കഴിയുമല്ലോ. എന്നാല്‍, രോഗിയെ രക്ഷിക്കാന്‍ കത്തി കൈയ്യിലെടുക്കുന്ന ഡോക്ടര്‍ പ്രാര്‍ത്ഥിക്കുന്നത്, ദൈവത്തോടാണ്. ഇവിടെ, രോഗിയുടെ ജീവനെടുക്കാന്‍ വരുന്ന ദൈവമാണോ അതോ കുറച്ചുനാള്‍ കഴിഞ്ഞു വന്നാല്‍ മതിയെന്ന് ദൈവത്തോടു പറയുന്ന ഡോക്ടറാണോ യഥാര്‍ത്ഥ ദൈവം.

ഒരു കത്ത് എത്രത്തോളം മതാന്ധമായി എഴുതാന്‍ കഴിയുമെന്ന് കാട്ടിത്തന്നിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആറ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍. തലമറയുന്ന തരത്തില്‍ ശിരോവസ്ത്രവും നീളന്‍ കൈയുള്ള സ്ക്രബ് ജാക്കറ്റുകളും ഓപ്പറേഷന് തിയറ്ററിനുള്ളില്‍ ധരിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. 2020 എം.ബി.ബി.എസ് ബാച്ചിലെ വിദ്യാര്‍ഥിയാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ. മോറിസിന് കത്ത് നല്‍കിയിരിക്കുന്നത്. കത്തില്‍ 2018-2021-2022 ബാച്ചുകളിലെ ആറ് വിദ്യാര്‍ഥിനികള്‍ ഓപ്പിട്ടിട്ടുമുണ്ട്. ഓപ്പറേഷന് തിയറ്ററിനുള്ളില്‍ തല മറയ്ക്കാന്‍ തങ്ങളെ അനുവദിക്കാറില്ലെന്നും മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകള്‍ക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിര്‍ബന്ധമാണെന്നും കത്തില്‍ പറയുന്നു.

എന്നാല്‍, പ്രിന്‍സിപ്പല്‍ ഇതിന് മെഡിക്കല്‍ എത്തിക്സില്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. ഓപ്പറേഷന് തീയറ്ററിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങളില്‍ കൃത്യമായ ധാരണകളുണ്ട്. മുട്ട് മുതല്‍ താഴേക്ക് ഇടക്കിടെ കൈ കഴുകണം. ഈ സാഹചര്യം ഓപ്പറേഷന് റൂമുകളില്‍ സാധാരണമാണ്. ഫുള്‍ സ്ലീവ് വസ്ത്രം ധരിക്കുമ്പോള്‍ ഓപ്പറേഷന് തീയറ്ററില്‍ ചെയ്യേണ്ടുന്ന കാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകും. കൈകള്‍ ഇടക്കിടെ കഴുകേണ്ടതുണ്ട്. രോഗികളെ ശുശ്രൂഷിക്കുമ്പോള്‍ കൈകള്‍ വൃത്തിയാക്കി വെക്കണം. അല്ലാത്ത പക്ഷം അണുബാധയടക്കമുള്ള പ്രശ്നങ്ങളുണ്ടാകാനിടയുണ്ട്. ഇത്തരം കാര്യങ്ങള്‍ ഉള്ളതുകൊണ്ട് കൈകള്‍ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് ബുദ്ധിമുട്ടാകും. ആശുപത്രിയുടേയും, ഓപ്പറേഷന് റൂം ചട്ടങ്ങളും പാലിക്കേണ്ടതുണ്ട്. അന്താരാഷ്ട്രാ തലത്തില്‍ അംഗീകരിക്കപ്പെട്ട ധാരണകളാണ് ഇതിന് പിന്തുടരുന്നതെന്നുമാണ് പ്രിന്‍സിപ്പലിന്റെ മറുപടി.

ജൂണ്‍ 26നാണ് വിവിധ ബാച്ചുകളിലെ വിദ്യാര്‍ഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് ലഭിക്കുന്നത്. വിഷയം ദേശീയമാധ്യമങ്ങള്‍ വാര്‍ത്തയാക്കി. ഐ.എം.എ വിദ്യാര്‍ത്ഥിനികളുടെ ആവശ്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഓപ്പറേഷന് തീയറ്ററില്‍ മുന്‍ഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷയാണെന്നും അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഐഎംഎ പ്രതികരിച്ചു. ഇതില്‍ സര്‍ക്കാര്‍ നിലപാട് എന്തായിരിക്കുമെന്നാണ് ഇനി അറിയേണ്ടത്.

