
ജനസംഖ്യ നിയന്ത്രണ നിയമം പരിഗണനയിലില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: ജനസംഖ്യ നിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ബോധവത്ക്കരണം ഉൾപ്പെടെയുള്ള മറ്റ് വഴികളിലൂടെ ജനസംഖ്യ നിയന്ത്രിക്കാൻ രാജ്യത്തിന് കഴിയുന്നുണ്ടെന്നും അതിനാൽ നിയമനിർമാണം പരിഗണനയിലില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം നൽകുന്ന സൂചന.
ജനസംഖ്യ നിയന്ത്രിക്കുന്നതിനായി നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടീൽ നേരത്തേ അറിയിച്ചിരുന്നു. ഭക്ഷ്യക്ഷാമത്തിലടക്കം പല രാജ്യങ്ങളും നീങ്ങുന്നതിന് ജനപ്പെരുപ്പം കാരണമായി ചൂണ്ടിക്കാട്ടിയാണ് മന്ത്രി നിലപാടറിയിച്ചത്. ഇതിനെ എതിർത്തുകൊണ്ട് വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. വിഷയം ദേശീയതലത്തിൽ ചർച്ചയായതോടെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് ചില നടപടികൾ സ്വീകരിക്കുന്നതിൽ ആലോചനകൾ നടക്കുന്നുവെന്ന് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ അറിയിച്ചു. നിയമനിർമാണം ആവശ്യമാണോ എന്നത് ആലോചനകൾക്ക് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ ബോധവത്ക്കരണത്തിലൂടെ ടോട്ടൽ ഫെർട്ടിലിറ്റി നിരക്ക് രണ്ട് ശതമാനത്തിലെത്തിക്കാൻ രാജ്യത്തിന് സാധിച്ചുവെന്നും അതിനാൽ നിയമം കൊണ്ടുവരുന്നത് പരിഗണനയിലില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം നൽകുന്ന സൂചന. 2016ല്‍ പ്രഹ്ളാദ് സിംഗ് പട്ടീൽ തന്നെ ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നിരുന്നു. മൂന്നാമതുണ്ടാകുന്ന കുട്ടിക്ക് സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും നല്‍കരുതെന്ന നിര്‍ദ്ദേശവുമായാണ് ബില്‍ അവതരിപ്പിച്ചത്. 2019ല്‍ രാകേഷ് സിന്‍ഹ എംപിയും ബില്‍ അവതരിപ്പിച്ചിരുന്നു.