പഠിച്ചു വളരുന്ന നാളത്തെ തലമുറയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന ആശങ്ക നാള്‍ക്കു നാള് വളരുകയാണ്. ദൈവതുല്യമായ ജോലി ചെയ്യുന്നവര്‍ക്ക് എന്തിനാണ് മതചിഹ്നങ്ങള്‍. മത ചിഹ്നങ്ങള്‍ കാണിക്കാന്‍ തെരഞ്ഞെടുക്കേണ്ടത് ഓപ്പറേഷന് തിയേറ്ററല്ല. അവിടെ മതത്തിന് എന്ത് സ്ഥാനമാണുള്ളത്. ജീവനും ജീവിതത്തിനും മാത്രമല്ലേ പ്രസക്തി. അതി സൂക്ഷ്മവും, ശുദ്ധിയോടും കൂടി ചെയ്യേണ്ട ഒരു കാര്യമാണ് ഓപ്പറേഷന് തിയറ്ററില്‍ നടത്തുന്നത്.

അവിടെ, വീട്ടില്‍ നിന്നും ഇട്ടുകൊണ്ടു വരുന്ന വസ്ത്രങ്ങള്‍ പോലും ഉപയോഗിക്കില്ല. ഇത് മനസ്സിലാക്കാത്തവരല്ല മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. അമുവിമുക്തമാക്കിയ വസ്ത്രങ്ങളും, പാദരക്ഷകളുമാണ് അതിനുളളില്‍ ഉപയോഗിക്കുന്നത്. കൂടാതെ, തിയറ്ററിനുള്ളില്‍ മാത്രം ഉപയോഗിക്കുന്ന പച്ച നിറത്തിലുള്ള ഓപ്പറേഷന് ഡ്രസ്സും, കയ്യില്‍ ഗ്ലൗസ്സും, തലമുടി വീഴാതിരിക്കാന്‍ പ്രത്യേക കവറിംഗും നടത്തിയാണ് ഓപ്പറേഷന് തിയറ്ററില്‍ ഡോക്ടര്‍മാരും നഴ്സുമാരും, അറ്റന്‍ഡര്‍മാരും നില്‍ക്കുന്നത്. അവിടെ ഓരാളും മതചിഹ്നങ്ങളുള്ള വസ്ത്രങ്ങളോ വസ്തുക്കളോ ഉപയോഗിക്കുന്നില്ല.

മത ചിഹ്ന്നങ്ങള് പൊതു ഇടങ്ങളില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചാലേ, തങ്ങള്‍ ദൈവത്തിന്റെ മക്കള്‍ എന്ന് തിരിച്ചറിയൂ എന്ന വിശ്വാസം അന്ധ വിശ്വാസമാണ്. അത് ഓപ്പറേഷന് തിയറ്ററുകളിലേക്ക് കെട്ടിയെഴുന്നെള്ളിക്കരുത്. ഒരു മതത്തിനോ, ഒരു ജാതിക്കോ, ഒരു വിഭാഗത്തിനോ വേണ്ടി മാത്രം തയ്യാറാക്കിയ സ്ഥലമല്ല ഓപ്പറേഷന് തിയറ്റര്‍. അവിടെ നടക്കുന്നത് മത പ്രചാരണമോ, മത പരിവര്‍ത്തനമോ, മത പഠനമോ, മത നിന്ദയോ അല്ല. അവിടെ ഒരു മനുഷ്യ ജീവന് നിലനിര്‍ത്താന്‍ വേണ്ടിയുള്ള അതി സങ്കീര്‍ണ്ണമായ ഓപ്പറേഷനാണ് നടക്കുന്നത്. ഡിസക്ഷന്‍ ടേബിളില്‍ കിടക്കുന്ന മനുഷ്യനോ, ആ മനുഷ്യനെ കീറി മുറിക്കാന്‍ നില്ക്കുന്ന ഡോക്ടര്‍ക്കോ മത-ജാതി-വര്‍ഗ-വര്‍ണ്ണ ചിന്തകള്‍ ഉണ്ടാകില്ല. പിന്നെ എന്തിനാണ് ഇത്തരമൊരു പിശാചിന്റെ ചിന്ത ഈ കുട്ടികള്‍ക്കുള്ളില്‍ ഉണ്ടായത്.

എവിടെ നിന്നോ ഉണ്ടായ ഒരു ഗൂഢമായ തീരുമാനത്തിന്റെ ഭാഗമാണ് ഈ കത്തെന്നേ മനസ്സിലാക്കാന്‍ കഴിയൂ. ഓപ്പറേഷന് തിയറ്ററില്‍ കയറുന്ന മറ്റു ഡോക്ടര്‍മാര്‍ അവരുടെ മത ചിഹ്നങ്ങള്‍ കൊണ്ട് കയറുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും അതാകാമെന്ന് ഒരു വാദത്തിന് പറയാം. എന്നാല്‍, അങ്ങനെ ആരാധനാലയങ്ങളില്‍ കയറുന്നതു പോലെ കയറേണ്ട ഇടമല്ലത്. എന്നാല്‍, ആരാധനാലയങ്ങളില്‍ നില്ക്കുന്നവരുടെ പ്രാര്‍ത്ഥന പോലെ, ഏകാഗ്രതയോടെ വിശ്വാസങ്ങളെ മുറുകെപ്പിടിച്ച് പഠിച്ച തൊഴിലിന്റെ സര്‍വ്വതല സ്പര്‍ശനവും നല്‍കേണ്ട ഇടമാണത്.

അതിന് ദൈവീകതയാണ് വേണ്ടത്. അല്ലാതെ ദൈവങ്ങളുടെയോ മതങ്ങളുടേയോ ചിഹ്നങ്ങളല്ല. അത്തരം കപട മത പ്രചാരണങ്ങളൊന്നും അവിടെ വിലപ്പോകില്ല. എന്റെ സ്വാതന്ത്ര്യം നിന്റെ മൂക്കിന് തുമ്പില്‍ വരെയേ ഉള്ളൂവെന്നതു പോലെ, നിങ്ങളുടെ മതചിഹ്നാടയാഭരണങ്ങള് ഓപ്പറേഷന് തിയറ്റര്‍ വരെയേയുള്ളൂ. അതിനുള്ളിലേക്ക് കയറുമ്പോള്‍ ആ സ്ഥലത്തേക്കു അനുവദിച്ചിട്ടുള്ള സുരക്ഷാ-സൂക്ഷ്മ-വൃത്തിയുള്ള കവചങ്ങളാണ് വേണ്ടത്. അതാണ് മെഡിക്കല്‍ എത്തിക്സും. ഡോക്ടറേക്കാള്‍ രോഗിക്കാണ് അതിനുള്ളില്‍ പ്രധാനം. കാരണം, ഡോക്ടര്‍മാരെ വിശ്വസിച്ച് ഒരു രോഗി തന്റെ ശരീരം ഡിസക്ഷന്‍ ടേബിളില്‍ തരികയാണ്. അവിടെ ഡോക്ടറുടെ മതം നോക്കിയോ ജാതി നോക്കിയോ അല്ല രോഗി തീരുമാനമെടുക്കുന്നത്. മെഡിക്കല്‍ ടീമിനോടുള്ള വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ്.

എന്നിട്ടും, നിങ്ങള്‍ ആ രോഗിയുടെ ബന്ധുക്കളില്‍ നിന്നും എഴുതി ഒപ്പിട്ടു വാങ്ങുന്ന ഒരു സമ്മത പത്രമുണ്ട്. രോഗി മരിച്ചാല്‍ ഡോക്ടര്‍മാര്‍ക്ക് ഉത്തരവാദിത്വമില്ലായെന്ന്. അത്, നിങ്ങള്‍ക്ക് നിങ്ങളെത്്തന്നെ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ എന്നൊരു മറു ചോദ്യം പോലും ചോദിക്കാതെയാണ് രോഗിയുടെ ബന്ധുക്കള്‍ ഒപ്പിട്ടു തരുന്നത്. ഇവിടെയൊന്നും ഡോക്ടര്‍ കുഞ്ഞുങ്ങള്‍ കത്തില്‍ പറയുന്നതു പോലെ തങ്ങളുടെ മത-വസ്ത്ര ധാരണ വിശ്വാസം രോഗിയുടെ ജീവന് സംരക്ഷണം കൊടുക്കുമോ.

മതചിഹ്നങ്ങള്‍ കണ്ടാല്‍ രോഗിക്ക് ഓപ്പറേഷന് ചെയ്യാതെ തന്നെ രോഗശാന്തി ലഭിക്കുമോ. മറ്റൊരു കാര്യം, ഇതേ രീതിയില്‍ത്തന്നെ മറ്റു മതസ്ഥരായ ഡോക്ടര്‍മാര്‍ അവരുടെ മതചിഹ്ന്നങ്ങളുമായി ഓപ്പറേഷന് തിയറ്ററില്‍ പോകണമെന്ന് കത്തു കൊടുത്താല്‍ എന്തായിരിക്കും സംഭവിക്കുക. സര്‍ക്കാര്‍ ആശുപത്രികളിലെ ഓപ്പറേഷന് തിയറ്ററുകളെല്ലാം പൂജാമുറികളും പ്രാര്ത്ഥനാശാലകളുമാകില്ലേ. അവിടെ നിന്നും ഓതിയ വെള്ളവും, സാമ്പ്രാണിത്തിരിയുടെ ഗന്ധവും മാത്രമല്ലേ ഉണ്ടാവുക. ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഈ രാജ്യത്തില്‍ എല്ലാ മതസ്ഥര്‍ക്കും തങ്ങളുടെ വിശ്വാസ പ്രമാണങ്ങളുമായി ജീവിക്കാനുള്ള അവകാശമുണ്ട്. എന്നു കരുതി മതേതരത്വം എന്നത്, ഓപ്പറേഷന് തിയറ്ററിനുള്ളില്‍ ബുര്‍ഖയും, ഹിജാബും ധരിക്കലാണെന്ന് പഠിക്കരുത്. അത് തലതിരിഞ്ഞ പഠിത്തമാണെന്നേ പറയാനുള്ളൂ.